കേന്ദ്രസർക്കാരിന്റെ ഗതാഗത വകുപ്പിന് കീഴിലുള്ള പരിവാഹൻ പോർട്ടലിലെ ഡാറ്റ ഹാക്കർമാർ ചോർത്തി. സർക്കാർ പോർട്ടൽ ചോർത്തിയത് കൂടാതെ വാഹന ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ സാമൂഹ്യ മാധ്യമമായ ടെലഗ്രാമിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. മലയാള വാർത്ത ചാനലായ ന്യൂസ് മലയാളമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകിയാൽ വാഹന ഉടമയുടെ മേൽവിലാസവും, ഫോൺ നമ്പറും, ചെയ്സിസ് നമ്പറും, എൻജിൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഫീസ് ഈടാക്കി വിൽക്കാൻ വച്ചിരിക്കുന്നത്. ഒരു മാസം മുമ്പ് തുടങ്ങിയ ഈ ടെലഗ്രാം ബോട്ടിന് 32,000 ലധികം സബ്സ്ക്രൈബമാർ ഇപ്പോഴുണ്ട്. ഇത്ര ഗുരുതരമായ സുരക്ഷാ വീഴ്ചയും,ഡാറ്റാ ചോർച്ചയും ഉണ്ടായിട്ട് അത് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനങ്ങൾ എത്ര ദുർബലമെന്ന് വ്യക്തമാക്കുന്നു.
കേന്ദ്ര ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പോർട്ടലാണ് പരിവാഹൻ. രാജ്യത്തെ വാഹന ഉടമകളെ സംബന്ധിച്ച സകല വിവരവും ഇതിലുണ്ട്. വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ് വിശദാംശങ്ങൾ അടക്കമെല്ലാ വിവരവും ഇതിൽ കിട്ടും. എന്നാൽ വാഹന ഉടമയുടെ വിലാസവും ഫോൺ നമ്പറുമടക്കം വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമല്ല. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ് ഇവ നേരിട്ട് എടുക്കാനാവുക. ഇൻഷുറൻസ് കമ്പനികൾക്കടക്കം അക്സസ് നിഷേധിച്ചിട്ടുള്ള വിവരങ്ങളാണിത്. എന്നാൽ ഈ ടെലഗ്രാം ബോട്ടിൽ ആർക്കും ഇതെല്ലാം കിട്ടും എന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഏതെങ്കിലും വാഹന ഉടമയുടെ ഫോൺ നമ്പറോ വിലാസമോ വേണമെങ്കിൽ വാഹനത്തിൻ്റെ രജിസ്റ്റർ നമ്പർ നൽകിയാൽ മാത്രം മതി.
ഫാസ്റ്റ് ടാഗ് വിവരങ്ങളും, ചലാന്‍ വിവരങ്ങളും ടെലഗ്രാം ബോട്ടില്‍ ലഭിക്കുന്നു. ടെലഗ്രാം ബോട്ട് ഉപയോഗിച്ച് രണ്ട് തവണ സൗജന്യമായി ഒരാള്‍ക്ക് ഏത് വ്യക്തിയുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാവും. കൂടുതല്‍ പണമടച്ചാല്‍ കൂടുതല്‍ പേരുടെ വിവരങ്ങളും ലഭ്യമാവാനുള്ള സംവിധാനവും ഒരുങ്ങുന്നു. വിവരങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള ‘ഐഡി’ യും ടെലഗ്രാം ബോട്ടില്‍ ലഭ്യമാണ്.