സിനിമാ മേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യ രംഗത്ത് വൻ വിപത്താവുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് അടിയന്തിരമായി പുറത്തു വിടണമെന്ന് എഐവൈഎഫ് വർഷങ്ങൾക്ക് മുൻപേ ആവശ്യപെട്ടിരുന്നു.
മലയാള സിനിമ രംഗത്തെ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ നാളുകളിൽ നിരവധിയായ സമരങ്ങൾക്കാണ് എഐവൈഎഫ് നേതൃത്വം നൽകിയത്. സിനിമാ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചില മാഫിയാ സംഘങ്ങളുടെയും മേഖലയിൽ വിരാചിക്കുന്നവരടെയും അവരുടെ അനുചരൻമാരുടെയും സ്വൈരവിഹാരകേന്ദ്രമായി ഈ രംഗം മാറുന്നുവെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഇന്നലെ പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്.
അത്യന്തം ദുരൂഹതകൾ നിറഞ്ഞ സിനിമ മേഖലയിലെ താര ജീവിതങ്ങൾ പുറമെ കാണുന്നത് പോലെ സുന്ദരമല്ലെന്നാണ് യാഥാർഥ്യം.അവകാശങ്ങൾക്കായി പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സംഘടിത ശ്രമങ്ങളാണ് ഇവിടെ വ്യാപകമായി നടക്കുന്നത്. പുരുഷാധികാരത്താൽ സൃഷ്ടിക്കപ്പെട്ട സാമൂഹ്യ ചുറ്റുപാടിൽ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ റിപ്പോർട്ട് എടുത്തു കാട്ടുന്നു.
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ സിനിമയിലെ സ്ത്രീയിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ തന്നെയാണ് നമുക്ക് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് മാഫിയകൾ കള്ളപ്പണം വെളുപ്പിക്കുവാനും മയക്കുമരുന്ന് വിപണനത്തിനും ക്രിമിനലുകളുടെ ഒളിത്താവളമായുമെല്ലാം സിനിമയെ ചില തത് പര കക്ഷികൾ ഉപയോഗിക്കുകയാണ്.
വിധേയത്വമുള്ളതും പുരുഷ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ രീതിയിൽ സ്ത്രീയെയും അവളുടെ ലോകത്തെയും ചിത്രീകരിക്കുന്ന പ്രവണത സിനിമ ലോകത്ത് ആശങ്കാജനകമാം വിധം വർദ്ധിക്കുകയും ചെയ്യുന്നു. തൊഴിലിടങ്ങളിൽ നടിമാർ അനുഭവിക്കുന്നത് പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത വിധം പ്രാകൃതമായ പീഡനങ്ങളാണെന്നാണ് പറയുന്നത്.
സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം തന്നെ മാനസികമായും ശാരീരികമായും അവർ ആക്രമിക്കപ്പെടുന്നു. തിരശ്ശീലക്ക് പിന്നിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഹേമ കമ്മിറ്റി പുറത്തു വിട്ടപ്പോൾ മലയാള സിനിമ മേഖലയിലെ അനഭിലഷണീയമായ പ്രവണതകൾക്കെതിരെ എഐവൈഎഫ് ഇന്നലെകളിൽ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞ യാഥാർഥ്യങ്ങൾ വീണ്ടും ചർച ചെയ്യപ്പെടുകയാണ്.