കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും സാക്ഷ്യം വഹിച്ചത്.ഒറ്റരാത്രി കൊണ്ടാണ് ഒരു നാടിന്റെ തലവര പ്രകൃതി മാറ്റി മറിച്ചത്. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇരുനൂറ് കടന്നിരിക്കുകയാണ്. എന്നാൽ, പശ്ചിമഘട്ട മലനിരകൾ കിഴക്കൻ അതിരു കാക്കുന്ന സംസ്ഥാനത്ത് ഉരുൾ ദുരന്തം ഇതാദ്യമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ മാത്രം ഏകദേശം 255 ഓളം ജീവനാണ് ഉരുൾ കവർന്നത്. 2018, 2019, 2020, 2021 വർഷങ്ങളിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 182 പേർക്കാണ്. തുടർച്ചയാവുന്ന ദുരന്തങ്ങളുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ചൂരൽമല. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉരുൾ പൊട്ടൽ. ഓരോ നിമിഷവും ഉയരുന്ന മരണസംഖ്യ, കണക്കില്ലാത്ത നാശനഷ്ടങ്ങൾ, ചൂരൽമലയിൽ നിന്നുള്ള വിവരങ്ങൾ നിലയ്ക്കുന്നില്ല.
2001: അമ്പൂരി
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചയത്തിൽ 2001 നവംബറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 39 ജീവനാണ് നഷ്ടമായത്. കേരളം അന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപ്പൊട്ടലിന് സാക്ഷിയായത് 2001 നവംബർ 9നാണ്.സംഭവ ദിവസം രാത്രി 8.15ന് കുരിശുമലയുടെ അടിവാരത്ത് നിന്ന് അതിഭീകരമായി ശബ്ദം പരിവാസികൾ കേട്ടു. കുരിശുമലയുടെ അടിവാരത്തുള്ള കവലയിലെ നാലോളം വീടുകൾ മണ്ണിനടിയിലായി. പാറയും മണ്ണും കുത്തിയൊലിച്ചു വന്നുകൊണ്ടിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിനായി സജീവമായി ഇറങ്ങി. അടിവാരത്തെ കവലയായി പുച്ചമുക്കിലെ സിഡി തോമസിന്റെ വിവാഹ നിശ്ചയത്തിനെത്തിയവരായിരുന്നു മരിച്ചവരിൽ ഏറെയും. ഗൃഹനാഥൻ സിഡി തോമസ് കടുകിടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. 24 പേരാണ് തോമസിന്റെ വീട്ടിൽ നിന്ന് മാത്രം മരണപ്പെട്ടത് ഉരുൾപ്പൊട്ടൽ സാധ്യതമേഖലയായി കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചൽ എന്നിവിടങ്ങളെ സർക്കാർ പ്രഖ്യാപിച്ചു.
ഒരു മലയോര ഗ്രാമത്തം ഒന്നടക്കം ആ രാക്ഷസ ഉരുൾപ്പൊട്ടലിൽ ഞെരിഞ്ഞമർന്നു. ആറ് മണിതൊട്ട് ഇടിവെട്ടോട് കൂടിയ ശക്തമായ മഴ പെയ്യാൻ ആരംഭിച്ചു. വെറുമൊരു മഴ മാത്രമാണിതെന്നാണ് നാട്ടുകാർ കരുതിയത് എന്നാൽ അത് വളരെ വേഗത്തിൽ തന്നെ ഉഗ്രരൂപിയായി മാറി.
2001: വെണ്ണിയാനി
ഇടുക്കി തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയിൽ ഉരുൾപൊട്ടുന്നത് 2001 ജൂലായ് 9നാണ്. പുലർച്ച പെയ്ത ശക്തമായ മഴയോടൊപ്പം ഉരുൾപൊട്ടുകയായിരുന്നു. വെള്ളപാച്ചിലിൽ ആദ്യം ഇടയപ്പറമ്പിൽ ഭാസ്‌കരന്റെയും കുമാരിയുടെ വീട് തകരുകയും ഇരുവരും മരിക്കുകയും ചെയ്തു. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. അന്ന് ഉച്ചയ്ക്ക് 11.30യോടെ മലയാള മനോരമയുടെ ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ സംഭവ സ്ഥലത്തെത്തി.
എന്നാൽ പിന്നീട് ഉണ്ടായ ഉരുൾപൊട്ടലിൽ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയായിരുന്ന വിക്ടറും മരിച്ചു. നൂറോളം ആൾക്കാർ നോക്കിനിൽക്കെയാണ് ഉരുൾപൊട്ടിയത്. ഇവർ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്.
2012 : പുല്ലൂരാംപാറ
2012 ഓഗസ്റ്റ് 7നാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പുല്ലൂരാംപാറ മഞ്ഞവെയിൽ ഭാഗങ്ങളിൽ ഉരുൾപൊട്ടുന്നത്. 8 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. വാസസ്ഥലങ്ങൾക്കും കൃഷിയിടങ്ങൾക്കും വലിയനാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദിവസങ്ങളായി നിർത്താതെ പെയ്ത മഴയായിരുന്നു അന്നത്തെ ഉരുൾപ്പൊട്ടലിന് കാരണമായതെന്നാണ് കണ്ടെത്തൽ
2018 : കട്ടിപ്പാറ
2018 ജൂൺ 14നാണ് കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടുന്നത്. 14ന് പുലർച്ചെയുണ്ടായ ദുരന്തത്തിൽ 14 പേരാണ് മരിച്ചത്. 5 വീടുകൾ പൂർണമായി നശിക്കുകയും 33 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. ഉരുൾപ്പൊട്ടലിനെ തുടർന്ന് സമീപ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അഞ്ചോളം പഞ്ചായത്തുകൾ വെള്ളത്തിലാവുകയും ചെയ്തു. ഏഴ് ദിവസമാണ് രക്ഷാപ്രവർത്തനം നീണ്ടുനിന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമായിട്ടാണ് കട്ടിപ്പാറ ഉരുൾപൊട്ടലിനെ കണക്കാക്കുന്നത്. പ്രദേശത്തെ അനധികൃതമായി നടത്തിയിരുന്ന നിർമാണ പ്രവർത്തനങ്ങൾ, ക്വാറി, അശാസ്ത്രീയ ജലസംഭരണി എന്നിവയെല്ലാമാണ് ഉരുൾപൊട്ടലിന് കാരണമായതെന്നാണ് കണ്ടെത്തൽ
2019 : കവളപ്പാറ
59 പേരുടെ ജീവനാണെടുത്ത മലപ്പുറത്തെ കവളപ്പാറയിൽ ദുരന്തം 2019 ഓഗസ്റ്റ് എട്ടിനാണ് സംഭവിച്ചത്. ഇതിൽ 11 പേരെ കണ്ടെത്താനായില്ല.രാത്രി എട്ടോടെയാണ് ദുരന്തമുണ്ടാവുന്നത്. കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപ്പൊട്ടി താഴ്‌വാരത്തെ 45 വീടുകൾ മണ്ണിനടിയിലായി. ഇരുപത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് 48 മൃതദേഹങ്ങൾ കണ്ടെടുത്തത്. 12 പേരുടെ മൃതദേഹങ്ങൾ ഇന്നും കണ്ടുകിട്ടിയിട്ടില്ല.
കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ഇതേ ദുരന്തം നടന്ന ദിവസം സമീപപ്രദേശത്തെ പാതാറിലും നാശം സംഭവിച്ചു. അതിഭീകരമായ ഉരുൾപൊട്ടലിൽ ഈ നാട് തന്നെ അപ്രത്യക്ഷമായി. എന്നാൽ, ഭാഗ്യവശാൽ ഇവിടെ ആളപായമുണ്ടായില്ല. മുത്തപ്പൻ കുന്നിലെ കവളപ്പാറ കോളനിയിലെ 32 വീടുകളടക്കം നൂറ്റിയറുപതോളം കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകി. ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ മാറിത്താമസിക്കാൻ പറഞ്ഞ കുടുംബങ്ങൾക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകി പുനരധിവാസം സാധ്യതമാക്കിയത്
2019 : പുത്തുമല
2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ പുത്തുമലയിലെയും സമീപപ്രദേശമായ പച്ചക്കാടിലെയും 17 പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ചുപേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. പച്ചക്കാടിലെ കുന്നിൻമുകളിൽ നിന്നാണ് ഉരുൾപ്പൊട്ടിയത്. ഇവരിൽ കന്നൻകാടൻ അബൂബക്കർ, പൂത്രത്തൊടിയിൽ ഹംസ, നാച്ചി വീട്ടിൽ അവറാൻ, എടക്കണ്ടൻ നബീസ, എസ്റ്റേറ്റ് തൊഴിലാളി അണ്ണയ്യ എന്നിവരെ കണ്ടെത്താനായിട്ടില്ല. നിനച്ചിരിക്കാതെ കൺവെട്ടത്തുനിന്ന് മറഞ്ഞവരെ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യകർമങ്ങൾ ചെയ്യാനോ ബന്ധുക്കൾക്ക് യോഗമുണ്ടായില്ല.
65 ഓളം വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണമായും തകർന്നത്. മനുഷ്യവാസയോഗ്യമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഇവിടെ ഇതുവരെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടില്ല. പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലും താമസക്കാർ കുറവാണ്.16 പാടികളുണ്ടായിരുന്നതിൽ ഒരെണ്ണം ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയിരുന്നു. അഞ്ചെണ്ണം ഉപയോഗയോഗ്യമല്ലാതായി. അതിഥിതൊഴിലാളികളുടേതടക്കം പത്ത് പാടികളിൽമാത്രമാണ് താമസമുള്ളത്.
2020 : പെട്ടിമുടി
2020 ഓഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്കുമീതെ ദുരന്തം ഉരുൾപൊട്ടിയെത്തിയത്. നിമിഷനേരംകൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. കൂറ്റൻ പാറക്കല്ലുകളും വന്നുവീണു. ജോലി കഴിഞ്ഞുവന്ന ക്ഷീണത്തിൽ മിക്കവരും ഉറക്കംപിടിച്ചിരുന്നു.ക്ഷണനേരം കൊണ്ട് അവർ മണ്ണിൽ പൂണ്ടുപോയി. വാർത്താവിനിമയ സംവിധാനങ്ങളുടെ കുറവുകാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. പിന്നെ കണ്ടത് സംസ്ഥാനം സമയം വെെകിയതുകൊണ്ട് ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. അവസാനം നാലുപേരെ ഒഴികെ ബാക്കി 66 പേരെ കണ്ടെത്തി. പരമാവധി ശ്രമിച്ചിട്ടും ആ നാലുപേർ കാണാമറയത്തുതന്നെ നിന്നു. ഇവരെ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവ് ഇറങ്ങി.പോലീസ്, എൻ.ഡി.ആർ.എഫ്., അഗ്‌നിരക്ഷാസേന, പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2021 : കൂട്ടിക്കൽ
2021 ഒക്ടോബർ 16ന് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർഥി പ്രദേശമായ കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 13 ജീവനുകളാണ് നഷ്ടപ്പെട്ടത്. ആ ശനിയാഴ്ച്ച പകൽ ഇടവിടാതെ മഴപെയ്യാനായി ആരംഭിച്ചു. സാധാരണ മഴയിൽ നിന്ന് ആരംഭിച്ചത് പിന്നിട് സർവശാന്തയും കൈവെടിഞ്ഞ് സംഹാരതാണ്ഡവം ആടിതിമിർക്കാൻ ആരംഭിച്ചു. ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരന്തത്തിൽ ഒറ്റയടിക്ക് മരണപ്പെട്ടത്.