Friday, November 22, 2024
spot_imgspot_img
HomeOpinionമറക്കില്ലൊരിക്കലും ഗോവിന്ദ് പൻസാരെയെ

മറക്കില്ലൊരിക്കലും ഗോവിന്ദ് പൻസാരെയെ

ടി കെ മുസ്തഫ വയനാട്

റു ദശാബ്ദത്തിലേറെ കാലം മഹാരാഷ്ട്രയിലെ തൊഴിലാളി വർഗ്ഗത്തിന്റെയും സാമാന്യ ജനത്തിന്റെയും അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മാതൃക കമ്മ്യൂണിസ്റ്റായിരുന്ന ഗോവിന്ദ് പൻസാരെ വിട വാങ്ങിയിട്ട് ഒൻപത് വർഷം തികയുന്നു. സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുള്ള ഗോവിന്ദ് പൻസാരെ നവ ഉദാരവൽക്കരണ കാലത്ത്‌ കർഷകരും തൊഴിലാളികളുമുൾപ്പെടെയുള്ളവരെ ആധുനിക അടിമകളാക്കി കൊള്ളയടിക്കുന്ന കോർപറേറ്റ്‌-വർഗീയ കൂട്ടുകെട്ടിന്നെതിരെ സൈദ്ധാന്തികവും പ്രായോഗികവുമായ മാർക്‌സിസ്റ്റ് കാഴ്ചപ്പാടിലൂന്നിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ക്രാന്ത ദർശിയായ നേതാവുമായിരുന്നു.

മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത്‌ കാക്കറെയുടെ വധത്തിന്റെ ഉള്ളറകൾ തുറന്നുകാണിക്കുന്ന ‘ഹു കിൽഡ്‌ കാക്കറെ?’ എന്ന പുസ്തകം ഉന്മൂലന രാഷ്ട്രീയവും അപമാനവീകരണവും അജണ്ടയായി സ്വീകരിച്ച ഫാസിസ്റ്റുകളിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ ചെറുതായിരുന്നില്ല. ‘ആരാണ് ശിവജി ‘ എന്ന കൃതിയിലൂടെ സഖാവ് സൃഷ്ടിച്ചെടുത്തത് മിത്തുകളെ കൂട്ടു പിടിച്ചും ചരിത്ര പരതയെ തമസ്കരിച്ചുമുള്ള അപര മത വിദ്വേഷത്താൽ വേരുറച്ച ചരിത്ര അയാഥാർഥ്യങ്ങൾക്കെതിരെയുള്ള വസ്തു നിഷ്‌ഠ പൊതു അവബോധവുമായിരുന്നു.

രാജ്യത്തെ സംഘ പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിനായുള്ള ആസൂത്രിതമായ നീക്കങ്ങളാണ് വർത്താന കാലത്ത് ഭരണ കൂടത്തിന്റെ ഒത്താശയോടെ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുത്വ അജണ്ട മുൻ നിർത്തിക്കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുകയും ഫ്യൂഡൽ മതാത്മക സംസ്കാരത്തെ ദേശീയതയായും ദേശസ്‌നേഹമായും നിർവ്വചിക്കുന്ന ഫാസിസ്റ്റ് ഭീകരത കമ്യൂണിസ്റ്റുകാരെയും മുസ്ലീങ്ങളെയും ക്രൈസ്തവരെയും ആഭ്യന്തര ശത്രുക്കളായിക്കണ്ട് നിർമ്മാർജ്ജനം
ചെയ്യണമെന്ന നിലപാട് ശക്തമായി സ്വീകരിക്കുകയും ചെയ്യുന്നു.

സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് അഭിപ്രായ പ്രകടനങ്ങൾക്കും ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകൾക്കും ഇടമില്ലാതെ വരുന്നത് സ്വേഛാധിപത്യത്തിലേക്കുള്ള കാൽവയ്പാണെന്നതിൽ സംശയമില്ല. അക്രമോത്സുക ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്കായി ദേശീയ സങ്കൽപ്പങ്ങളെയും മിത്തുകളെയുമൊക്കെ ഉപയോഗപ്പെടുത്തുകയും വർഗീയ പ്രത്യയശാസ്ത്രകാരൻമാരുടെ പൊള്ളയായ നിലപാടുകൾക്കെതിരിൽ പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയും എതിർശബ്ദങ്ങളെയും വിമർശനങ്ങളെയും ചരിത്രസത്യങ്ങളെപ്പോലും അസഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യുകയാണിന്ന് ഫാസിസ്റ്റ് ഭരണ കൂടം!

തങ്ങൾ അനഭിമതരായി കാണുന്ന ജനവിഭാഗങ്ങളെ ദേശ ദ്രോഹികളെന്ന് മുദ്രകുത്തി വർഗീയവാദികളും ഭരണകൂടവും വേട്ടയാടുന്ന സ്ഥിതി വിശേഷമാണിന്ന് രാജ്യത്ത് നില നിൽക്കുന്നത്.ഭരണാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് നിരന്തരം ആവർത്തിക്കുന്ന വംശീയ ഉന്മൂലനത്തോടെയുള്ള അഴിഞ്ഞാട്ടങ്ങൾ തടയാൻ ഭരണകൂടസംവിധാനങ്ങൾ ഇടപെടുന്നില്ലെന്നുമാത്രമല്ല സർക്കാരും പോലീസും വർഗീയവാദികൾക്കൊപ്പം പങ്ക് ചേർന്ന് ഇരകളെ വക വരുത്തുന്ന വേട്ടക്കാരന്റെ ലാഘവത്തിന് മൗനാനുവാദം നൽകുകയുമാണ് ചെയ്യുന്നത്.
സ്വതന്ത്രമായ ആശയപ്രകടനങ്ങളെയും അഭിപ്രായരൂപീകരണത്തെയും തടയുന്ന ഉന്മൂലന തത്വങ്ങളാൽ പ്രചോദിതമായ ഫാസിസം തങ്ങൾക്കനഭിമതമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന വർത്തമാന പശ്ചാത്തലത്തിൽ ഗോവിന്ദ പൻസാരയെ കുറിച്ചുള്ള ഓർമ്മകൾ പോലും സമരമാണ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares