തൃശൂര്‍: മഹാത്മാഗാന്ധിയുടെ നേരവകാശികളായി സ്വയംപ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഗാന്ധിജിയുടെ എന്ത് പാരമ്പര്യമാണ് അവകാശപ്പെടാനുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചോദിച്ചു. എഐവൈഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ എം പി യായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഐസിസി സംഘടനാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആ സ്ഥാനം രാജിവെച്ച് ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുകയാണ് ചെയ്തത്.
എന്തിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത് ? രാജിവെച്ച രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടുവാണ് വിജയിച്ചത്. ബിജെപി നേതാവിന്റെ വിജയം എളുപ്പമാക്കാനാണ് വേണുഗോപാല്‍ അത് ചെയ്തത് എന്ന് വ്യക്തമാണ്. അതോടെ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കൂടുന്ന സ്ഥിതി സംജാതമായി. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്തിന്റെ തെളിവാണിത്. മഹാത്മാഗാന്ധി തെളിച്ച മാനവികതയുടെ മഹാവെളിച്ചം അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തെ യുവജനങ്ങള്‍ക്കാണ് എന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ അഡ്വ. വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ എക്‌സി.അംഗം ടി പ്രദീപ് കുമാര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സിജോ പൊറത്തൂര്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി കെ വിനീഷ്, കനിഷ്‌കന്‍ വല്ലൂര്‍, ടി പി സുനില്‍ എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വാഗതവും എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി ലിനി ഷാജി നന്ദിയും പറഞ്ഞു.