ഹരിയാനയിൽ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെയുള്ള നേതാക്കളുടെ കൂട്ടരാജിയിലും പ്രതിഷേധത്തിലും അമ്പരന്ന് ബിജെപി കേന്ദ്രനേതൃത്വം. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി രഞ്‌ജിത് സിങ് ചൗത്താല, എംഎൽഎയായ ലക്ഷ്‌മൺദാസ് നാപ്പ, മുൻമന്ത്രി കരൺദേവ് കംബോജ് എന്നിവർക്കു പിന്നാലെ സാമൂഹ്യനീതി മന്ത്രി ബിഷംഭർ സിങ് വെള്ളിയാഴ്‌ച ബിജെപി വിട്ടു. മന്ത്രിസ്ഥാനം രാജിവച്ചു. മുൻഎംഎൽഎയായ ശശിരഞ്‌ജൻ സിങ് പർമാർ സീറ്റുനിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
ബിജെപി 67 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മറ്റ് പാർടികളിൽനിന്ന് കൂറുമാറി എത്തിയ നേതാക്കൾക്കെല്ലാം സീറ്റ് നൽകി. പല മുതിർന്ന നേതാക്കളുടെയും മക്കൾക്കും അവസരം നൽകി. ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. തഴഞ്ഞതിൽ പ്രതിഷേധിച്ച് ആദ്യം രാജിപ്രഖ്യാപനം നടത്തിയത് മുൻഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനായ രഞ്‌ജിത്ത് സിങ് ചൗത്താലയാണ്. ബിജെപി അംഗത്വവും മന്ത്രിസ്ഥാനവും രാജിവച്ച രഞ്‌ജിത്ത് ചൗത്താല സിറ്റിങ് സീറ്റായ റാണിയയിൽ സ്വതന്ത്രനായി മത്സരിക്കും.റാണിയ സീറ്റിൽ ശിഷ്‌പാൽ കംബോജിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.
രഞ്‌ജിത് ചൗത്താലയ്‌ക്ക് പിന്നാലെയാണ് സാമൂഹ്യനീതി മന്ത്രിയായ ബിഷംഭർ സിങ് രാജി പ്രഖ്യാപിച്ചത്. സിറ്റിങ് മണ്ഡലമായ ഭവാന ഖേരയിൽ കപൂർ വൽമീകിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. ഫരീദാബാദ് ഇൻചാർജ് ജി എൽ ശർമ, മുൻ ഭാദ്ര എംഎൽഎ സുഖ്‌വീന്ദർ ഷിയോറൻ എന്നിവരും തഴയപ്പെട്ടതിൽ പ്രതിഷേധിച്ച് രാജി നൽകി. മുതിർന്ന വനിതാ നേതാക്കളായ കവിതാ ജയിൻ, സാവിത്രി ജിൻഡാൽ എന്നിവരും വിമതസ്വരം ഉയർത്തി. കുരുക്ഷേത്രയിലെ ബിജെപി എംപി നവീൻ ജിൻഡാലിന്റെ അമ്മയായ സാവിത്രി സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.