ഇന്ന് നടക്കാനിരുന്ന ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനു സ്റ്റേ. ഹരിയാന റെസ്‌ലിങ് അസോസിയേഷൻ നൽകിയ ഹർജിയിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ലൈംഗികാരോപണക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിങ് അനുയായികളെ ഉപയോഗിച്ച് ഭരണം പിടിയ്ക്കാൻ ശ്രമിക്കുന്നെന്ന് ആരോപണത്തിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. ബ്രിജ് ഭൂഷണിൻ്റെ 18 അനുയായികളാണ് ഗുസ്തി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഹരിയാനാ അമച്വർ റെസലിങ്ങ് അസോസിയേഷനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയ നടപടി ചോദ്യംചെയ്‌താണ് ഹരിയാന റെസ്‌ലിങ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഗുസ്‌തിതാരങ്ങളുടെ സംഘടന ഹരിയാനാ റെസലിങ്ങ് അസോസിയേഷനാണെന്നും അവർക്കല്ലാതെ മറ്റാർക്കും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, തങ്ങൾക്ക് റെസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലും ഹരിയാനാ ഒളിംപിക് അസോസിയേഷനിലും അംഗത്വം ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്നും അമച്വർ റെസലിങ്ങ് അസോസിയേഷൻ മറുവാദമുന്നയിച്ചു. ഇതോടെ കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു. അമച്വർ റെസലിങ്ങ് അസോസിയേഷന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അധികാരമുണ്ടോയെന്ന വിഷയം കോടതി പരിശോധിക്കും.
ബ്രിജ് ഭീഷണെ പിന്തുണയ്ക്കുന്ന 18 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ബ്രിജ് ഭൂഷണിൻ്റെ കുടുംബത്തിൽ നിന്നുള്ളവർ മത്സരിക്കുന്നില്ല.
ബ്രിജ് ഭൂഷന്റെ വിശ്വസ്ഥനായ സഞ്ജയ് കുമാർ സിംഗ് ആണ് അധ്യക്ഷ സ്ഥാനാർത്ഥി. 6 പേർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും ഏഴ് പേർ എക്സിക്യൂട്ടിവ് മെംബർ സ്ഥാനത്തേക്കും രണ്ട് പേർ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്കും ഓരോ ആൾക്കാർ വീതം സെക്രട്ടറി ജനറൽ, ട്രഷറർ പോസ്റ്റിലേക്കും മത്സരിക്കും.