മലയാള കവിതയുടെ മുത്തശ്ശി എന്നറിയപ്പെടുന്ന പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. കവിതകളിലൂടെയും കഥകളിലൂടെയും മലയാള ഭാഷയെ വാനോളമുയർത്തി മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്ന ബാലാമണിയമ്മ അറിയപ്പെട്ടിരുന്നത്. പിറന്നാൾ ദിനത്തിൽ ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെ ഗൂഗിൾ ഡൂഡിൽ ഒരുക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഡൂഡിലിൽ ബാലമണിയമ്മയുടെ ഗ്രാഫിക്ക് ചിത്രം ചിത്രീകരിച്ചത്.
തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ നാലപ്പാട്ടുവീട്ടിൽ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചത്. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കൾ. ഔപചാരികമായ പരിശീലനമോ വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പകരം പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോനാണ് വീട്ടിൽ നിന്നുതന്നെ കവയത്രിയെ പഠിപ്പിച്ചത്.
രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ സരസ്വതി സമ്മാൻ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മവിഭൂഷൺ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ബാലാമണി അമ്മ സ്വന്തമാക്കി.
‘കൂപ്പുകൈ’ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്തമായ കൃതികൾ.മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ വി.എം.നായരാണ് ബാലാമണിയമ്മയുടെ ഭർത്താവ്. അഞ്ചുവർഷത്തെ അൽഷിമേഴ്സ് രോഗത്തിനൊടുവിൽ, തന്റെ 95–ാം വയസ്സിൽ 2004 സെപ്റ്റംബർ 29-ന് അന്തരിച്ചു.