ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുജറാത്തിൽ തീവ്രഹിന്ദുത്വവാദികൾ 600 വർഷം പഴക്കമുള്ള ദർഗ ആക്രമിച്ച് വിഗ്രഹങ്ങൾ സ്ഥാപിച്ചു. അഹമ്മദാബാദിനടുത്ത് പിരാനയിലെ ഇമാം ഷാ ബാബയുടെ ദർഗയിൽ ചൊവ്വ രാത്രിയായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ജനൽചില്ലുകളും മറ്റും തകർക്കുകയുംചെയ്‌തു. കല്ലേറിൽ പൊലീസുകാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇമാം ഷാ ബാബ ട്രസ്റ്റിലെ ഹിന്ദു, മുസ്ലിം അംഗങ്ങൾതമ്മിൽ സമീപകാലങ്ങളിലായി ദർഗയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. 2022-ൽ ദർഗയ്ക്കും സമീപത്തെ മസ്‌ജിദിനുമിടയിൽ ട്രസ്റ്റിലെ ചിലർ മതിൽ പണിയാൻ തീരുമാനിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. കഴിഞ്ഞ ആഗസ്തിൽ ഹിന്ദുത്വ സംഘടനകൾ ദർഗയുടെ പേര് ‘സദ്ഗുരു ഹൻസ്റ്റേജ് മഹാരാജ്’ എന്നാക്കാൻ ശ്രമിച്ചിരുന്നു. ദർഗ കൈയേറി ക്ഷേത്രമാക്കാനുള്ള നീക്കത്തിനെതിരെ സുന്നി അവാമി ഫോറം നേരത്തേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.