ന്യൂഡൽഹി: സബർമതി ആശ്രമം പുനർനിർമ്മിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാത്മ ഗാന്ധിയുടെ ചെറുമകൻ നൽകിയ ഹർജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. സർക്കാരിനെതിരെ സമർപ്പിച്ച ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിയെ ചോദ്യചെയ്താണ് ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചത്. അടിയന്തിര ഇടപെടൽ വേണമെന്ന് മുതിർന്ന അഭിഭാഷകനായ ഇന്ദിര ജെയ്സിങ്ങ് അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഈ നടപിടി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വാദം കേൾക്കുന്നതിനായി വിഷയം ഏപ്രിൽ ഒന്നിനു പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.
1917 മുതൽ 1930 വരെ മഹാത്മാ ഗാന്ധി താമസിച്ചിരുന്ന ആശ്രമമാണ് സബർമതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 1200 കോടി രൂപയാണ് സബർമതി ആശ്രമം പുതുക്കിപ്പണിയുന്ന പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. എന്നാൽ ഈ പദ്ധതി സബർമതി ആശ്രമത്തിന്റെ ഭൗതിക ഘടനയിൽ മാറ്റം വരുത്തുമെന്നും അത് ഗാന്ധിജി അനുവർത്തിച്ചു പോന്നിരുന്ന പ്രത്യയശാസ്ത്രത്തിനും ആദ്ദേഹത്തിന്റെ ജീവിതം കൊണ്ട് പകർന്നു തന്നിട്ടുള്ള ആശയങ്ങൾക്കും ലാളിത്യത്തിനും കോട്ടം സൃഷ്ടിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും കൈക്കൊണ്ടിരിക്കുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കി. ഇത്തരം പദ്ധതികളുടെ പേരിൽ അമിതമായി സർക്കാരിടപെടലുകൾ ആശ്രമത്തിന്മേലുണ്ടായാൽ അവിടെ നശിക്കുന്നത് ഗാന്ധി അനുവർത്തിച്ചു പോന്നിരുന്ന ധാർമികതയാണെന്ന് തുഷാർ ആശങ്ക പ്രകടിപ്പിച്ചു.
പ്രധാന ആശ്രമം സ്ഥിതിചെയ്യുന്ന ഒരേക്കർ സ്ഥലത്ത് ആശ്രമത്തിന്റെ പ്രവർത്തികൾക്ക് തടസം സൃഷ്ടിക്കുന്ന ഒരു പ്രവർത്തനവും ചെയ്യില്ലെന്നു ഗുജറാത്ത് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആശ്രമം ആതേപടി നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തുഷാർ നൽകിയ ഹർജി തള്ളിയത്.
സബർമതി ആശ്രമത്തിൽ ഗാന്ധി പകർന്നു തന്നിട്ടുള്ള പരിശുദ്ധി ഒരേക്കർ സ്ഥലത്തുമാത്രം ഒതുങ്ങുന്നതല്ലെന്നും അത് സബർമതിയുടെ കരയാകെ വ്യാപിച്ചു കിടക്കുന്നതാണെന്നും തുഷാർ അഭിപ്രായപ്പെട്ടു.
ഈ ഭൂമി പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുകയും ഗാന്ധിജിയുടെ ജീവിത ദൗത്യത്തിന്റെ സ്മാരകമായി നിലകൊള്ളുകയും ചെയ്യുന്നു. അത് മാത്രമല്ല ഈ ഭൂമി മുഴുവൻ ഗാന്ധിജിയുടെ അതേ കാലത്ത് സബർമതി ആശ്രമത്തിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ പിൻഗാമികളുമുണ്ടായിരുന്നു. എന്നാൽ ഇത്തരം വികസന പദ്ധതികളുടെ പേരിൽ ഗാന്ധിക്കൊപ്പം നിന്നിരുന്നവരുടെ തലമുറക്കാരെ വേരോടെ പിഴുതെറിയാനാണ് സർക്കാർ ശ്രമിച്ചതെന്ന് തുഷാർ പറഞ്ഞു. സബർമതി ആശ്രമവും അതിനോട് ചേർന്ന പ്രദേശവും ഹരിജൻ സേവക് സംഘിന് പതിച്ചു നൽകിയിരുന്നതാണ്. എന്നാൽ പിന്നീട് ഈ രേഖകളെല്ലാം ലംഘിച്ചുകൊണ്ടാണ് സർക്കാരുകൾ സബർമതിയെ പുനർ നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഹാത്മ ഗാന്ധി ജീവിച്ചിരുന്ന ആശ്രമം വികസിപ്പിക്കുന്നതിനായി 1200 കോടി രൂപയാണ് ഗാന്ധി ആശ്രമ സ്മാരകവും പരിസര വികസനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വകയിരുത്തിയിരിക്കുന്നത്.
നിലവിലുള്ള 5 ഏക്കറിൽ നിന്ന് ആശ്രമത്തോട് ചേർന്നുള്ള 55 ഏക്കർ ഏറ്റെടുത്തു അവടത്തെ പൈതൃക കെട്ടിടങ്ങളുൾപ്പെടെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് ലളിത ജീവിതം നയിക്കാൻ രാജ്യത്തിനു മാതൃക പകർന്നേകിയ ഗാന്ധീയൻ ആദർശങ്ങളെ എല്ലാം വെല്ലുവിളിക്കുന്ന വിധത്തിലുള്ള സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.