ഭരണ കൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സമാനതകളില്ലാത്ത പീഡനങ്ങൾക്ക് വിധേയനായ വ്യക്തിയാണ് പ്രൊഫസർ ജി എൻ സായി ബാബ. വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും കള്ളക്കേസുകളിൽ കുടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണ കൂട ഭീകരതയുടെ ഇര. 2014 മേയിൽ യു പി എ സർക്കാരിന്റെ ഭരണ കാലത്താണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കൊണ്ട് ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് മാവോയിസ്റ്റ് അനുകൂല സംഘടനയാണെന്നും സായി ബാബക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്. റെവല്യൂഷണി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) ജോയിന്റ് സെക്രട്ടറിയായ സായിബാബ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരെയുള്ള നിരവധി സംഘടനകളിലും അക്കാലത്ത് പ്രവർത്തിച്ചിരുന്നു. തുടർന്ന് 2017 ൽ സെഷൻസ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് വിധിച്ചു.
2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചുവെങ്കിലും മഹാരാഷ്ട്ര സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് പിന്നീട് ബോംബെ ഹൈകോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ജയിൽ മോചിതനാക്കി. കടുത്ത ശാരീരിക അവശതകളെത്തുടർന്ന് വീൽ ചെയറിലായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നത്.
നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും മനുഷ്യാവകാശസംഘടനകളിൽ കൂടി നിരോധിത സംഘടനകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഭരണ കൂടങ്ങൾ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായി. ഝാർഖണ്ഡിൽ വൻകിട വികസനപദ്ധതികളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങളെകുടിയൊഴിപ്പിക്കപ്പെടുന്നതിന്നെതിരായുള്ള സമരം നയിച്ചതിന്റെ പേരിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച് കൊന്നത്.
തെലുങ്ക് കവിയായ വരവരറാവു, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി. കമർനാഥ്,ഫരീദാബാദിലെ ട്രേഡ്‌യൂണിയൻ നേതാവായ സുധാഭരദ്വാജ്,
സാമൂഹ്യശാസ്ത്രജ്ഞനും ഉന്നത അക്കാദമിക് പണ്ഡിതനുമായ ഗൗതംനഖ്‌വലെ, ജനാധിപത്യമര്യാദകളുടെയും നീതിബോധത്തിന്റെയും അതിർ വരമ്പുകൾ ലംഘിച്ചു കൊണ്ടുള്ള ഭരണ കൂട അസഹിഷ്ണുതയുടെ പട്ടിക അവസാനിക്കുന്നില്ല.