Thursday, November 21, 2024
spot_imgspot_img
HomeKeralaറേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉടൻ നല്‍കും; അധിക വിഹിതമായി ബജറ്റില്‍ 42 കോടി രൂപ അനുവദിച്ചു:...

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉടൻ നല്‍കും; അധിക വിഹിതമായി ബജറ്റില്‍ 42 കോടി രൂപ അനുവദിച്ചു: ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികൾക്ക് നല്‍കാനുള്ള കമ്മീഷന്‍ തുക അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ വ്യാപാരികൾക്ക് ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍ നൽകാനുള്ള കമ്മീഷന്‍ തുകയാണ് അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തില്‍ 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്.

റേഷന്‍ വ്യാപാരികൾക്ക് കമ്മീഷന്‍ നല്‍കുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷന്‍ തുക ബജറ്റില്‍ വകയിരുത്തിയിരുന്നില്ല. മാത്രവുമല്ല ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള റേഷന്‍ വ്യാപാരി കമ്മീഷന്‍ കൂടി ഉൾപ്പെടുമ്പോൾ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ മാസം വരെ 196കോടി രൂപ റേഷന്‍ വ്യാപാരികൾക്ക് നല്‍കിക്കഴിഞ്ഞു.

പ്രതിമാസം 18000 രൂപ കമ്മീഷന്‍ കിട്ടേണ്ട റേഷന്‍ വ്യാപാരികൾക്ക് പിഎംജികെഎവൈ കൂടി ചേരുമ്പോൾ ഇരട്ടി തുക കമ്മീഷനായി ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റ് അധികമായി അനുവദിച്ച പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മീഷന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നതിന് കാത്തു നില്‍ക്കാതെ വ്യാപാരി കമ്മീഷന്‍ മുഴുവന്‍ തുകയും മുടക്കം കൂടാതെ നല്‍കിവന്നു. ഒക്ടോബര്‍ മാസം മുതല്‍ കമ്മീഷന്‍ നല്‍കുന്നതിന് 100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരികയും ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ധനകാര്യ വകുപ്പ് അധിക തുക അനുവദിക്കുകയും ചെയ്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കമ്മീഷന്‍ കാലതാമസം കൂടാതെ ഒരുമിച്ച് വ്യാപാരികൾക്ക് ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares