ഫ്രാൻസ് പാർലമെന്റ് രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) വൻ മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ മരീൻ ലെ പെന്നിന്റെ നാഷണൽ റാലി (ആർഎൻ) മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് പുതിയ എക്സിറ്റ്പോൾ. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എൻസെംബിൾ മുന്നണി രണ്ടാമതാകുമെന്നാണ് പ്രവചനങ്ങൾ പറയുന്നത്. ഇങ്ങനെ വന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ ഫ്രാൻസിൽ തൂക്കുപാർലമെന്റ് വരാനുള്ള സാധ്യതയും ഏറെയാണ്.
577 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടാൻ 289 സീറ്റ് ലഭിക്കണം. ഇതിൽ ഇടതുപക്ഷത്തിന് 199 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പുതിയ പ്രവചനങ്ങൾ പറയുന്നത്. എൻസെംബിൾ മുന്നണിക്ക് 169 സീറ്റും നാഷണൽ റാലി സഖ്യത്തിന് 143 സീറ്റും ലഭിക്കാം. ഇങ്ങനെ വന്നാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലാകാനുള്ള സാധ്യതയും ഏറെയാണ്.
മരീൻ ലെ പെന്നിന്റെ നേതൃത്വത്തിൽ തീവ്രവലതുപക്ഷ കക്ഷി നാഷണൽ റാലി ഭരണം പിടിച്ചെടുക്കുമെന്നാണ് ആദ്യവട്ടത്തിൽ സർവേകൾ പ്രവചിച്ചിരുന്നത്. ഇത് തടയാനായി ഇടതുപക്ഷം നയിക്കുന്ന ന്യൂ പോപ്പുലാർ ഫ്രണ്ടും മാക്രോണിന്റെ എൻസെംബിൾ മുന്നണിയും ചർച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. വോട്ട് വിഭജനം തടയാനായി പലയിടത്തും മധ്യ, ഇടത് സ്ഥാനാർഥികൾ പിന്മാറി. തൽഫലമായി, ഏറ്റവുമൊടുവിൽ പുറത്തുവന്ന സർവേകളിൽ നാഷണൽ റാലിക്ക് കുറഞ്ഞ ലീഡ് മാത്രമാണുള്ളത്.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 59.71 ശതമാനം പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. 1981ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങാണിത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യവട്ടത്തിൽ നാഷണൽ റാലിക്ക് 33.4 ശതമാനം വോട്ട് ലഭിച്ചിരുന്നു. ന്യൂ പോപ്പുലാർ ഫ്രണ്ടിന് 27.9 ശതമാനവും എൻസെംബിളിന് 20.7 ശതമാനവും ലഭിച്ചു.