Monday, November 25, 2024
spot_imgspot_img
HomeOpinionഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ആത്മാഭിമാനം കാത്ത പ്രസ്ഥാനം, കരുത്തോടെ എഐടിയുസി

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ആത്മാഭിമാനം കാത്ത പ്രസ്ഥാനം, കരുത്തോടെ എഐടിയുസി

രാജ്യത്തെ തൊഴിലാളികൾക്കായി ചെറുതും വലുതുമായ സമരപോരാട്ടങ്ങൾക്ക് എന്നും നേതൃത്വം നൽകുന്ന എഐടിയുസി എന്ന തൊഴിലാളി സംഘടന രൂപീകരിച്ചിട്ട് നൂറു ആണ്ടുകൾ പിന്നിട്ടിരിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാ​ഗത്തിനൊപ്പം അടിയുറച്ച് പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് (എഐടിയുസി) പത്ത് ദശാബ്ദം പിന്നിടുമ്പോൾ നടക്കുന്ന ദേശീയ സമ്മേളനമാണ് ആലപ്പുഴയുടെ വിപ്ലവമണ്ണിലെത്തി നിൽക്കുന്നത്. രാജ്യത്തെ ആദ്യത്തേതും അംഗസംഖ്യയിൽ നിലവിൽ മൂന്നാമതുള്ളതുമായ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളന രാജ്യമൊട്ടാക ശ്രദ്ധിക്കുന്നതായിരിക്കും. അതിനാൽ ഇനി രാജ്യത്തിന്റെ ശ്രദ്ധ വയലാറിൻ്റെ വീര സ്മൃതികൾ ഉറങ്ങുന്ന ആലപ്പുഴയിലേക്കായിരിക്കും.

1827ലെ ആദ്യ പണിമുടക്കു മുതൽ സമരങ്ങളുടെ നീണ്ട ചരിത്രമാണ് രാജ്യത്തെ തൊഴിലാളി വർഗത്തിനുള്ളത്. ബ്രിട്ടിഷ് ഭരണത്തെ ചെറുക്കാൻ തൊഴിലാളികളും കൃഷിപ്പണിക്കാരും ആദിവാസികളുമാണ് ആദ്യം സമരം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചു തുടങ്ങിയ 1900 മുതൽക്കേ ദേശീയ പ്രസ്ഥാനത്തിനോടൊപ്പം തൊഴിലാളി പ്രസ്ഥാനവും വളരാൻ തുടങ്ങിയിരുന്നു. ജോലിസമയം വർധിപ്പിച്ചതിനെതിരെ ബോംബെ, കൽക്കട്ട, മദ്രാസ്, കാൺപൂർ, അഹമ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടന്നു. അതോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം സജീവമായി.

1900–1920 കാലത്തേതായി 1000 സമരങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര നായകനായിരുന്ന ബാലഗംഗാധര തിലകനെ ആറു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചതിനെതിരേ 1908 ജൂലൈ 23 മുതൽ 28 വരെ ബോംബെയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് ഈ കാലഘട്ടത്തിലെ ഐതിഹാസിക സമരമായിരുന്നു. 1917‑ലെ ഒക്ടോബർ വിപ്ലവം ഇന്ത്യയിലെ തൊഴിലാളികൾക്കും ആവേശവും ഉത്തേജനവും പകർന്ന് നൽകി. റൗലറ്റ് ആക്ടിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങൾ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകരുന്നതായിരുന്നു. 1920‑ന്റെ ആദ്യ പകുതിയിൽ മാത്രം 15 ലക്ഷം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറോളം പണിമുടക്ക് സമരങ്ങൾ രാജ്യമെമ്പാടും നടന്നു. അതോടൊപ്പം രാജ്യത്തിന്റെ നാനാമേഖലകളിൽ നിരവധി തൊഴിലാളി സംഘടനകൾ രൂപീകരിക്കപ്പെട്ടു.

1800-കളുടെ പകുതിയിൽ തന്നെ പല മേഖലകളിലും പണിമുടക്കുകളും തൊഴിൽ സമരങ്ങളും അരങ്ങേറിയിരുന്നു. ജോലി സമയം കുറയ്ക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി നിരവധി പണിമുടക്കുകൾ തുടർന്ന് നടന്നു. റയിൽവേ, ചണമിൽ, അച്ചടിശാലകൾ, അലക്ക്, പാൽ വിതരണം, ശുചീകരണം, തോട്ടങ്ങൾ, ഖനികൾ എന്നീ വിഭാഗങ്ങളിലും നാവിക മേഖലയിലുള്ള തൊഴിലാളികൾ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തിയാർജിച്ചു. ഈ പശ്ചാത്തലത്തിലാണ് 1920 ജൂലൈ 16ന് ബോംബെയിൽ ഒരു സമ്മേളനം ചേർന്നതും ‘ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്’ എന്ന സംഘടന രൂപീകരിക്കണമെന്ന് തീരുമാനിക്കുന്നതും. രൂപീകരണ സമ്മേളനം വിജയിപ്പിക്കുന്നതിനായി ജോസഫ് ബാപിസ്റ്റ അധ്യക്ഷനായി 500 പേരടങ്ങുന്ന ഒരു സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു. ഇതിന്റെ തുടർച്ചയായിട്ടാണ് 1920 ഒക്ടോബർ 31ന് ബോംബെയിലെ എമ്പയർ തിയേറ്ററിൽ ചേർന്ന സമ്മേളനം ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി വർഗ പ്രസ്ഥാനമായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന് ജന്മം നൽകുന്നത്. ആദ്യ പ്രസിഡന്റായി ലാലാ ലജപത് റായിയെയും ജനറൽ സെക്രട്ടറിയായി പി എം പവാറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

സംഘടന നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് 1923 ലെ വർക്കേഴ്സ് കോമ്പൻസേഷൻ ആക്ടും, 1926 ലെ ട്രേഡ് യൂണിയൻ ആക്ടും പോലുള്ള നിരവധി തൊഴിലാളി ക്ഷേമനിയമങ്ങൾ രാജ്യത്ത് നടപ്പായത്. 1920 മുതൽ 1947 വരെ 27 വർഷക്കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന എണ്ണമറ്റ സമരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ തൊഴിലാളികൾ രക്തസാക്ഷികളായി. സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി 1972 ൽ രാഷ്ട്രം സ്വാതന്ത്ര്യസമര സേനാനികളെ താമ്രപത്രം നൽകി ആദരിച്ചപ്പോൾ അതേറ്റു വാങ്ങിയവരിൽ നല്ലൊരു പങ്കും തൊഴിലാളി നേതാക്കളായിരുന്നു.

തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ആവേശകരമായ പ്രവർത്തനമാണ് ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും വിദേശ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുക്കും. തൊഴിലാളി മുന്നേറ്റത്തിന്റെ ഉജ്ജ്വലമായ സമര ചരിത്രമുള്ള ആലപ്പുഴയുടെ മണ്ണിൽ നടക്കുന്ന ദേശീയ സമ്മേളനം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ മാറ്റങ്ങൾക്ക് സുപ്രധാനമായ പങ്കുവഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares