കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ചിനിടെ ഹരിയാന– -പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ യുവകർഷകൻ ശുഭ്‌കരൺ സിങ്ങിനെ വെടിവച്ച് കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹരിയാന മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ്. ബിജെപി അംബാല ലോക്‌സഭാ സ്ഥാനാർത്ഥി ബന്റോ കതാരിയയുടെ പ്രചാരണത്തിന് പൻജോഖ്ര സാഹിബ് ഗ്രാമത്തിൽ എത്തിയ വിജിനെ കർഷകർ കരിങ്കൊടികളുമായി വളഞ്ഞതോടെയാണ് അദ്ദേഹം കുറ്റമേറ്റത്. വെടിവയ്‌ക്കാൻ ഉത്തരവിട്ടത് താനല്ലെങ്കിലും ഉത്തരവാദിത്വമേൽക്കുന്നു.
വിഷയം അന്വേഷിക്കുകയാണ്. മറ്റുള്ള നേതാക്കളെപ്പോലെ കർഷകരെ ഭയന്ന് ഓടിയൊളിക്കില്ലെന്നും കൂപ്പുകൈകളോടെ വിജ് പറഞ്ഞു. മിനിമം താങ്ങുവില നിയമപരമാക്കണമെന്നും ശംഭു അതിർത്തി തുറക്കണമെന്നും വിജിനോട് കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ ചോദ്യം ചെയ്യൽ അവസാനിച്ചശേഷമാണ് അനിൽ വിജിന് പ്രചാരണം നടത്താനായത്.