ഗുജറാത്തിൽ പോളിംഗ് ബൂത്ത് കയ്യേറി ദൃശ്യങ്ങൽ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകിയ ബിജെപി എംപിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ജസ്വന്ത് സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോറാണ് അറസ്റ്റിലായത്. സാന്ത്രാംപുർ താലൂക്കിലെ പോളിങ് ബൂത്തിലാണ് ഇയാൾ അതിക്രമിച്ചു കയറി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) അടക്കം കൈക്കലാക്കിയത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. പ്രഭാബെൻ തവിയാദ് വിജയ് ജില്ലാ കലക്ടർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് വിജയ് ഭാഭോറിനെ അറസ്റ്റ് ചെയ്തത്.
ബൂത്ത് കയ്യേറി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) കൈയിലെടുത്ത് നിൽക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു.