വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തോടനുബന്ധിച്ച് കല്പറ്റയിൽ നടത്തിയ റോഡ് ഷോയിൽ മുസ്ലിം ലീഗ് കൊടിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ലീഗ് അണികളിൽ അമർഷം പുകയുന്നു. ഇതാദ്യമായല്ല രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ നിന്ന് പച്ചക്കൊടിക്ക് വിലക്ക് നേരിടേണ്ടി വരുന്നത്. മുസ്ലിം ലീഗ് കൊടിയെ പാകിസ്ഥാൻ കൊടിയെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഉത്തരേന്ത്യയിൽ സംഘ പരിവാർ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പ്രചരണം നടത്തുന്നത് ഒഴിവാക്കാണെന്ന പേരിലാണ് രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ ലീഗ് കൊടി ഉപയോഗിക്കുന്നത് നിരന്തരമായി ഒഴിവാക്കുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകരേക്കാൾ ഊർജ്ജത്തോടെയാണ് ലീഗ് അണികൾ മണ്ഡലത്തിൽ പ്രവർത്തിക്കാറുള്ളത്. രാഹുലിന്റെ 2019 ലെ വയനാട്ടിലെ സ്ഥാനാർഥിത്വം തന്നെ ലീഗ് നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. കോൺഗ്രസിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കാറുണ്ടെങ്കിലും കോൺഗ്രസിന്റെ മറിച്ചുള്ള സമീപനം നിരാശാജനകമാണെന്നും അസ്തിത്വം നഷ്‌ടപ്പെടുത്തി കോൺഗ്രസിന് കീഴടങ്ങേണ്ടതുണ്ടോ എന്നുമാണ് സാധാരണ പ്രവർത്തകർ ചോദിക്കുന്നത്.
വയനാട്ടിൽ ലീഗിന്റെ ബലത്തിലും സ്വാധീനത്തിലുമാണ് പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നാണ് യാഥാർഥ്യം. പല പ്രദേശങ്ങളിലും ലീഗിന്റെ സഹായമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയുമാണുള്ളത്.എന്നാൽ ലീഗിന്റെ സ്വാധീനത്തെ ഒരു ഭാഗത്ത് പരമാവധി ഉപയോഗപ്പെടുത്തുകയും മറു ഭാഗത്ത് ലീഗ് പ്രവർത്തകരുടെ ആത്മ വീര്യം തകർക്കുന്ന നിലപാടുകൾ കോൺഗ്രസ് സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ആക്ഷേപം.