സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. റിമാൽ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന് പുറമെ തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ശനിയാഴ്ച ശക്തമായ മഴയ്ക്കുമാണ് സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദം നിലനിൽക്കുന്നുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദം മേയ് 24 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാനാണ് സാധ്യത.