തിരുവനന്തപുരം: ഇക്കുറി ഓണത്തിന്റെ ശോഭകെടുത്താൻ മഴയെത്താൻ സാധ്യത. ഉത്രാടദിനത്തിൽ എട്ട് ജില്ലകളിലും തിരുവോണ ദിവസം നാലു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്രാടദിനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണദിനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നിൽ കാണുന്നത്. ഈ സാഹചര്യത്തിൽ മലയോരമേഖലയിലടക്കം അതീവ ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാൻ കാരണം.