കാസർകോട് ജില്ല നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ജില്ലാ രൂപീകരണത്തിനായി വിപ്ലവ യുവജന പ്രസ്ഥാനം എ ഐ വൈ എഫ് നടത്തിയ പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയവയാണ്.1981 ൽ നടന്ന സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം കാസർകോട് ജില്ലാ രൂപീകരണം ആവശ്യപ്പെട്ടു. സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിന്റെ ചുവട് പിടിച്ച് ജില്ലാ രൂപീകരണത്തിനായി കാൽനട ജാഥകളും, ആർഡിഒ ഓഫീസ് മാർച്ചും നടത്തിയ എഐവൈഎഫ് കാസർകോട്, ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റികൾ ഇതിഹാസ തുല്യമായ പ്രക്ഷോഭപരിപാടികളാണ് അന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് കെ കർത്തമ്പു, താലൂക്ക് കമ്മിറ്റി നേതാക്കളും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുമായ സഖാക്കൾ കെ വി കൃഷ്ണൻ, കെ കൃഷ്ണൻ, എം ബലരാമൻ, ജഗന്നാഥ ഷെട്ടി തുടങ്ങിയവർ നിയമസഭയ്ക്ക് അകത്തുവെച്ച് നടത്തിയ സമരപരിപാടി ജില്ലാ രൂപീകരണത്തിനായുള്ള സമരങ്ങളിലെ നാഴിക കല്ലായി തീർന്നു.
1983 ജൂൺ മാസത്തിൽ ഈ സഖാക്കൾ നിയമസഭ സന്ദർശക ഗാലറിയിൽ നിന്നും ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തി. തുടർന്ന് പൂജപ്പുര ജയിലിൽ സഖാക്കൾ തടവിലായി. ജില്ലാ രൂപീകരണത്തിനായുള്ള സമരത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച എഐവൈഎഫ് സഖാക്കൾക്ക് വീരോചിത വരവേൽപ്പാണ് പിറന്ന മണ്ണ് നൽകിയത്. തുടർച്ചയായ സമര പരിപാടികൾക്കൊടുവിൽ 1984 മെയ് 24 ന് കാസർകോട് ജില്ല പിറന്നപ്പോൾ എഐവൈഎഫിന്റെ പോരാട്ടങ്ങൾ സഫലമാകുകയായിരുന്നു.