ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ അടിസ്ഥാനമായിരുന്ന നിയമ വ്യവസ്ഥയെയും പരസ്യമായി തകർത്തെറിഞ്ഞ കാവി ഭീകരതക്ക് ഇന്ന് 32 വയസ്സ്. ഹിന്ദുത്വ ഫാസിസത്തിന്റെ ആവേശത്തള്ളിച്ചയിൽ, വർഗീയത ഉറപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 400 വർഷം പഴക്കമുള്ള ഒരു ചരിത്രസ്മാരകത്തെയാണ് അന്ന് സംഘ പരിവാർ ഭീകരർ നാമാവശേഷമാക്കിയത്.
രാജ്യത്തിന്റെ ഭരണ ഘടന ദത്തമായ മൗലികാവകാശങ്ങളെ കാറ്റിൽ പറത്തി ആർ എസ് എസിന്റെ വർഗീയ അജണ്ടക്ക് രാജ്യം ഭരിക്കുന്ന ഭരണ കൂടവും നിയമ സംവിധാനവും ഒത്താശ ചെയ്തതിന്റെ അനന്തര ഫലമായിരുന്നു ബാബരി ധ്വംസനം.ഒരു സമുദായത്തിന്റെ ആരാധനാലയം എന്നതിലുപരി രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തെയാണ് ഫാസിസ്റ്റ് ഭീകരർ അന്ന് ആർപ്പു വിളികളോടെ നിർമ്മാർജനം ചെയ്തത്.

1885-ല്‍ മഹന്ത് രഘുബര്‍ ദാസ് എന്നയാളാണ് അയോധ്യയില്‍ ബാബര്‍ തന്റെ മന്ത്രിയായ മീര്‍ ബാഖിയുടെ മേല്‍നോട്ടത്തില്‍ 1528-ല്‍ പണികഴിപ്പിച്ച പള്ളിയുടെ ചുറ്റുപ്രദേശം രാമ ജന്മഭൂമിയാണെന്നും അവിടെ ഒരു ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടു കൊണ്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്.
ഹിന്ദു ദേശീയതയെന്ന വികാരമിളക്കി വിട്ട് കൊണ്ട് ഇന്‍ഡ്യയെ പിതൃഭൂമിയും പുണ്യഭൂമിയും ആയി കാണാനും ഉള്‍ക്കൊള്ളാനും കഴിയുന്നവർക്ക് മാത്രമേ ഇവിടെ ജീവിക്കാനവകാശമുള്ളൂ എന്ന സംഘ പരിവാർ പ്രചാരണത്തിന്റെ തുടർച്ചയായിരുന്നു അത്. എന്നാല്‍ ഈ വാദം അടിസ്ഥാനരഹിതവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി തള്ളുകയാണ് ചെയ്തത്. തുടർന്ന് ഏതാണ്ട് കെട്ടടങ്ങിയ വിവാദം 1940-കളിലാണ് സംഘ പരിവാർ കേന്ദ്രങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
1949 ഡിസംബര്‍ 22-ന് രാത്രി ബാബരി മസ്ജിദിന്റെ കതക് കുത്തിത്തുറന്ന് രാമവിഗ്രഹം പള്ളിക്കുള്ളില്‍ പ്രതിഷ്ഠിക്കുകയും വിഗ്രഹം സ്വയം ഭൂവായതാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഹിന്ദു വികാരം ആളിക്കത്തിക്കുകയും ചെയ്തു. അയോധ്യയിൽ ശ്രീരാമ വിഗ്രഹങ്ങൾ സ്വയംഭൂവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി വല്ലഭ് പന്തിനോട് വിഗ്രഹങ്ങൾ സരയു നദിയിലേക്ക് ഒഴുക്കാനാണ് അന്ന് നെഹ്റു നിർദ്ദേശിച്ചത്.

എന്നാൽ ജവഹർലാൽ നെഹ്‌റുവിന്റെ ഉപദേശം വല്ലഭ് പന്ത് കേട്ടില്ലെന്ന് മാത്രമല്ല മസ്ജിദിനുള്ളിൽ പൂജ നടത്തുവാനുള്ള സകല സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. 1986 ഫെബ്രുവരിയിൽ പൂട്ടി ക്കിടന്ന ബാബരി മസ്ജിദ് തുറന്ന് കൊടുത്തതും 1989 നവംബർ 9ന് ശിലാന്യാസം നടത്തിയതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്നോർക്കണം.
അപ്രകാരം സംഘ പരിവാർ ഹിഡൻ അജണ്ട ബാബറി മസ്ജിദ്-‐രാമജന്മഭൂമി തർക്കമുയർത്തിയ സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകളിലൂടെ പ്രയാണമാരംഭിച്ച കാലഘട്ടത്തിൽ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് നൽകിയ പിന്തുണയിലാണ് ബാബരി മസ്ജിദ് 1992 ൽ ഹിന്ദുത്വ ഭീകരർ തകർക്കുന്നത്. ഏറ്റവും ഒടുവിൽ മസ്ജിദിന്റെ തകർച്ചക്ക് ശേഷവും അയോധ്യയില്‍ ബിജെപിയുടെ അജന്‍ഡകള്‍ക്ക് കീഴടങ്ങുകയാണ് കോൺഗ്രസ്.
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷേത്രനിർമാണസമിതിയുടെ ക്ഷണം സ്വീകരിക്കുന്നതിൽ പോലും കോൺഗ്രസിൽ ഭിന്നാഭിപ്രായം ആയിരുന്നുവെന്നോർക്കണം. രാജ്യം ഭരിക്കുന്ന മോദി സർക്കാർ വ്യാജ പ്രചാരണങ്ങളിലൂടെ ഇന്നും വിവിധ പ്രദേശങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തകർക്കാനുള്ള ഗൂഢാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഉത്തർ പ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദിന് മേൽ അവകാശ വാദമുന്നയിക്കുകയും ഇവിടെ സർവേ നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച നഈം, ബിലാൽ, നുഅ്മാൻ എന്നീ യുവാക്കളെ വെടിവെച്ച് കൊല്ലുകയും ചെയ്ത് കൊണ്ട് വിവേചനങ്ങളെയും വിദ്വേഷത്തെയും ആസൂത്രിതമായിത്തന്നെ വളർത്തുകയാണ് ബിജെപി.

ആരാധനാലയങ്ങളെ ആയുധമാക്കിയുള്ള ആർ എസ് എസിന്റെ വർഗീയ ധ്രുവീകരണം തന്നെയാണ് മധുര ശാഹി ഈദ്ഗാഹിന്റെയും വാരാണസി ഗ്യാൻവ്യാപി മസ്ജിദിന്റെയും വിഷയത്തിൽ കാണാൻ കഴിയുന്നത്. ഏറ്റവും ഒടുവിൽ അജ്മീർ ദർഗ നിർമിച്ചത് ഹിന്ദുക്ഷേത്രത്തിന്റെ സ്ഥലത്താണെന്നവകാശപ്പെട്ട് കൊണ്ട് ഹിന്ദുസേന നൽകിയ പരാതിയിലും മറ നീക്കി പുറത്തു വരുന്നത് സംഘ ഭരണകൂടത്തിന്റെ വംശീയ ഭീകരത തന്നെയാണ്.
മതേതര ഇന്ത്യയുടെ തീരാ കളങ്കമാണ് ബാബരി മസ്ജിദ്. ചരിത്ര സത്യങ്ങളെ തമസ്കരിച്ച് ഭരണ കൂടങ്ങളെ പോലും വരുതിയിലാക്കി രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കുകയെന്ന സംഘ പരിവാറിന്റെ കുടില തന്ത്രം. സങ്കുചിത നേട്ടങ്ങൾക്കായി സൃഷ്ടിക്കുന്ന വർഗ്ഗീയ വിഭജനങ്ങളിലൂടെ ബഹുജനങ്ങളുടെ ഐക്യത്തെ തകർത്ത് കൊണ്ടുള്ള വർഗ്ഗീയ ശക്തികളുടെ മതഭ്രാന്തിൻ്റെ നികൃഷ്ട രാഷ്ട്രീയത്തിന്റെ ഇര. അതെ, ബാബരി യുടെ ഓർമ്മകൾക്ക് മരണമില്ല, മരിക്കയുമില്ല.