തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടിൽ പിടിയിൽ. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിൻറെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു.
പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിൻറെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മിൽ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മിൽ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.