തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ, ഫെനി എന്നിവരാണ് അറസ്റ്റിലായത്. നാലുപേർക്കെതിരെയും ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അഭി വിക്രം, ഫെനി എന്നിവരിൽ നിന്നും മൊബൈൽ ഫോണും ലാപ്ടോപ്പും അ:ന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നും 24 കാർഡുകളുടെ ഫോട്ടോ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. അത് വ്യാജമായി ഉണ്ടാക്കി തെരഞ്ഞെടുപ്പ് ഉപയോഗിച്ചു എന്നാണ് പൊലീസിന്റെ അനുമാനം. യൂത്ത് കോൺഗ്രസ് പര്വർത്തകരായ ബിനിൽ, വികാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ സ്വന്തം കയ്യിലെ ഫോൺ നശിപ്പിച്ചിരുന്നു.
അതുകൊണ്ട് ഇവർക്കെതിരെ തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൾ ചുമത്തും. നിർമ്മിച്ച വ്യാജരേഖകൾ ഇവരുടെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നതായി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം മറ്റു ചിലരും വ്യാജ ഐഡി കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട് സഹകരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ കാണിച്ച് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്.
അതേസമയം, യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ നാല് പേർ കസ്റ്റഡിയിലായതോടെ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് വിവരം. ഗ്രൂപ്പിനുള്ളിൽ നിന്നാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മത്സരിച്ചത്.