തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കണ്ണൂരില്‍ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരം. ശക്തമായ മഴയിൽ എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. കൊല്ലത്ത് മഴക്ക് നേരിയ ശമനമുണ്ട്. തീരദേശത്ത് കാറ്റിന്‍റെ ശക്തി കുറഞ്ഞു. വലിയ ബോട്ടുകളിൽ പോയ മത്സ്യത്തൊഴിലാളികൾ എല്ലാവരും മടങ്ങിയെത്താത്തത് ആശങ്കയുണ്ടാക്കുന്നു.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം.