തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ കനക്കുന്നതായി സൂചനകൾ. അതിതീവ്ര മഴ സംസ്ഥാനവ്യാപകമായി ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട മുതൽ കാസർകോട് വരെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.
കേരള, ലക്ഷദ്വീപ്,കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.ഇവിടങ്ങളിൽ കടലാക്രമണം രൂക്ഷമാകുമെന്നും മതിയായ സുരക്ഷാ മുൻകരുതലെടുക്കണമെന്നുമാണ് മുന്നറിയിപ്പ്. മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാത ചുഴി നിലനിൽക്കുന്നതിനാലും വരുന്ന അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.