കൊച്ചി: കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക സർവകലാശാല വി സിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്‌സും എടുത്ത തീരുമാനമാണ് ഗവർണർ തടഞ്ഞിരുന്നത്. സിൻഡിക്കേറ്റ്, ഗവേണിങ് ബോർഡ് തുടങ്ങിയ സമിതികൾ കൈക്കൊണ്ട തീരുമാനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ ഇടപെടൽ.
വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വി സി സ്ഥലം മാറ്റിയത് പുനഃപരിശോധിക്കാൻ പ്രത്യേകമായി മറ്റൊരു സമിതി രൂപീകരിച്ചതും, ഗവർണർക്ക് വി സി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്ന തീരുമാനവുമാണ് ഗവർണർ തടഞ്ഞത്. ഇതിനെതിരെ സിൻഡിക്കേറ്റ് അംഗം ഐ ബി സതീഷ് എംഎൽഎ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
യൂണിവേഴ്സിറ്റി നിയമത്തിലെ പത്താംവകുപ്പ് പ്രകാരം സർവകലാശാലയുടെ വിവിധ സമിതികൾ കൈകൊള്ളുന്ന ചട്ടവിരുദ്ധമായ ഏതു തീരുമാനവും സസ്‌പെൻഡ് ചെയ്യുവാനോ മാറ്റം വരുത്തുവാനോവുള്ള അധികാരമുണ്ടെന്ന് ഗവർണർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഗവർണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കെയാണ് ഹൈക്കോടതിയിൽ നിന്ന് ഉത്തരവുണ്ടായിട്ടുള്ളത്.