അതുൽ നന്ദൻ
പകലന്തിയോളം പാടങ്ങളിൽ അധ്വാനത്തിന്റെ വിയർപ്പൊഴുക്കി നെല്ല് വിളയിച്ച് പത്തായപ്പുരകളാകെ നിറച്ചവർ നാടുവാഴിത്തത്തിന്റെയും ജന്മിത്വത്തിന്റെയും കിരാത മർദനങ്ങളേറ്റുവാങ്ങി നിലനിൽപ്പിനും ഒരു പിടി അന്നത്തിനുമായി തലയുയർത്തി പോരാട്ടത്തിനിറങ്ങിയ ഒരു ജനതയുടെ ത്യാഗോജ്വലമായ രണ സ്മരണകളാണ് കരിവെള്ളൂരും കാവുമ്പായിയും. കമ്മ്യൂണിസ്റ്റ് ഭൂപടത്തിൽ കേരളം അടയാളപ്പെട്ടത് കാർഷിക സമരങ്ങളിലൂടെയാണ് അടിച്ചമർത്തപ്പെട്ടവന്റെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും അവകാശപോരാട്ടങ്ങളുടെ പൊള്ളുന്ന സമരയാഥാർഥ്യങ്ങളിലേക്ക് കൈയ്‌പിടിച്ചു നടത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്.
ചൂഷണത്തിന്റെയും പട്ടിണിയുടെയും കണ്ണീരണിഞ്ഞ ഒരു ജനത അടിമ സമാനമായ ജീവിതം നയിച്ച ആ ഇരുണ്ട കാലത്തെയും സാമ്രാജ്യത്വ നാടുവാഴിത്ത ബിംബങ്ങളെയും തച്ചുടച്ചു മുന്നേറിയതും പോരാട്ടത്തിന്റെ പാതയിൽ ബഹുജനങ്ങളെ അണിനിരത്തിയതുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗ പ്രത്യയശാസ്ത്രം തന്നെയാണ്.ഉത്തര മലബാറിന്റെ മണ്ണിൽ ചോര ചുവപ്പ് പടർത്തിയ ആ കർഷക വിപ്ലവ പോരാട്ട ചരിത്രത്തിന് 75 വയസ് പിന്നിടുന്നു. കേരളത്തിന്റെ രാഷ്ട്രീയ മനസിനെ പാകപ്പെടുത്തുന്നതിൽ ചെറുതും വലുതുമായ എണ്ണമറ്റ രാഷ്ട്രീയ കർഷക സമരങ്ങളുടെ പങ്ക് വളരെ വലുതാണ്. ജന്മിമാരുടെ കാട്ടാള നീതിക്കെതിരെ ഉത്തര മലബാറിലെ മണ്ണിന്റെ മക്കളുടെ സംഘടിത സമര ചരിത്രം ആരംഭിക്കുന്നത് 1935 ലാണ്.
1935 ജൂലായ് മാസത്തിൽ പഴയ ചിറയ്ക്കൽ താലൂക്കിലെ കൊളച്ചേരി അംശത്തിൽ നാണിയുരിലുള്ള ഭാരതീയ മന്ദിരത്തിൽ വെച്ച് കർഷകരുടെ ഒരു യോഗം ചേർന്ന് വി.എം വിഷ്‌ണു ഭാരതീയൻ പ്രസിഡന്റും കെ.എ കേരളീയൻ സെക്രട്ടറിയുമായ കൊളച്ചേരി കർഷക സംഘം രൂപീകരിക്കപ്പെട്ടു. 1935 സെപ്റ്റംബറോടുകൂടി കരിവെള്ളൂർ ,വെള്ളൂർ ,പെരളം,കൊടക്കാട് എന്നീ പ്രദേശങ്ങൾ കേന്ദ്രമാക്കി എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കരിവെള്ളൂർ കർഷക സംഘം രൂപീകരിക്കുകയുണ്ടായി. പിൽക്കാലത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിക്കപെട്ട ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു കർഷക സംഘം രൂപീകരണം. കരിവെള്ളൂർ കർഷ സംഘം ഏറ്റെടുത്ത ആദ്യത്തെ പ്രശ്നം കൃഷിക്കാർക്ക് തോല് (പച്ചില വളം ) ശേഖരിക്കുന്നതിനുള്ള അവകാശം സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നു. വൻകിട ജന്മിയായിരുന്ന താഴേക്കാട്ട് മനയ്ക്കൽ വക കാട്ടിൽ നിന്ന് തോലെടുക്കുന്നതിനും ചിറയ്ക്കൽ തമ്പുരാന്റെ കാര്യസ്ഥന്മാരുടെ മർദനം അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള സമരത്തോടെയാണ് കർഷക പ്രസ്ഥാനം കരിവെള്ളൂരിന്റെ മണ്ണിൽ വേരൂന്നിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചെങ്കിലും ഭക്ഷ്യ ക്ഷാമം കൊടുമ്പിരികൊണ്ടു നിൽക്കുന്ന അക്കാലത്ത് കോഴിക്കോട് ടൗൺ ഹാളിൽ വെച്ചു നടന്ന ഒരു കർഷക സംഘ യോഗത്തിൽ ജന്മിമാരുടെ പത്തായപ്പുരകളിലെത്തുന്നതിനുമുൻപ് നെല്ല് തടഞ്ഞെങ്കിൽ മാത്രമേ കരിഞ്ചന്ത തടയാൻ കഴിയുകയുള്ളൂവെന്നും സഹകരണ സംഘങ്ങളിലേക് ഈ നെല്ല് നൽകണമെന്നുമുള്ള പ്രമേയം പാസായി.തരിശു ഭൂമി സർക്കാരിന്റേതായാലും വ്യക്തികളുടേതായാലും സർക്കാർ എടുത്തു തരാത്ത പക്ഷം കൃഷിക്കാർ അവയിലിറങ്ങി കൃഷി ചെയ്യണമെന്നും സമ്മേളനം തീരുമാനിക്കുകയുണ്ടായി. കരിവെള്ളൂരിലെ വയലുകളിൽ വിളഞ്ഞ നെല്ല് ജന്മിമാരുടെ പത്തായത്തിലേക് കടത്തുന്നതിന് പകരം പിസിസി സ്റ്റോറുകൾ വഴി ജനങ്ങൾക്ക് വിതരണം ചെയ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.
എ വി കുഞ്ഞമ്പു
കർഷക സംഘത്തിന്റെ ശ്രമഫലമായി അന്നത്തെ പ്രകാശം മന്ത്രിസഭ നാട്ടിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായാണ് പിസിസി സ്റ്റോറുകൾ സ്ഥാപിച്ചത്. ചിറക്കൽ താലൂക്കിൽ പയ്യന്നൂരിലാണ് കരിവെള്ളൂർ വില്ലജ് ചിറക്കൽ തമ്പുരാൻ പാട്ടമായി വളരെയധികം നെല്ല് കരിവെള്ളൂരിൽ നിന്നും കടത്തികൊണ്ടുപോകാറുണ്ട്. അത് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും സൊസൈറ്റിയിൽ തന്നെ കൊടുക്കണമെന്നും കർഷകർ അറിയിച്ചു എന്നാൽ ജന്മികൾ അതിനൊരുക്കമല്ലായിരുന്നു. കർഷക പ്രസ്ഥാനം വളരെ ശക്തിയാർജിച്ച കരിവെള്ളൂരിൽ സമര നായകൻ എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘം രൂപീകരിക്കുകയും വിപ്ലവ പോരാട്ടങ്ങൾ നയിക്കുകയുമുണ്ടായി. ചിറക്കൽ തമ്പുരാന്റെ പാട്ട നെല്ല് കൂട്ടിയിരുന്നത് കരിവെള്ളൂരിന്റെ തെക്ക് കൂടി ഒഴുകിയിരുന്ന കൗവ്വായി പുഴയുടെ വടക്കേക്കരയിലായിരുന്നു.ഗുണ്ടകളുടെയും പോലീസിന്റെയും ഒത്താശയോടെ നിരവധി തവണ നെല്ല് കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നു. പയ്യന്നൂർ, നീലേശ്വരം,ഇരിക്കൂർ പ്രദേശങ്ങളിൽ കാർഷിക വിപ്ലവം ആരംഭിച്ചെന്നും അതിനാൽ പോലീസിനെ ക്യാമ്പ് ചെയ്യിപ്പിക്കണമെന്നും ജന്മികൾ ആവശ്യപ്പെടുകയുണ്ടായി.ഇതോടു കൂടി MSP ക്കാരും ഗുണ്ടകളും നാട്ടിൽ തേർവാഴ്‌ച നടത്താൻ തുടങ്ങി.എന്നാൽ ധീരരായ നാട്ടുകാർ ഭീഷണിക്കുമുൻപിൽ പിൻവാങ്ങാൻ തയ്യാറായില്ല എന്ന് മാത്രമല്ല വലിയ ചെറുത്തു നിൽപ്പും നടത്തി.1946 ഡിസംബർ 20 നു പോലീസും ഗുണ്ടകളും നെല്ല് കടത്താൻ വരുകയും കർഷക സമര സഖാക്കൾക്ക് നേരെ നിറയൊഴിക്കുകയും ഭീകരമായ ലാത്തിചാർജും നടത്തി. തിടിൽ കണ്ണൻ , കീനേരി കുഞ്ഞമ്പു എന്നീ രക്ത താരകങ്ങൾ കുണിയൻ പുഴക്കരയിൽ ജന്മിത്വത്തിന്റെയും കൊടിയ ദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകൾ നെഞ്ചിലേറ്റുവാങ്ങി. കീനേരി കുഞ്ഞമ്പുവിന് 16 വയസായിരുന്നു പ്രായം. 193 പാർട്ടി പ്രവർത്തകരെ പ്രതികളാക്കി കേസ് ചാർജ് ചെയ്യപ്പെട്ടു.
വി എം വിഷ്ണുഭാരതീയൻ
ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ മലബാറിൽ നടന്നിട്ടുള്ള കർഷക സമരങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തിലെ കാവുമ്പായി ഗ്രാമത്തിൽ 1946 ഡിസംബർ 30 നു നടന്ന കാവുമ്പായി കാർഷിക സമരം. ഇരിക്കൂർ പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രധാനപ്രതി കുഞ്ഞിക്കണ്ണനായിരുന്നു.ഈ പ്രദേശങ്ങളിലെ കർഷക സംഘത്തിന്റെ മുഖ്യ പ്രചാരകനായിരുന്ന അദ്ദേഹം അക്കാലത്ത് മൊറാഴ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊറാഴ സംഭവത്തിന് ശേഷം സബ് ഇൻസ്‌പെക്ടർ രാമൻ മേനോന്റെ നേതൃത്വത്തിൽ നടന്ന പോലീസ് നര നായാട്ട് ആർക്കും ഭീതിയോടെ അല്ലാതെ വിവരിക്കാൻ സാധിക്കുമായിരുന്നില്ല.അടിമകളെപോലെ ജീവിക്കുന്നതിനേക്കാൾ പൊരുതിമരിക്കുന്നതാണ് നല്ലതെന്ന് നാട്ടുകാർ തീരുമാനിച്ചു.നാടുവാഴി പ്രഭുക്കളുടെ വക കാട്ടു പ്രദേശങ്ങൾപോലും കൃഷി ചെയ്യുന്നതിന് അവരുടെ അനുവാദം വേണ്ടിയിരുന്നു.കരക്കാട്ടിടം നായനാരും കല്യാട്ടെ എശമാനനും തങ്ങളുടെ ഭൂമിയിൽ കാടുപോലും പാട്ടത്തിനാണ് കൊടിത്തിരുന്നത്. ഈ കടുത്ത ചൂഷണത്തിനെതിരായും ജന്മിമാരുടെ ക്രൂരതകൾക്കെതിരായും കർഷക പ്രസ്ഥാനം ശബ്ദമുയർത്താൻ തുടങ്ങിയപ്പോൾ ജന്മിമാർ പ്രതികാര നടപടികൾ ആരംഭിച്ചു.
കാവുമ്പായി കുന്നിൽ 1946 ഡിസംബർ മുപ്പതാം തിയ്യതി ഒരു വലിയ വിഭാഗം കർഷകർ ഒത്തുകൂടിയിരുന്നു ജന്മിയായിരുന്ന നായനാരുടെ ഒറ്റുകാർ മുഖേന വിവരം ലഭിച്ച പോലീസ് കുന്നു വളയുകയുകയും കൂടിയാലോചനകയ്ക്കുശേഷം കിടന്നുറങ്ങുന്ന സഖാക്കൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പോലീസിന്റെ തോക്കിനും ലാത്തിക്കും മുൻപിൽ പതറാതെ തലയുയർത്തി പോരാടിയ സഖാവ് പി.കുമാരൻ ,മഞ്ഞേരി ഗോവിന്ദൻ നമ്പ്യാർ ,അലോറമ്പൻ കൃഷ്‌ണൻ,അപ്പ നമ്പ്യാർ,പുളുക്കൽ കുഞ്ഞിരാമൻ എന്നിവർ ധീര രക്തസാക്ഷികളായി. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതു മറിച് പാകപ്പെടുത്തുന്നതിൽ കരിവെള്ളൂരും കാവുമ്പായിയും പുന്നപ്രവയലാറുമെല്ലാം വഹിച്ച പങ്ക് നിസ്തുലമാണ്.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും ദേശീയ സമരങ്ങളുടെയും പടക്കളങ്ങളായിത്തന്നെ വേണം ആ കാർഷിക സമരങ്ങളുടെ ചരിത്രത്തെ അടയാളപെടുത്തേണ്ടത്. ഒരു ജനതയെയാകെ പ്രത്യാശയുടെ ചെങ്കൊടിക്കു കീഴിൽ അണിനിരത്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിപ്പിച്ച, മനുഷ്യ ശരീരങ്ങളും ഉരുക്കും നേർക്കുനേർ ഏറ്റുമുട്ടിയ ഐതിഹാസികമായ വിപ്ലവ സമരമാണ് കരിവെള്ളൂർ. കരിവെള്ളൂർ സമരത്തിന്റെ നാന്ദി കുറിക്കപ്പെട്ട കുണിയൻ പുഴക്കരയിൽ നിന്നും വീശുന്ന കാറ്റിനും വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾക്കുമെല്ലാം പറയാൻ അടിച്ചമർത്തപ്പെട്ടവന്റെ കഥയുണ്ട് അതിലുപരി ചോര ചീന്തി മണ്ണിനെ ചുവപ്പിച്ച അവകാശ സമരപോരാട്ടങ്ങളുടെ കഥയും. പോയകാലത്തിന്റെ കനലെരിയുന്ന സ്‌മൃതികളിൽ നിന്നും നമുക്ക് കരുത്ത് നേടാം.കരിവെള്ളൂരിലെയും കാവുമ്പായിലെയും രക്തതാരകങ്ങളെ നെഞ്ചിലേറ്റാം.