ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിലേക്ക് കടക്കുമ്പോൾ പ്രസ്ഥാനത്തെ നയിച്ച കരുത്തരായ ജനറൽ സെക്രട്ടറിമാരെ കുറിച്ചറിയാം.
എസ് വി ഘാട്ടെ
സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയുമായിരുന്നു സച്ചിദാനന്ദ് വിഷ്ണു ഘാട്ടെ എന്ന എസ്.വി ഘാട്ടെ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പല സംഘടനകളേയും ഒരുമിപ്പിച്ച് കാൺപൂരിൽ വച്ച് നടത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യത്തെ സമ്മേളനത്തിലാണ് എസ്.വി ഘാട്ടെയെ പാർട്ടിയുടെ ദേശീയ മുഖമായി തെരഞ്ഞെടുത്തത്.
1925 ഡിസംബറിൽ കാൺപൂരിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സമ്മേളനത്തിൽ പാർട്ടിക്ക് അനുയോജ്യമായ പേര് സംബന്ധിച്ച് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. പാർട്ടിക്ക് ‘ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി’ എന്ന് പേരിടുമെന്ന് ആ പാർട്ടി സമ്മേളനത്തിനു നേതൃത്വം നൽകിയ സത്യഭക്ത ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടപ്പോൾ, മറ്റ് നേതാക്കളായ എസ് വി ഘാട്ടെ, കെ എൻ ജോഗ്ലേക്കർ, ആർ.എസ്.നിംബ്കർ മുതലായ നേതാക്കൾ ഈ രാജ്യത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ആശയം വരുന്ന പേരാണ് തെരഞ്ഞെടുക്കേണ്ടെതെന്ന് വ്യക്തമാക്കി. അതിനാൽ പാർട്ടിയെ ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ’ എന്ന് വിളിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്കുൾപ്പെടെ മുന്നിൽ നിന്ന് പോരാട്ടങ്ങളെ നയിച്ച പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യക്ക് ആ പേര് ലഭിക്കുന്നത്. 1925 ഡിസംബർ 26-ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കുകയും ഘാട്ടെയെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എഐടിയുസി) ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റായി ഘാട്ടെ മാറി. എഐടിയുസിയിലേക്കുള്ള ഘാട്ടെയുടെ പ്രവേശനത്തിലൂടെ സംഘടനയുടെ തത്ത്വചിന്തയിലുൾപ്പെടെ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനായി. ക്രമേണ, കമ്മ്യൂണിസ്റ്റ് വിഭാഗം എഐടിയുസിയുടെ മേൽ കൂടുതൽ സ്വാധീനം നേടുകയും തങ്ങളുടെ പ്രത്യയശാസ്ത്രത്തിലേക്ക് അതിനെ പുനഃക്രമീകരിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1929 മീററ്റ് ഗൂഢാലോചന കേസിൽ അദ്ദേഹത്തെ ബ്രിട്ടീഷ് ഗവർണമെന്റ് ജയിലിലടച്ചു.
ഡോ. ഗംഗാധർ അധികാരി
മാർക്‌സിസ്റ്റ് സൈദ്ധാന്തികനും പ്രഗത്ഭനായ എഴുത്തുകാരനുമായിരുന്നു ഡോ. ഗംഗാധർ അധികാരി. ബെർലിനിൽ വച്ച് രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ അദ്ദേഹം പല പ്രഗത്ഭ ശാസ്ത്രജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഘാട്ടെ ജയിലിലായതിനു പിന്നാലെ പാർട്ടി അടിയന്തിര യോഗം ചേർന്നാണ് ഗംഗാധർ അധികാരിയെ സിപിഐ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അക്കാലത്ത് പാർട്ടിയുടെ ഏകീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചത് അധികാരിയായിരുന്നു.
മീററ്റ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അദ്ദേഹവും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അധികാരിക്കെതിരായ മീററ്റ് ഗൂഢാലോചന കേസ് പിൻവലിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കണമെന്ന് കാണിച്ച് ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഐൻസ്റ്റിൻ അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായ റാംസെ മക്‌ഡൊണാൾഡിന് തുറന്ന കത്തെഴുതുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഡോ അധികാരിയെ ബ്രിട്ടീഷ് സർക്കാർ 1933 മാർച്ചിൽ അദ്ദേഹത്തെ മോചിപ്പിക്കുന്നത്. 1937 ഫെബ്രുവരിയിൽ അജോയ് ഘോഷിന്റെ സഹായത്തോടെ അദ്ദേഹം ബീജാപൂരിൽ നിന്ന് കൽക്കത്തയിലെത്തി. അവിടെ അദ്ദേഹം സിപിഐ മാനിഫെസ്റ്റോ തയ്യാറാക്കി. കോൺഗ്രസിന്റെ ഫൈസ്പൂർ സമ്മേളനത്തിൽ ‘ഗെദറിംഗ് സ്റ്റോം’ എന്ന പേരിൽ സിപിഐയുടെ മാനിഫെസ്റ്റോ അദ്ദേഹം വിതരണം ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് അതിനേ വരും തലമുറക്ക് പകർന്നു നൽകുകയും ചെയ്ത വ്യക്തിയാണ് അധികാരി. തന്റെ ജീവിതം മുഴുവൻ പാർട്ടിക്കായും ഗവേഷണങ്ങൾക്കായും മാറ്റിവച്ച വ്യക്തിയായിരുന്നു ഡോ. ഗംഗാധർ അധികാരി.
പൂർണ്ണ ചന്ദ്ര ജോഷി
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി (ജനനം ഏപ്രിൽ 14, 1907- മരണം നവംബർ 9, 1980). ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു.
മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട് ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. 1935 അവസാനത്തോടെ ജോഷി പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ ഇന്ത്യാ കിസാൻ സഭ, ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്നീ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ജവഹർലാൽ നെഹറു സർവ്വകലാശാലയിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്ന പ്രൊജക്ടിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 നവംബർ 9 ന് അന്തരിച്ചു.
ബാലചന്ദ്ര ത്രയംബക് രണദിവെ
ഒരു സാമ്പത്തിക ശാസ്ത്ര പ്രൊഫസറോ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനോ ആവേണ്ടിയിരുന്ന ബിടിആർ പക്ഷേ, അവയെല്ലാം തള്ളിക്കളഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി. 1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിലാണ് സിപിഐ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.
ചന്ദ്ര രാജേശ്വര റാവു
28 വർഷം സിപിഐ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് ചന്ദ്ര രാജേശ്വര റാവു.1950 മുതൽ 1951 വരെയും 1964 മുതൽ 1990വരെയും രണ്ട് തവണ അദ്ദേഹം ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് വീക്ഷണത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളും സമാധാന പ്രസ്ഥാനങ്ങളും മുന്നോട്ടു കൊണ്ടുപോയതിന് രാജേശ്വര റാവുവിനെ സോവിയറ്റ് യൂണിയൻ ‘ഓർഡർ ഓഫ് ലെനിൻ’ അവാർഡ് നൽകി ആദരിച്ചിരുന്നു.
അജോയ് കുമാർ ഘോഷ്
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റു റിപ്പബ്ലിക്ക് അസോസിയേഷൻ നേതാവായ ഭഗത് സിങ്ങുമായിയുണ്ടായ അടുപ്പത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് അദ്ദേഹം കടന്നു വരുന്നത്. ലാഹോർ ഗൂഢാലോചനക്കേസിനെത്തുടർന്ന് അജോയ് കുമാർ ജയിലിലടയ്ക്കപ്പെട്ടു. 1928 മുതൽ 30 വരെ ജയിൽവാസം അനുഭവിച്ചു. കേസിന്റെ വിധി അനുസരിച്ച് ഭഗത് സിങ്ങുൾപ്പെടെ മൂന്നുപേരെ തൂക്കിലേറ്റി. ശരിയായ തെളിവില്ലാത്ത കാരണത്താൽ ഇദ്ദേഹത്തെ വെറുതെ വിട്ടു.
ജയിൽ മോചിതനായ അദ്ദേഹം പിന്നീട് കാൺപൂരിലെത്തി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായി പങ്കുവഹിക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റു പാർട്ടിയെ നിരോധിച്ചതോടു കൂടി അജോയ് കുമാർ ഒളിവിലായി. 1937-ൽ കാൺപൂരിലെ 6 ലക്ഷത്തിൽപരം മിൽതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരം അദ്ദേഹത്തിന്റെ ജനസമിതി വിളിച്ചോതുന്നവയായിരുന്നു. മാർക്‌സിസത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചിരുന്ന അജോയ് കുമാറിനെ 1940-ൽ അറസ്റ്റുചെയ്തു സിയോലി ജയിലിൽ പാർപ്പിച്ചു. രാഷ്ട്രീയതടവുകാരോടുള്ള ഗവൺമെന്റിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഇദ്ദേഹം ജയിലിൽ നിരാഹാരസമരം അനുഷ്ഠിച്ചു. പൊതുജനസമ്മർദം മൂലം 1942-ൽ ഇദ്ദേഹം ജയിലിൽനിന്നും മോചിപ്പിക്കപ്പെട്ടു. ക്ഷയരോഗബാധിതനായെങ്കിലും അതൊന്നും വകവയ്ക്കാതെ ഇദ്ദേഹം വീണ്ടും തൊഴിലാളി രംഗത്ത് സജീവപ്രവർത്തനം തുടർന്നു.
1951 ഒക്ടോബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1957-ലും 1960-ലും മോസ്‌കോയിൽവച്ചു നടന്ന കമ്മ്യൂണിസ്റ്റു പാർട്ടി സമ്മേളനങ്ങളിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചത് അജയ്കുമാറാണ്. 1962-ൽ ബീഹാറിലുണ്ടായ ലഹളയൊതുക്കാൻ ഇദ്ദേഹം പരിശ്രമിച്ചു. രോഗം വീണ്ടും വർധിച്ചപ്പോൾ ഇദ്ദേഹത്തെ ഡൽഹിയിൽ ഒരു നേഴ്‌സിങ്‌ഹോമിൽ ചികിത്സാർഥം പ്രവേശിപ്പിച്ചു. അവിടെവച്ച് 1962 ജനുവരി 13-ന് അജയ്കുമാർ അന്തരിച്ചു.
എസ് എ ഡാങ്കെ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിൽ പ്രമുഖനാണ് ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ. ഡാങ്കെ.ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെയും സമുന്നതനായ നേതാവും ഉജ്ജ്വല വാഗ്മിയും മികച്ച പാർലമെന്റേറിയനുമായിരുന്നു ഡാങ്കെ. 1962 മുതൽ 1978 വരെ സി.പി.ഐ.യുടെ ചെയർമാനായിരുന്നു ഡാങ്കെ. എ.ഐ.ടി.യു.സി.യുടെ സ്ഥാപക നേതാക്കളിലൊരാളായ എസ്.എ. ഡാങ്കേയാണ്ഏറ്റവും ദീർഘകാലം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചത്.
ഇ എം ശങ്കരൻ നമ്പൂതിരപ്പാട്
ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. 1934-36 ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.1936 ൽ ഇ.എം.എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1962-ൽ ജനറൽ സെക്രട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്. പാർട്ടി ജനറൽ സെക്രട്ടറിയായി. സെക്റ്റേറിയനിസ്റ്റുകൾക്ക് ഒപ്പം നിന്ന ഇഎംഎസ്, 1964ൽ പാർട്ടി പിളർത്തിയവർക്കൊപ്പം നിലയുറപ്പിച്ചു.
ഇന്ദ്രജിത്ത് ഗുപ്ത
1990 മുതൽ 1996 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1996 മുതൽ 1998 വരെ പ്രധാനമന്ത്രിമാരായ എച്ച്ഡി ദേവഗൗഡ, ഐകെ ഗുജ്റാൾ എന്നിവരുടെ യുണൈറ്റഡ് ഫ്രണ്ട് സർക്കാരുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഗുപ്ത. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആഭ്യന്തര മന്ത്രാലയം സിപിഐയെ മൂന്ന് തവണ നിരോധിക്കുകയും, ഗുപ്ത ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ജയിലിലാക്കുകയും ദീർഘകാലം ഒളിവിൽ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. ലോക്സഭയിലേക്ക് പതിനൊന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏറ്റവും കൂടുതൽ കാലം ലോക്‌സഭയിലംഗമായിരുന്നു.
എ ബി ബർദൻ
1996 മുതൽ 2012 വരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു അർത്ഥേന്ദു ഭൂഷൺ ബർദൻ എന്ന എ.ബി. ബർദൻ. 1957 -ലെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967 -ലെയും 80 -ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ നാഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 മുതലാണ് ഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവയ്ക്കുന്നത്. ഇന്ദ്രജിത്ത് ഗുപ്തയ്ക്കു ശേഷം 1996 -മുതൽ സിപിഐ ജനറൽ സെക്രട്ടറിയായിരുന്നു.
എസ് സുധാകർ റെഡ്ഡി
2012 മുതൽ 2019 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു. എഐഎസ്എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.കെ. ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകർറെഡ്ഡി എഐഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകർറെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പൻ ജനറൽ സെക്രട്ടറിയുമായി ഒരേ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1968ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പന്ത്രണ്ടും പതിനാലും ലോക്‌സഭകളിൽ അംഗമായിരുന്നു
ഡി രാജ
തമിഴ്‌നാട്ടിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സമുന്നതനായ നേതാവാണ് ദുരൈസ്വാമി രാജ എന്ന ഡി രാജ. തമിഴ്‌നാട്ടിലെ വെല്ലൂർ ആണ് സ്വദേശം. ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി,സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1994 മുതൽ 2019 വരെ പാർട്ടി നാഷണൽ സെക്രട്ടറിയായിരുന്നു. തമിഴ്‌നാട് നിന്നുള്ള രാജ്യസഭാംഗമായിരുന്നു . 2019 ജൂലൈ 21 ന് ഡി.രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി ദേശീയ കൗൺസിൽ പ്രഖ്യാപിച്ചു. ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദലിത് നേതാവായി അദ്ദേഹം മാറി.