Thursday, November 21, 2024
spot_imgspot_img
HomeOpinionആ ഇടതു പാർട്ടികളിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് പഠിക്കാൻ ഒരുപാടുണ്ട്; ലാറ്റിൻ അമേരിക്കയുടെ പുതിയ പിങ്ക്...

ആ ഇടതു പാർട്ടികളിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് പഠിക്കാൻ ഒരുപാടുണ്ട്; ലാറ്റിൻ അമേരിക്കയുടെ പുതിയ പിങ്ക് ടൈഡ് (ഭാഗം 2)

ജെസ്‌ലോ ഇമ്മാനുവൽ ജോയ്

കൊളംബിയയിൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ, ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയം വീണ്ടും ലോക ശ്രദ്ധയിലേക്ക് കടന്നുവന്നിരിക്കുകയാണ്. ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ ചരിത്രം ചർച്ച ചെയ്യുന്ന ‘ലാറ്റിൻ അമേരിക്കയുടെ പുതിയ പിങ്ക് ടൈഡ്’ ലേഖന പരമ്പരയിലെ രണ്ടാം ഭാഗം വായിക്കാം.

ലാറ്റിൻ അമേരിക്കൻ വിപ്ലവം

ർഷം 1944, ഗ്വാട്ടിമാലയിൽ ജനകീയ മുന്നേറ്റത്തിലൂടെ അമേരിക്കൻ പാവയായ ഉബിക്കോയെ ജനങ്ങൾ താഴെയിറക്കി, പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിയായ ഡോക്ടർ ജുവാൻ ഹോസെ അറേവലോ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ അതിര് കവിഞ്ഞ ഇടപെടലിനും, സാമ്പത്തിക ചൂഷണത്തിനും ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയായിരുന്നു ആ വിജയം.

ജനങ്ങളുടെ തിരഞ്ഞെടുപ്പിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഭരണമാണ് അറേവലോ കാഴ്ച വെച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടി പങ്കാളിത്തത്തോടെ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടി കൊടുക്കുകയും, മുൻ ഗവൺമെന്റ് കുത്തക കമ്പനികൾക്ക് കൈമാറിയ ഭൂമി ജനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്ന പോലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് അറേവലോ ഗവൺമെന്റ് കൊണ്ട് വന്നത്. സോവിയറ്റ് യൂണിയനോട് മികച്ച ബന്ധങ്ങളുണ്ടാക്കാനും ഈ കാലയളവിൽ രാജ്യത്തിന് സാധിച്ചു. എന്നാൽ അന്ധമായ ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടന്ന അമേരിക്കയ്ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, 1945-ൽ തന്നെ ലംഘിച്ച മൺറോ ഡോക്ട്രൈൻ പരിണമിച്ച് ഉണ്ടായ good neighbor policy -യെ ( ലാറ്റിൻ രാഷ്ട്രങ്ങളിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ല എന്ന വിദേശ നയം ), കാറ്റിൽ പറത്തി കൊണ്ട്, അമേരിക്കൻ ചാര സംഘടനയുടെ പിന്തുണയോട് കൂടി, ഭൂമിയില്ലാത്ത കർഷകർക്ക് ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കൊടുത്ത അറേവലോയുടെ പിൻഗാമിയായ അർബെൻസിനെ വിധ്വംസക ശക്തികൾ അട്ടിമറിച്ചു.

1954-ൽ ഈ അട്ടിമറി നടന്ന സയമത്ത് അന്ന് ഗ്വാട്ടിമാലയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറും, ക്യൂബയിലെ ഒരു അഭിഭാഷകനും ചേർന്ന് 1959-ൽ, നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിൽ റഷ്യൻ വിപ്ലവ മാതൃകയിൽ അമേരിക്കയുടെ പാദസേവകനായ ബാറ്റിസ്റ്റയെ താഴെയിറക്കി. സഖാവ് ചെ ഗുവേരയുടെയും ഫിഡൽ കാസ്‌ട്രോയുടെയും നേതൃത്വത്തിൽ നടന്ന ഈ ജനകീയ സായുധ മുന്നേറ്റം, ലാറ്റിൻ രാജ്യങ്ങളിൽ പാർത്തിരുന്ന ജനങ്ങൾക്ക് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായി ഉള്ള പോരാട്ടത്തിന് പുതു ഊർജ്ജം പകർന്നു.

എന്ത് കൊണ്ട് കമ്മ്യൂണിസം എന്ന് അന്നും ഇന്നും നെറ്റി ചുളിക്കുന്നവർക്ക്, സ്റ്റോക്ലി കാർമൈക്കൾ എന്ന കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന അമേരിക്കൻ ആക്ടിവിസ്റ്റിന്റെ വാക്കുകളാണ് മറുപടി:’അഹിംസ പ്രവർത്തിക്കണമെങ്കിൽ നിങ്ങളുടെ എതിരാളിക്ക് മനസാക്ഷി ഉണ്ടായിരിക്കണം, അമേരിക്കയ്ക്ക് അതില്ല’.

ഫിഡൽ കാസ്‌ട്രോ ഭരണത്തിൽ വന്നപ്പോൾ, ക്യൂബയിൽ നിലനിന്നിരുന്ന മുതലാളിത്ത സാമ്പത്തിക നയങ്ങളെ എടുത്ത് കളഞ്ഞു, പകരം മാർക്സിയൻ സാമ്പത്തിക രീതികൾ സ്ഥാപിച്ചു. സാക്ഷരതയിൽ ഊന്നൽ നൽകി കൊണ്ട്, വിദ്യാഭ്യാസത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന നയം ആയിരുന്നു അത്. universal health care എന്ന ആശയത്തോട് അനുബന്ധിച്ച് മികച്ച ഡോക്ടർമാരെ ലോകത്തിലേക്ക് അയക്കാൻ വേണ്ടി മികവേറിയ മെഡിസിൻ വിദ്യാഭ്യാസവും, ഹോസ്പിറ്റലുകളും കൊണ്ട് വരുന്നതിൽ മുൻഗണന കൊടുത്തു. ഇന്നും സാമ്പത്തികമായും, കലാപങ്ങളാലും ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിൽ യു.എൻ അയക്കുന്ന മെഡിക്കൽ സംഘത്തിൽ ക്യൂബൻ ഡോക്ടർമാരുടെ സംഭാവന വളരെ വലുതാണ്.

പഞ്ചസാരയിലും, പുകയിലയിലും മാത്രം ഒതുങ്ങി നിന്ന ക്യൂബൻ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ വിപുലീകരിച്ച്, മറ്റ് സ്രോതസുകൾ കൂടി കണ്ടെത്താൻ ഈ ഭരണകൂടത്തിന് സാധിച്ചു. എന്നാൽ ക്യൂബയിലെ ഈ സോഷ്യലിസ്റ്റ് വളർച്ചയെ തകർക്കാൻ വേണ്ടി, അമേരിക്ക 1961- ൽ കുപ്രസിദ്ധമായ ബേ ഓഫ് പിഗ്‌സ് അധിനിവേശം എന്ന അട്ടിമറി ശ്രമം നടത്തിയെങ്കിലും, വിപ്ലവ വീര്യം നിറഞ്ഞ ക്യൂബൻ സൈന്യം അതിനെ തകർത്തുവിട്ടു. സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം സ്ഥാപിച്ചതോടെ, അമേരിക്ക ക്യൂബയുടെ മുകളിൽ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ഇടതിനെ കണ്ണിൽ കണ്ടുകൂടാത്ത മാറി മാറി വരുന്ന അമേരിക്കൻ പ്രസിഡന്റുമാർ , ഇന്നേ ദിവസം വരെ മേൽ പറഞ്ഞ ഉപരോധം തുടർന്ന് പോരുന്നു.

എന്നാൽ ഈ സംഭവവികാസങ്ങളെല്ലാം നിരീക്ഷിച്ച് കൊണ്ടിരുന്ന ജനങ്ങളുടെ ഹൃദയത്തിൽ ഈ ക്യൂബൻ വസന്തം സ്ഥാനം പിടിച്ചിരുന്നു. രാഷ്ട്രീയമായും, സാമ്പത്തിമായും ഇടത് നയങ്ങൾ ക്യൂബയ്ക്ക് കൊണ്ടുവന്ന പുരോഗതി, മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുള്ള ജനങ്ങളുടെ മനസ്സിൽ നിന്ന് വലത് ലിബറൽ – കൺസർവേറ്റീവ് പ്രസ്ഥാനങ്ങൾ പുറം തള്ളപ്പെട്ടു.

Also Read:- ലാറ്റിന്‍ അമേരിക്കയുടെ പുതിയ പിങ്ക് ടൈഡ് (ഭാഗം 1) https://youngindianews.in/history-of-latin-america-first-part/

1970- ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്നും ചിലിയൻ ജനത നെഞ്ചിലേറ്റുന്ന സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവദോർ അല്ലൻദേ, 1979- ൽ നിക്കരാഗ്വയിൽ ജനകീയ മുന്നേറ്റത്തിലൂടെ ഭരണത്തിൽ വന്ന സാൻഡിസ്സ്റ്റ ഗവൺമെന്റ് ഒക്കെയും ഇടതുപക്ഷത്തെ ഹൃദയ പക്ഷമായി സ്വീകരിച്ചതിന്റെ തെളിവുകളാണ്. ലാറ്റിൻ രാജ്യങ്ങളിലെ ഈ ഇടത് തരംഗം തീവ്ര വലത് പക്ഷക്കാരനായ റൊണാൾഡ് റീഗൻ എന്ന അമേരിക്കൻ പ്രസിഡന്റിനെ വിറളി പിടിപപിക്കുന്ന തരത്തിലായിരുന്നു. അമേരിക്കയും അവരുടെ ചാര സംഘടനയും ചേർന്ന് രാഷ്ട്രീയത്തിൽ മതം കലർത്തിയും, സൈനിക ഉദ്യോഗസ്ഥരെ വിലയ്ക്ക് വാങ്ങി അട്ടിമറി ശ്രമങ്ങൾ നടത്തിയുമായിരുന്നു സോഷ്യലിസ്റ്റ് ഗവണ്മെൻന്റുകളെ താഴെയിറക്കാൻ നോക്കിയത്.

അഗസ്റ്റസ് പിനോഷെ എന്ന ചിലിയിലെ സൈനിക മേധാവിയെ വെച്ച് അമേരിക്ക നടത്തിയ ചോരയിൽ മുങ്ങിയ അട്ടിമറി എത്തി നിന്നത് ജനകീയനായ സാൽവദോർ അല്ലൻദേയുടെ ദാരുണമായ മരണത്തിലായിരുന്നു. ‘കൊണ്ട്ര’ എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്ക ചെല്ലും ചിലവും കൊടുത്ത് വളർത്തിയ വലത് പക്ഷ മിലിട്ടന്റ് ഗ്രൂപ്പ് രാജ്യത്ത് ഉണ്ടാക്കിയ അരക്ഷിതാവസ്ഥ ആണ് നിക്കരാഗ്വയിൽ ഇടതുപക്ഷ പതനത്തിന് കാരണമായത്.

1959 ല്‍ ഉയര്‍ന്ന ഈ ഇടത് മുന്നേറ്റത്തിന്റെ ഗ്രാഫ് പൂര്‍ണമായും ഇടിഞ്ഞത് 1981 ല്‍, റിവിഷിനിസ്റ്റുകളുടെ തൊഴുത്തില്‍ കുത്ത് കാരണമുണ്ടായ സോവിയറ്റ് യൂണിനിന്റെ പതനത്തോട് കൂടിയാണ്. ആ സംഭവം ലോകത്തെമ്പാടുമുള്ള ഇടത് പക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ലാറ്റിന്‍ രാജ്യങ്ങള്‍ ഇടത് പക്ഷത്തിന്റെ ഈ തളര്‍ച്ചയുടെ കാലത്ത്, നിയോ ലീബറലിസത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് നടന്ന് നീങ്ങുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അമേരിക്കയുടെയും, ലോക ബാങ്കിന്റെയും സര്‍വാധിപത്യത്തിലേക്ക് കടന്ന ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയും കുത്തകകള്‍ക്ക് ആ രാഷ്ട്രങ്ങളിലെ വിഭവ സമ്പത്ത് കൊള്ളയടിക്കാനുള്ള വഴി ഒരുക്കി കൊടുത്തു.

ഇതിനെതിരെ 2000 ല്‍ മറ്റൊരു ഇടത് തരംഗം ഉയര്‍ന്ന് വരുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നു, വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസും, ബൊളീവിയയിലെ എവോ മൊറാലെസും മറ്റും ആയിരുന്നു അന്നത്തെ ഇടത് പക്ഷത്തിന്റെ മുഖങ്ങള്‍. വെനുസ്വെലന്‍ എണ്ണ പാടങ്ങളെ ദേശസാല്‍ക്കരിക്കുന്നതിലൂടെ, വിദേശ എണ്ണ കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ അനുവദിക്കാതിരുന്നത് പോലുള്ള വിപ്ലവകരമായ നയങ്ങള്‍ മുന്നോട്ട് വെച്ച കാലമായിരുന്നു അത്. എന്നാല്‍ അമേരിക്കയുടെ വ്യാജ പ്രചരണത്തിലൂടെയും, ചില അഡ്മിനിസ്‌ട്രേറ്റീവ് പാക പിഴകളും 2000 ലെ ഇടത് തരംഗത്തിന്റെ അയുസ് കുറച്ചു. അതോടെ വീണ്ടും വലത് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലാറ്റിന്‍ രാഷ്ട്രീയ ഭൂമിശാസ്ത്രത്തില്‍ മേല്‍കൈ നേടാന്‍ സാധിച്ചു.

ഇടതിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും, ഇന്ത്യന്‍ ഇടത് പക്ഷത്തിനുള്ള പാഠങ്ങളും

ശക്തമായ ഇടത് തരംഗത്തിന്റെ കാലത്ത് പോലും ഇടതിന് കാലുറപ്പിക്കാന്‍ പറ്റാത്ത ഒരു രാജ്യമാണ് കൊളംബിയ, വലത് പക്ഷ രാഷ്ട്രീയവും അമേരിക്കന്‍ മോഡലും കൊളംബിയന്‍ ഭരണ സംവിധാനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇടതാശയങ്ങള്‍ അക്രമവും, ഭീകരതയും മാത്രമാണ് എന്ന് വലത് പക്ഷ ശക്തികള്‍ ചില മിലിറ്റന്റ് ഗ്രൂപ്പുകളെ ചൂണ്ടി കാണിച്ചു കൊണ്ട് നടത്തിയ വ്യാജ പ്രചാരണങ്ങളും മറ്റും ഇടത് പക്ഷത്തിന് ജനങ്ങളുമായുള്ള ബന്ധത്തില്‍ തടസങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ 2016 ല്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടി, അത്രയും കാലം കണ്‍സര്‍വേറ്റീവുകളെ മാത്രം ജയിപ്പിച്ച് കൊണ്ടിരുന്ന ജനം, പതുക്കെ വലത് പക്ഷ രാഷ്ട്രീയത്തെ ഉപേക്ഷിക്കുന്നതിന് കാരണമായി. കെടുകര്യസ്ഥതയും, അഴിമതിയും, എല്ലാം അമേരിക്കയുടെ കാല്‍ പാദത്തില്‍ കൊണ്ട് വെക്കുന്ന നയങ്ങളും, കോവിഡ് മൂര്‍ച്ചിച്ച സമയത്ത് ഉണ്ടായ കാര്യക്ഷമതയില്ലായ്മയും കാരണം ജനങ്ങള്‍ വലത് പക്ഷ സ്ഥാനാര്‍ത്ഥിയെ തഴഞ്ഞു. പകരം മുന്‍ ഗെറില്ല നേതാവും കൂടി ആയ ഗുസ്താവോ പെട്രോ എന്ന ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചു.

ഇതോടെ ലാറ്റിന്‍ അമേരിക്കന്‍ പ്രദേശത്തെ രാഷ്ട്രീയ ഭൂമി ശാസ്ത്രത്തില്‍ ഇടത് പക്ഷത്തിന് വന്‍ സ്വീകാര്യതയും, സ്വാധീനവുമാണ് ഉണ്ടായിരിക്കുന്നത്. വരുന്ന ഒക്ടോബറില്‍ നടക്കുന്ന ബ്രസീലിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന ലൂല എന്ന ഇടത് സ്ഥാനാര്‍ത്ഥി വിജയിക്കുന്നതോടെ ചരിത്രത്തില്‍ ആദ്യമായി ലാറ്റിന്‍ പ്രദേശത്തെ ഏഴ് വലിയ രാജ്യങ്ങളിലും ഇടത് പക്ഷ ഗവണ്‍മെന്റ് എന്ന ചിത്രം പൂര്‍ണമാകുന്നു.

ഇടതിന്റെ ഈ മുന്നേറ്റം സാമ്രാജത്വ ശക്തികള്‍ക്ക് എതിരെയുള്ള ശക്തമായ പ്രതിരോധത്തിനേകുന്നത് പുതു പ്രതീക്ഷയാണ്. ക്യൂബയെ എന്നും ഒറ്റപ്പെടുത്താന്‍ നോക്കുന്ന അമേരിക്കന്‍ നയത്തെ തുറന്ന് എതിര്‍ത്ത മെക്‌സിക്കോ ഇതിന്റെ ഉദാഹരണമാണ്. ഇടത് പക്ഷം ഭരിക്കുന്ന രാജ്യങ്ങള്‍ ഒറ്റെകെട്ടായി നിന്ന് പ്രോ അമേരിക്കന്‍ നയങ്ങളെ എടുത്ത് കളയുന്നതും, എതിര്‍ക്കുന്നതും സമീപ കാലങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അമേരിക്കയുടെ അടിമത്വത്തില്‍ കിടക്കാതെ സോഷ്യലിസ്റ്റ് ഐക്യത്തിലൂടെ മുന്നേറാന്‍ നോക്കുന്ന ലാറ്റിന്‍ രാജ്യങ്ങള്‍ വിപ്ലവകരമായ ഊര്‍ജമാണ് ലോകത്തെമ്പാടുമുള്ള ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.

ഏതാണ്ട് ഒരു ദശാബ്ദ കാലം അധികാര കസേരകളില്‍ നിന്ന് മാറി നിന്നിട്ടും, ഇടതാശയങ്ങളെ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ച്, വലത് പക്ഷ നയങ്ങള്‍ക്ക് എതിരെ ശക്തമായി പോരാടാന്‍ സാധിച്ചതാണ് ലാറ്റിന്‍ ഇടത് പ്രസ്ഥാനങ്ങളുടെ വിജയ രഹസ്യം. ലാറ്റിന്‍ അമേരിക്കയില്‍ കോവിഡ് കൊടുമ്പിരി കൊണ്ടപ്പോള്‍, ബ്രസീലിലെ ബോള്‍സനാരോയെ പോലുള്ള വലത് തുഗ്ലക്ക്മാര്‍ കോവിഡ് വാക്‌സിനില്‍ വരെ കാട്ടി കൂട്ടിയ അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് ഇടത് പക്ഷമാണ്. മറ്റ് വലത് ഭരണ പ്രദേശങ്ങളിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന തുക ഈടാക്കുന്ന വലത് നയം പാവപെട്ട പൊതു ജനങ്ങളുടെ നടു ഒടിക്കുന്നതിന് തുല്യമായിരുന്നു. എന്നാല്‍ ഈ കെടുകാരയസ്ഥതയില്‍ ജനങ്ങളുടെ ഒപ്പം നിന്ന ഇടത് പക്ഷത്തെ, ജനങ്ങള്‍ ഹൃദയത്തിലേറ്റി. അതിന് ചുക്കാന്‍ പിടിച്ചത്, യുവാക്കളും.

36 വയസ് മാത്രം പ്രായമുള്ള ഗബ്രിയേല്‍ ബോറിക് എന്ന ചിലിയന്‍ പ്രസിഡന്റ് ആണ് ഈ ലൈനിന്റെ ഏറ്റവും നല്ല ഉദാഹരണം. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന അദ്ദേഹം, ശക്തമായ വാക്കുകളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയുന്ന ഒരു നേതാവാണ്. LGBT communtiy-യുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും, തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തുന്നതും മറ്റുമായ ഇടത് നയങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്, മുന്‍പ് ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ ലിബറല്‍ സാമ്പത്തിക നയത്തിന്റെ തീവ്ര രൂപമാണ്. കോര്‍പ്പറേറ്റ് വല്‍ക്കരണവും, കരാര്‍ വല്‍ക്കരണവും, വിഭവ സ്വത്തുക്കള്‍ കുത്തകകള്‍ക്ക് വില്‍ക്കുന്നതും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്ന കണ്‍സര്‍വെറ്റീവ് പാര്‍ട്ടികളുടെ രീതികളെ ഓര്‍മിപ്പിക്കുന്നു. മോദി എന്ന ഫാസിസ്റ്റിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വം കൊണ്ട് സാധിക്കില്ല എന്ന് നമ്മള്‍ കഴിഞ്ഞ കുറേ നാളുകളായി കണ്ടു കൊണ്ടിരിക്കുകയാണ്. ഒരു ശക്തമായ ഇടത് ബദല്‍ ഉയര്‍ന്നില്ലെങ്കില്‍ രാജ്യം മുതലാളിത്തത്തിന്റെയും, വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെയും ആഴങ്ങളിലേക്ക് വീഴുന്നത് നമുക്ക് കാണേണ്ടി വരും.

പാവപ്പെട്ടവരെയും, സാധാരണകാരെയും തഴഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നില കൊള്ളുന്ന ബിജെപി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ ഇടത് പക്ഷം സ്വീകരിച്ചത് പോലെ, യുവാക്കള്‍ മുന്‍ നിരയിലേക്ക് വരുന്ന ഒരു ഇടത് സംവിധാനം രൂപം കൊള്ളണം. ലാറ്റിന്‍ അമേരിക്കന്‍ ഇടത് പക്ഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരെ വലിയ ഒരു പാഠം ആണ് മുന്‍പോട്ടു വെയ്ക്കുന്നത്. പരസ്പര ബഹുമാനത്തോടെ ശക്തമായ ഇടത് ഐക്യം രൂപപ്പെടുത്തിയാല്‍, മുസോളിനിയെയും ഹിറ്റ്‌ലറെയും താഴെയിറക്കിയ കമ്മ്യൂണിസ്റ്റുകള്‍ക്ക്, മോദിയെയും ഇറക്കാന്‍ കഴിയും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares