കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂർത്താക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വയനാട്ടിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ നൽകിയ വാർത്തയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ കോടതിയ്ക്ക് ബോധ്യമുണ്ടെന്നും മാധ്യമങ്ങളെ അത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ദുരന്തത്തിൽ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും ഹൈക്കോടതി പറഞ്ഞു.