തിരുവനന്തപുരം: അടിക്കടി ഇന്ധന വില വർദ്ധിപ്പിക്കുന്നത് സാധാരണ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജിപിഒക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധന ഓരോ പൗരന്റെയും ജീവിതം ദുസ്സഹമാക്കിതീർത്തു.
ലോകകമ്പോളങ്ങളിൽ ക്രൂഡോയിൽ വില താഴോട്ടു പോകുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ചുമത്തി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്.കോർപറേറ്റ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കാൻ ജനങ്ങളെ വിട്ടുകൊടുക്കുന്ന സമ്പ്രദായമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ഇന്ധന വിലവർദ്ധനവിന്റെ കൂടുതൽ ഗുണം സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന ചിലരുടെ ധാരണ തെറ്റാണ്. കേന്ദ്രസർക്കാരിന്റെ ഖജനാവിലേക്കാണ് പണം പോകുന്നത്. ഇത്തരത്തിൽ കൊള്ളയടിച്ച് പണം കൊണ്ട് പോകുമ്പോൾ അത് ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കേന്ദ്രസർക്കാർ ചിന്തിക്കുന്നില്ല. ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണേണ്ട കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മണ്ണെണ്ണ വിലവർദ്ധനവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. കേരളത്തിന് അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ അളവ് കേന്ദ്രം വെട്ടിക്കുറക്കുകയാണ് ചെയ്തത്. കേരളത്തിന് അനുവദിച്ച ഒരു കിലോലിറ്റർ മണ്ണെണ്ണ പോലും എടുക്കാതിരുന്നിട്ടില്ല. അത് പരിപൂർണമായി എടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും അർഹരായവർക്കും നൽകുന്ന സംവിധാനമാണ് കേരളത്തിലെ സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ആരോഗ്യ സംരക്ഷണ രംഗത്തെ തകർക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ 800 ലധികം മരുന്നുകളുടെ വില വർദ്ധിപ്പിച്ചത്. ഒരു വിധത്തിലും മനുഷ്യരെ ജീവിക്കാൻ സമ്മതിക്കാത്ത ഭരണമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കാനം പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരൻ അധ്യക്ഷത വഹിച്ചു.