തിരുവനന്തപുരം: അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. സേനാ വിഭാഗങ്ങൾ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും സൈനിക വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടർമാരുടെ യോഗം വിളിക്കും.
വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയർ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാർ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കർശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.
വിഴിഞ്ഞത്തെ പുറംകടലിൽ ചരക്ക് കപ്പൽ നങ്കൂരമിട്ടതിനെ തുടർന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പൽ പുറംകടലിൽ തുടരുന്നതെന്നാണ് വിവരം. പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ അധികൃതർ പറഞ്ഞു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസർവീസുകൾ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാൽ ആഭ്യന്തരയാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർമുമ്പും അന്താരാഷ്ട്ര യാത്രക്കാർ അഞ്ചു മണിക്കൂർമുമ്പും എത്തണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.