ബംഗളൂരു: കർണാടകയിലെ ധർവാഡിൽ മുസ്ലീങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേന. ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്ന മുസ്ലീം മതസ്തർക്കു നേരെയാണ് ഹിന്ദുത്വ സംഘടനകളുടെ അതിക്രമം ഉണ്ടായിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലേക്ക് അതിക്രമച്ചെത്തിയ ശ്രീരാമ സേന പ്രവർത്തകർ പഴം, പച്ചക്കറി മുതലായ സാധനങ്ങൾ റോഡുകളിലേക്ക് വലിച്ചെറിയുകയായിരുന്നു. ധർവാഡിലെ നുഗ്ഗിക്കേരി ആഞ്ജനേയ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് കച്ചവടം നടത്തിയവരാണ് ആക്രമണത്തിനിരയായതെന്ന് ഡെക്കാൻ ഹെറാൾഡ് ഉൾപ്പെടെയുള്ള വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, സ്ഥലത്ത് നടന്ന ആക്രമണത്തിൽ പോലീസ് അക്രമികൾക്ക് അനുകൂലമായ നിലാപാടാണ് സ്വീകരിച്ചതെന്ന് സംഘർഷം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനായ ഹരീഷ് ഉപാധ്യായ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ ഉപാധ്യായ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. മുസ്ലീം മതസ്തർക്കുള്ള അന്തിമ മുന്നറിയപ്പാണിതെന്ന് പോലീസിന്റെ മുന്നിൽ നിന്നും വെല്ലുവിളിച്ചാണ് ശ്രീരാമ സേന പ്രവർത്തകർ സ്ഥലത്ത് നിലകൊണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ, ക്ഷേത്ര പരിസരത്ത് കച്ചവടം ചെയ്യുന്ന മുസ്ലിം കച്ചവടക്കാരോട് അവിടെ നിന്ന് ഒഴിഞ്ഞു പോകുന്നതിനായി ഒരു അന്തിമ ദിവസം നൽകിയിരുന്നു. പതിനഞ്ച് വർഷമായി ഇവിടെ കച്ചവടം നടത്തിവന്നിരുന്ന മുസ്ലിങ്ങളോടാണ് ശ്രീ രാമസേന ഒഴിയാൻ ആവശ്യപ്പെട്ടത്. രാമസേന കൊടുത്ത സമയം കഴിഞ്ഞിട്ടും കച്ചവടം നടത്തിയവർക്കെതിരെയാണ് സേന ആക്രമണം അഴിച്ചു വിട്ടത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സ്ഥലം ഒഴിയാൻ തങ്ങളോട് ആരും തന്നെ ആവശ്യപ്പെട്ടില്ലെന്നും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം തങ്ങൾ നേരിടേണ്ടി വന്നതെന്നും കച്ചവടക്കാർ പറഞ്ഞു.
ഈ പ്രദേശത്ത് കച്ചവടം നടത്തുന്നവരിൽ 99 ശതമാനം പേരും ഹിന്ദുക്കളാണെന്നും സാമ്പത്തികമായി വളരെ പിന്നോട്ട് നിൽക്കുന്നവർക്കാണ് ക്ഷേത്രം സ്റ്റോൾ അനുവദിച്ചിട്ടുള്ളതെന്നുമാണ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കുന്നത്.
“പഴക്കച്ചവടത്തിലെ മുസ്ലിങ്ങളുടെ കുത്തക അവസാനിപ്പിക്കാൻ” ഹിന്ദു കച്ചവടക്കാരിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങണമെന്ന് ബംഗളൂരുവിലെ ഹിന്ദു ജനജാഗ്രിതി സമിതിയുടെ കോ-ഓർഡിനേറ്റർ ചന്ദ്രു മൊഗർ ഹിന്ദുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ധാർവാഡിൽ ഹിന്ദുത്വ ഗ്രൂപ്പിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.