കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി സർക്കാർ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സമരസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്. എഐവൈഎഫിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ.കെ സമദ് ഉദ്ഘാടനം ചെയ്തു.
സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടികളൊന്നുമില്ലാതെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടം പൊളിഞ്ഞ് തീരുന്ന അവസ്ഥക്കെതിരെ തൊഴിലാളികൾ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ വലിയ സമരമാണ് സെൻട്രൽ ലൈബ്രറിക്ക് സമീപം നടത്തി വരുന്നത്.
2009 ഫെബ്രുവരി ഒന്നുമുതൽ അടച്ചുപൂട്ടിയ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഭാഗമായി 2012ൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും തുടർനടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.