ഉത്തർപ്രദേശിലെ ഹത്രാസിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്ന നാരായൺ സാകർ ഹരിയുടെ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 130 ഓളം പേർ കൊല്ലപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കാനായി 80,000 പേർ എത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരെ നിയന്ത്രിക്കാൻ വെറും 72 പോലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായ് ഗ്രാമത്തിലാണ് അപകടം നടന്നത്. സത്സംഗം അവസാനിച്ചതിന് ശേഷം, ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ഉയരത്തിൽ നിർമ്മിച്ച റോഡിന്റെ അരികിലുള്ള ഓടയിൽ ചിലർ വീഴുകയും ചെയ്തു. പിന്നാലെ, ജനങ്ങൾ പരിഭ്രാന്തരാവുകയും തിക്കുംതിരക്കും സംഭവിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം നാരായൺ സാകർ ഹരി ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. നാരായൺ സാകർ ഹരി രാംകുടിർ ആശ്രമത്തിൽ എത്തിയെന്നാണ് ഇതുവരെ ലഭിച്ച വിവരം. ഈ ആശ്രമത്തിന് പുറത്ത് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. മെയിൻപുരിയിലെ രാംകുതിർ ആശ്രമത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെയുൾപ്പെടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നുണ്ട്. രാംകുടിർ ആശ്രമത്തിൽ എത്തിയ ഭോലെ ബാബയെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. 2 മണിക്കും 3 മണിക്കും ഇടയിൽ ഭോലെ ബാബ ആശ്രമത്തിൽ എത്തിയെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ദേവ് പ്രകാശ് മധുകർ, മേഷ് ചന്ദ്ര, അമർ സിങ്, സഞ്ജു യാദവ്, ചന്ദ്രേവ്, രാം പ്രകാശ് എന്നിവർ ചേർന്നാണ് ഹാത്രരസിൽ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂടുകാരണം, സത്സംഗ വേദിയിൽ നിന്ന് പുറത്തുകടക്കാൻ ജനങ്ങൾ തിരക്കുകൂട്ടിയിരുന്നു. എന്നാൽ ഭോലേ ബാബയും സംഘവും പുറത്തുപോയതിന് ശേഷം ജനങ്ങൾ പോയാൽ മതിയെന്ന് സംഘാടകർ തീരുമാനിച്ചു. തുടർന്ന് ആളുകളെ തടഞ്ഞുവച്ചു. ഇത് ജനങ്ങൾ ചോദ്യം ചെയ്യുകയും വേദിവിട്ടു കൂട്ടത്തോടെ പോകാൻ തുടങ്ങിതയുമാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
ആരാണ് ഭോലെ ബാബ എന്ന നാരായൺ സാകർ ഹരി
ഇറ്റാ ജില്ലയിലെ പട്യാലി ഗ്രാമത്തിൽ നിന്നുള്ള നാരായൺ സാകർ ഹരി 18 വർഷത്തോളം യുപി പൊലീസിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 1990ൽ സ്വയം വിരമിച്ച ശേഷം നാട്ടിലെ കുടിലിൽ താമസിക്കവെ ദൈവവുമായി സംസാരിച്ചെന്ന് അവകാശവാദവുമായാണ് നാരായൺ സാകർ ഹരി ആത്മീയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ലക്ഷക്കണക്കിന് അനുയായികളുള്ള മതപ്രഭാഷകനായി. പശ്ചിമ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി തുടങ്ങി രാജ്യത്തുടനീളം ലക്ഷക്കണക്കിന് അനുയായികളാണ് ഭോലെ ബാബയ്ക്കുള്ളത്. പൊലീസിന് പുറമെ സ്വന്തം സായുധ സംഘത്തിന്റെയും കാവൽ. കോവിഡ് കാലത്ത് അരലക്ഷം പേരെ പങ്കെടുപ്പിച്ച് മതപ്രഭാഷണം നടത്തിയത് വിവാദമായി.
ചിലപ്പോൾ വെള്ള സ്യൂട്ടും ടൈയും ഷൂസും. അല്ലെങ്കിൽ കുർത്തയും പൈജാമയും. വേഷം പുത്തനാണെങ്കിലും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടില്ല. കാരണം അടിത്തട്ടിലാണ് ഭോലെ ബാബയുടെ ലക്ഷക്കണക്കിന് അനുയായികളുള്ളതെന്നാണ് അദ്ദേഹത്തിന്റെ “ഭക്ത’രുടെ വാദം. ചൊവ്വാഴ്ചകളിലാണ് തന്റെ പ്രാർഥനായോഗങ്ങൾ നടത്തുക. ഇതിൽ നിന്ന് കിട്ടുന്ന സംഭാവന “ഭക്തർ’ക്കായി തന്നെ ചെലവിടുന്നുവെന്ന് അവകാശവാദം. യുപി രാഷ്ട്രീയ നേതാക്കളുമായും അടുപ്പം. പടിഞ്ഞാറൻ യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഡൽഹി എന്നിങ്ങനെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് അനുയായികളുണ്ട്. നിരവധി ക്രിമിനൽ കേസുണ്ടെന്നും റിപ്പോർട്ടുണ്ട്.
രണ്ട് വർഷം മുമ്പ്, കൊറോണയുടെ തരംഗം രാജ്യത്ത് തുടരുമ്പോൾ, 2022 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ അദ്ദേഹത്തിൻ്റെ സത്സംഗം സംഘടിപ്പിച്ചു. സത്സംഗത്തിൽ പങ്കെടുക്കാൻ 50 പേർക്ക് മാത്രമേ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂവെങ്കിലും നിയമം കാറ്റിൽ പറത്തി 50,000-ത്തിലധികം പേർ സത്സംഗത്തിൽ പങ്കെടുത്തു. ഇവിടെ തടിച്ചുകൂടിയ ജനത്തിരക്ക് കാരണം നഗരത്തിലെ ഗതാഗത സംവിധാനം പോലും അന്ന് തകർന്നിരുന്നു.