Thursday, November 21, 2024
spot_imgspot_img
HomeOpinionഹേമ കമ്മിറ്റി റിപ്പോർട്ട്: വേണ്ടത് പ്രായോഗിക നടപടികൾ

ഹേമ കമ്മിറ്റി റിപ്പോർട്ട്: വേണ്ടത് പ്രായോഗിക നടപടികൾ

ടി ടി ജിസ്‌മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി

ലയാള സിനിമ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യ രംഗത്ത് വൻ വിപത്തായി മാറുകയും ചെയ്യുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ അഭിനയിക്കുന്നതിനും ഈ മേഖലയിൽ നിലനിൽക്കുന്നതിനും നടിമാർ നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന രീതിയിലുള്ള അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടിലൂടെ കേരളം കേട്ടത്.

മലയാള സിനിമ ലോകത്തെ ഭരിക്കുന്ന ചില സംവിധായകരും നിർമ്മാതാക്കളും നടന്മാരുമുൾപെട്ട ഉപജാപക സംഘം സമകാലിക സിനിമ സമൂഹത്തിൽ നടപ്പാക്കുന്ന കടുത്ത സ്ത്രീ വിരുദ്ധ സമീപനങ്ങൾ പല ഘട്ടങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. ‘പോഷ് ‘ഉൾപ്പെടെയുള്ള ശക്തമായ നിയമങ്ങളും ‘നിർഭയ’ തുടങ്ങി സ്ത്രീകൾക്ക് സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനാവശ്യമായ നിരവധി സംവിധാനങ്ങളും നിലനിൽക്കുമ്പോഴും സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത തൊഴിലിടമായി സിനിമ മേഖല മാറുന്നു എന്നത് അത്യന്തം ആശങ്കയുളവാക്കുന്നു. നിയമങ്ങൾ ഒരു ഭാഗത്ത് കർശനമാക്കുമ്പോൾ തന്നെ തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ കാല താമസവും മറ്റു ബാഹ്യ ഇടപെടലുകളും നിമിത്തമായി പ്രതികൾ പലരും ശിക്ഷിക്കപ്പെടാതെ പോവുന്നു എന്നതാണ് യാത്ഥാർഥ്യം.

മലയാള സിനിമ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങളും വിവേചനങ്ങളും പഠിക്കുന്നതിനായി 2017 ജൂലൈ മാസത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ അന്നത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിയമിക്കുന്നത്. ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇപ്രകാരം ഒരു കമ്മിറ്റിയെ ഗവണ്മെന്റ് നിയോഗിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയും ചലച്ചിത്ര നടി ടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റി സിനിമാ മേഖലയിൽ നിന്നുള്ള മുൻനിര അഭിനേത്രിമാരടക്കം 57 പേരിൽ നിന്ന് നേരിട്ട് മൊഴി രേഖപ്പെടുത്തി മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം 2019 ഡിസംബർ 31 ന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

അത്യന്തം ദുരൂഹതകൾ നിറഞ്ഞ സിനിമ മേഖലയിലെ താര ജീവിതങ്ങൾ പുറമെ കാണുന്നത് പോലെ സുന്ദരമല്ലെന്നാണ് ഹേമ കമ്മിറ്റി പ്രഥമ ദൃഷ്ട്യ വെളിപ്പെടുത്തിയത്. പുരുഷാധികാരത്താൽ സൃഷ്ടിക്കപ്പെട്ട സാമൂഹ്യ ചുറ്റുപാടിൽ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധകളെ എടുത്തു കാട്ടുന്ന റിപ്പോർട്ട് ചില മാഫിയാ സംഘങ്ങളുടെയും അവരുടെ അനുചരൻമാരുടെയും സ്വൈരവിഹാരകേന്ദ്രമായി ഈ രംഗം മാറുന്നുവെന്ന ആരോപണത്തെ ശരി വെക്കുകയും ചെയ്യുന്നു.

സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കുവാനും മയക്കുമരുന്ന് വിപണനത്തിനും ക്രിമിനലുകളുടെ ഒളിത്താവളമായുമെല്ലാം സിനിമയെ ചില തത്പര കക്ഷികൾ ഉപയോഗിക്കുകയാണ്. അവകാശങ്ങൾക്കായി പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സംഘടിത ശ്രമങ്ങളാണ് ഇവിടെ വ്യാപകമായി നടക്കുന്നത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ സിനിമ രംഗത്തെ സ്ത്രീയിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ തന്നെയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. അതോടൊപ്പം വിധേയത്വമുള്ളതും പുരുഷ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ രീതിയിൽ സ്ത്രീയെയും അവളുടെ ലോകത്തെയും ചിത്രീകരിക്കുന്ന പ്രവണത സിനിമ ലോകത്ത് ആശങ്കാജനകമാം വിധം വർദ്ധിക്കുകയും ചെയ്യുന്നു.

തൊഴിലിടങ്ങളിൽ നടിമാർ അനുഭവിക്കുന്നത് പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത വിധം പ്രാകൃതമായ പീഡനങ്ങളാണെന്നാണ് പറയുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം തന്നെ മാനസികമായും ശാരീരികമായും അവർ ആക്രമിക്കപ്പെടുന്നു. ആൺ ലിംഗസ്വത്വം കുറ്റകൃത്യങ്ങൾക്കുള്ള സ്വാഭാവിക ലൈസൻസായി മാറുന്ന സാമൂഹ്യ ചുറ്റുപാടിൽ അധികാരവും സ്വാധീനവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന അത്യന്തം ഭീതിജനകമായ സാഹചര്യങ്ങളെ വരച്ചു കാട്ടുകയാണ് ഹേമ കമ്മിറ്റി പുറത്തു വിട്ട തിരശ്ശീലക്ക് പിന്നിലെ മനുഷ്യാവകാശ ലംഘനങ്ങൾ.

മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ അതിജീവനത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ ഉത്തരവാദിത്വം തന്നെയാണ് സിനിമയടക്കമുള്ള മാധ്യമങ്ങൾ നിർവഹിക്കുന്നത്. മലയാള സിനിമയിലെ രൂപപരവും ആശയപരവുമായുള്ള വികാസപരിണാമ ഘട്ടങ്ങൾ പൊതു സമൂഹത്തിന്നിടയിൽ ചലനങ്ങൾ സൃഷ്ടിച്ചത് പോലെ കേരളീയ സംസ്‌കാരത്തിന്റെ നവോത്ഥാന കുതിപ്പിൽ അത് നിർവഹിച്ച പങ്കിനെയും നമുക്ക് വിസ്മരിക്കാൻ കഴിയില്ല. എന്നാൽ വർത്തമാന കാലത്ത് കേരളത്തിന്റെ സാംസ്‌കാരികമനസ്സിനെ നിയന്ത്രിക്കുന്ന സുപ്രധാന സങ്കേതങ്ങളിലൊന്നായ
സിനിമയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അശ്ലീലതകളും ലൈംഗിക അരാജകത്വങ്ങളും വൈകൃതങ്ങളും നാടിനെ ഗ്രസിച്ചിരിക്കുന്ന അതി ഭീഷണമായ യാഥാർത്ഥ്യമായി മാറുന്നതിനെതിരെ പ്രതിരോധം തീർക്കുക തന്നെ വേണം. സ്വയം പരിവർത്തനത്തിന്നുതകുന്ന സാഹചര്യം സൃഷ്ടിക്കുകയും അതിനാവശ്യമായ ബോധവൽക്കരണം നടത്തുകയും വേണമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

പരിഷ്കൃത സമൂഹത്തിന്റെ പുരോഗമനോന്മുഖതയെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രത്യക്ഷ മാനദണ്ഡം ആ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരമാണ്. സ്ത്രീ ശാക്തീകരണവും അവർക്ക് അർഹമായ പദവിയും അംഗീകാരവും സമജീവി എന്ന പരിഗണനയോടെ അനുഭവിക്കാൻ കഴിയുന്ന ലിംഗനീതിയുടെ സംസ്ഥാപനവും പ്രഖ്യാപിത നയമായി സ്വീകരിച്ച ഗവണ്മെന്റാണ് കേരളം ഭരിക്കുന്നത്. ‘സ്ത്രീപക്ഷ കേരളം ‘എന്ന ആശയത്തെ മുൻ നിർത്തി അവകാശ സംരക്ഷണത്തിന് ഊന്നൽനൽകിക്കൊണ്ടുള്ള നയപരിപാടികൾക്കും ദീർഘകാല പരിവർത്തനത്തിനുതകുന്ന നിരവധി പദ്ധതികളുടെ ആവിഷ്കരണത്തിനും കേരള സർക്കാർ ഇതിനോടകം നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയ ശാക്തീകരണത്തിലും ഉന്നത വിദ്യാഭ്യാസമഖലയിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകളും നമുക്ക് ലഭ്യമാണ്. അത് കൊണ്ട് തന്നെ ഹേമ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനും സിനിമ മേഖലയിലെ മാഫിയ വത്കരണം ഉന്മൂലനംചെയ്യുന്നതിനുമാവശ്യമായ പ്രായോഗിക നടപടികളാണ് ഇടത് സർക്കാർ അടിയന്തിരമായി കൈ കൊള്ളേണ്ടത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares