ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. എം ആർ അജിത് കുമാർ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്കാണ് സർക്കാർ നിർദേശം നൽകിയത്.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയെകുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ കടുത്ത വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. എൽഡിഎഫിനുള്ളിൽ തന്നെ വലിയ ചർച്ചയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ചിരുന്നത്.
രണ്ടു ആർഎസ്എസ് നേതാക്കളുമായാണ് എം ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും വച്ചായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വച്ച് രാം മാധവുമായും തൃശൂരിൽ ദത്താത്രേയ ഹൊസബാളെയുമായാണ് അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. പത്തുദിവസത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രാംമാധവുമായും അജിത്കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നത്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത് കുമാർ അന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നൽകിയെന്നാണ് അറിയുന്നത്.