ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ആൾദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷക്കണക്കിന് അനുയായികളുള്ള നാരായൺ ഹരിയെന്ന ഭോലെ ബാബയും ഭാര്യയും സംഘടിപ്പിച്ച സത്‌സംഗിനിടെയായിരുന്നു അപകടം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.
അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
ഹാഥ്‌രസ്, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപുർ ഗ്രാമത്തിൽ ഇന്നലെയാണ് ഭോലെ ബാബയുടെ സത്‌സംഗിനിടെ ദുരന്തമുണ്ടായത്. ഇരുപതിനായിരത്തിൽപ്പരം ആളുകളാണ് സത്‌സംഗിനായി എത്തിയിരുന്നത്. വേദിയിലേക്കും പുറത്തേക്കും ഒറ്റവഴി മാത്രമാണ് ഉണ്ടായിരുന്നത്. പ്രഭാഷണം അവസാനിച്ചയുടൻ ആളുകൾ വേഗം പുറത്തുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഓടയുടെ മുകളിൽ നിർമിച്ച താൽക്കാലിക വഴി തകർന്ന് ആളുകൾ അതിലേക്ക് വീണു. പിന്നാലെ വന്നവർ ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് കൂട്ടമരണം. കൊടുംചൂടിൽ തളർന്നുവീണവരെ ചവിട്ടി മറ്റുള്ളവർ പുറത്തിറങ്ങാൻ ശ്രമിച്ചതും മരണസംഖ്യ ഉയരാനിടയാക്കി.
മരിച്ചവരിൽ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഉടൻ തന്നെ സഹായം എത്തിക്കാനാവാഞ്ഞതും ആശുപത്രികളുടെ ശോച്യാവസ്ഥയും ദുരന്തത്തിന്റെ ആക്കംകൂട്ടി. മതിയായ സൗകര്യങ്ങളില്ലാത്ത ചെറിയ പ്രദേശത്ത് ഉൾക്കൊള്ളാനാകുന്നതിലും അധികം പേർ ഒത്തുകൂടിയതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയത്. സിക്കന്ദ്രറാവു ആശുപത്രിയിലും ഇറ്റ മെഡിക്കൽ കോളേജിലും സമീപത്തെ മറ്റ് ആശുപത്രികളിലും പരിക്കേറ്റവരെ എത്തിച്ചെങ്കിലും ഇവർക്ക് ചികിത്സ നൽകാനുള്ള സൗകര്യം ഇവിടങ്ങളിലുണ്ടായിരുന്നില്ല. ട്രക്കുകളിൽ കുത്തിനിറച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ഇറ്റ മെഡിക്കൽ കോളേജിലെ മോർച്ചറി നിറഞ്ഞതിനാൽ ഇതിന് പുറത്ത് നിലത്താണ് മറ്റ് മൃതദേഹങ്ങൾ കിടത്തിയത്.
ചടങ്ങിനെത്തുന്നവരുടെ എണ്ണം മറച്ചുവച്ചാണ് സംഘാടകർ പരിപാടി നടത്തിയത്. പരിപാടി നടക്കുന്ന വിവരം പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. എത്രപേർ പരിപാടിക്കെത്തുമെന്ന് സംഘാടകർ അറിയിച്ചില്ലെന്നാണ് പൊലീസ് നൽകിയ വിശദീകരണം.