സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയുടെ പശ്ചാത്തലത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ഇരിട്ടി താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗനവാടി മുതൽ പ്രൊഫഷൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.
സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളിൽ ജലനിരപ്പുയരുകയാണ്. ഈ സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു. മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിരപ്പ് കടന്നിട്ടില്ല.
വയനാട്ടിലും കണ്ണൂരിലുമാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. തീരദേശ ജില്ലകളിൽ ജാഗ്രതാനിർദേശമുണ്ട്. ഉയർന്ന തിരമാലയ്ക്കും കടല് പ്രക്ഷുബ്ധമാകാനുമുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കനത്ത കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. വയനാട്ടിൽ ഖനനത്തിനും വിലക്കേർപ്പെടുത്തി. ഇടുക്കിയിൽ രാത്രിയാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയാറാൻ സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസീൽദാർമാർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.