തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതു വയസ്സാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉത്തരവ് വന്നപ്പോൾ ആദ്യം തന്നെ എഐവൈഎഫ് എതിർപ്പുമായി രംഗത്തു വന്നിരുന്നു. യുവജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങുമെന്ന് എഐവൈഎഫ് മുന്നറിയിപ്പ് നൽകി. തുടർന്നു സർക്കാർ ഉത്തരവിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
രാജ്യം തന്നെ ശക്തമായ തൊഴിലില്ലായ്മയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ. സിഎംഐയുടെ കണക്കനുസരിച്ച് നാൽപ്പത്തഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്കാണ് രാജ്യം ചെന്നെത്തപ്പെട്ടിരിക്കുന്നത്. റെയിൽവയിലും അതുപോലെ തന്നെ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടര ലക്ഷത്തോളം ഒഴിവുകൾ കേന്ദ്ര സർക്കാരിന്റെതായി നിലവിലുള്ളപ്പോൾ ആ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ കൂടുതൽ രൂക്ഷമായ തൊഴിലില്ലായ് സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെ രാജ്യത്തെ യുവത്വം വലിയ സമരങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന കേരളത്തിൽ പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് അഭ്യസ്ഥ വിദ്യരായ യുവതയോടുള്ള വെല്ലുവിളിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞു. അതുകൊണ്ട് തന്നെ ആ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവണമെന്നാണ് എഐവൈഎഫ് ആവശ്യപ്പെട്ടിരുന്നത്. അത് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എഐവൈഎഫ് മുന്നോട്ട് പോവുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ എഐവൈഎഫ് വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിതമായ നിലപാടിന്റെ ഭാഗമാണ് 2018 ൽ പെൻഷൻ പ്രായവർദ്ധനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ ഉയർന്നുവരുന്ന സമയത്ത് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായിവിജയൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് യുവജന സംഘടനകൾക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പ്രായ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വിശ്വസിക്കുന്നതായി എഐവൈഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു.