ഐതിഹാസിക ചെറുത്തു നിൽപ്പിന്റെ ഓർമ പുതുക്കൽ. മട്ടാഞ്ചേരി വെടിവെയ്പ്പ് നടന്നിട്ട് ഇന്നേക്ക് 69 വർഷം.1953 സെപ്റ്റംബർ 15നായിരുന്നു വെടിവെപ്പ്. തൊഴിലാളികളുടെ സംഘടിത ശക്തിക്ക് മുന്നിൽ പതറിയ അന്നത്തെ ഭരണാധികാരികൾ സമരത്തെ സായുധമായി നേരിടാനാണ് തീരുമാനിച്ചത്. തിരുകൊച്ചി സർക്കാരാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്. അവർ സായുധ പൊലീസിനെ രംഗത്തിറക്കി. ഒരുവശത്ത് സായുധ പൊലീസ്, മറുവശത്ത് ചെങ്കൊടിയും ത്രിവർണ്ണപതാകയുമേന്തി തൊഴിലാളികളും മുഖാമുഖം നിന്നു.
പ്രാകൃതതൊഴിൽ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ ഘോന കമ്പനിയുടെ മുന്നിൽ ആരംഭിച്ച സത്യഗ്രഹത്തിന്റെ 75-ാം ദിവസമാണ് വെടിവെപ്പ് ഉണ്ടാകുന്നത്. പ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ടി എം അബു ഉൾപ്പെടെയുള്ള നേതാക്കൻമാരെ കമ്പനി ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയിൽ ഐഎൻടിയുസിയും സിടിടിയു (കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ)യും ചാപ്പ സമ്പ്രദായത്തിനായി നിലകൊണ്ടുവെന്നാണ് ചരിത്രം പറയുന്നത്.
സ്റ്റീവ് ഡോർമാരാണ് അന്ന് ചാപ്പ തൊഴിലാളികൾക്കിടയിലേക്ക് എറിഞ്ഞു കൊടുത്തിരുന്നത്. ഈ ചുമതല ഇവരിൽ നിന്ന് ഐഎൻടിയുസി, സിടിടിയു എന്നീ യൂണിയനുകൾ ഏറ്റെടുത്തു. കൊച്ചിൻ പോർട്ട് നേരിട്ട് തൊഴിലാളികളെ ജോലിക്ക് വിളിക്കണമെന്നുള്ളതായിരുന്നു എഐടിയുസിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ടി എം അബു ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. ചർച്ച തെറ്റിപ്പിരിഞ്ഞതോടെ സമരനായകൻ ടി എം അബു ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
നിരായുധരായിരുന്നു തൊഴിലാളികൾ. എന്നാൽ സായുധരായ പൊലീസ് തൊഴിലാളികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ തൊഴിലാളികൾ പൊലീസ് വാഹനങ്ങൾക്ക് മുന്നിൽ കുറുകെ കിടന്നുകൊണ്ടു തടഞ്ഞു. തൊഴിലാളികളെ മാറ്റാതെ അറസ്റ്റ് ചെയ്ത ടി എം അബു ഉൾപ്പെടെയുള്ള നേതാക്കളെ കൊണ്ട് പോകാൻ കഴിയുകയില്ലെന്ന് ബോധ്യപ്പെട്ട ഭരണകൂടത്തിന്റെ പിണിയാളുകളായ പൊലീസ് ഏമാൻമാർ ക്രൂരമായി തൊഴിലാളികളെ നേരിടാൻ തീരുമാനമെടുക്കുകയായിരുന്നു.
തൊഴിലാളികൾക്ക് നേരെ പൊലീസ് വെടി ഉതിർത്തതോടെ സമരക്കാർ ചിന്നിച്ചിതറി. പൊലീസിന്റെ ക്രൂരമായ നരനായാട്ടിൽ വെടിയേറ്റ് രണ്ട് സഖാക്കൾ മരിച്ചുവീണു. സഖാക്കൾ സെയ്ത്, സെയ്താലി എന്നിവരാണ് സമരപോരാട്ടത്തിൽ പൊലീസിന്റെ വെടിയുണ്ടകൾക്ക് നേരെ വിരിമാറു കാട്ടി വീര രക്തസാക്ഷിത്വം വരിച്ചത്. സമര പോരാട്ടത്തിൽ ധീരമായി പൊരുതിയ സഖാക്കളുടെ ചോരവീണതോടെ രോഷാകുലരായ തൊഴിലാളികൾ കയ്യിൽ കിട്ടിയതെല്ലാം കൊണ്ട് പൊലീസിനെ നേരിട്ടു. കല്ലും കട്ടയും ഉപയോഗിച്ചുള്ള തൊഴിലാളികളുടെ ധീരമായ ചെറുത്ത് നിൽപ്പിൽ രോഷംപൂണ്ട ഭരണവർഗ്ഗത്തിന്റെ കൂലിപട്ടാളം ക്രൂരമായാണ് തൊഴിലാളികൾക്കെതിരെ അക്രമം അഴിച്ചുവിട്ടത്. ഇതോടെ മട്ടാഞ്ചേരി ചോരക്കളമായി.
നൂറോളം വരുന്ന തൊഴിലാളികൾ ജയിലിലടയ്ക്കപ്പെടുകയും കൊടിയ മർദ്ദനത്തിന് ഇരയാകുകയും ചെയ്തു. സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ടി എം അബുവിനെ കാണാൻ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ അസി. സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായ സഖാവ് ആന്റണിയെ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ ആന്റണി പിന്നീട് മരണമടഞ്ഞു. ഇതോടെ ചാപ്പ സമ്പ്രദായത്തിനെതിരെ സമരം ചെയ്ത് ധീര രക്തസാക്ഷിത്വം വരിച്ചവരിൽ ഒരാളായി സഖാവ് ആന്റണിയും മാറി.
ടി എം അബു, ജോർജ് ചടയംമുറി, പി ഗംഗാധരൻ എന്നിവരായിരുന്നു സമരത്തിന്റെ നേതൃത്വത്തിൽ.
കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. യൂണിയന്റെ ജനറൽ സെക്രട്ടറി ടി എം അബുവും പ്രസിഡന്റ് ജോർജ് ചടയം മുറിയുമായിരുന്നു. കൊച്ചി തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെയായിരുന്നു സമരം. ചാപ്പ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യൂണിയന്റെ പ്രധാന ആവശ്യത്തിനായി തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ തൊഴിലാളികളെ ഭിന്നിപ്പിച്ച് നിർത്താനുള്ള മുഴുവൻ അടവുകളും ഭരണാധികാരികളും കൊച്ചിൻ പോർട്ട് മാനേജ്‌മെന്റും പുറത്തെടുത്തു. ചാപ്പ അവകാശം ഐഎൻടിയുസിക്കും സിടിടിയുവിനും വീതിച്ചു നൽകി മാനേജ്‌മെന്റ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുമുള്ള അവസാനത്തെ നീക്കവും നടത്തി. ചതി മനസ്സിലാക്കി തൊഴിലാളികൾ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയന്റെ നേതൃത്വത്തിൽ സമരരംഗത്തിറങ്ങുകയായിരുന്നു.
സമരത്തിൽ അറസ്റ്റ് വരിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവരിൽ ഒരാളൊഴികെ മറ്റെല്ലാവരും ഏഴ് മാസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ മോചിതരായി. ജസ്റ്റിസ് ശിവരാമേനോൻ ജഡ്ജിയായ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. ജയിലിലടയ്ക്കപ്പെട്ട് ക്രൂരമർദ്ദനത്തിന് വിധേയനായ സമരനായകൻ ടി എം അബു, ഒരുവേള മരിച്ചു എന്ന ശ്രുതി നാട്ടിൽ പരക്കപ്പെട്ടു. ഇതോടെ തൊഴിലാളികൾ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒടുവിൽ ടി എം അബു മരിച്ചിട്ടില്ല എന്നറിഞ്ഞതോടെയാണ് തൊഴിലാളികൾ ശാന്തരായത്.
പ്രാകൃതമായ തൊഴിൽ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ സമരം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു ലോകത്തിന്റെ നാനാഭാഗത്തുള്ള ട്രേഡ് യൂണിയനുകളും തൊഴിലാളി ഫെഡറേഷനുകളും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐടിയുസിയും സമരക്കാർക്കൊപ്പം ഉറച്ചു നിന്നു. കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമരത്തിനായി ചിലവഴിച്ചു. സമരത്തിലൂടെ തുറമുഖത്തെ പ്രാകൃതതൊഴിൽ സമ്പ്രദായത്തിന് അറുതിവരുത്താൻ തൊഴിലാളികൾക്ക് കഴിഞ്ഞു.
തൊഴിലാളി സമര ചരിത്രത്തിൽ എക്കാലത്തെയും ജ്വലിക്കുന്ന അദ്ധ്യായമാണ് ചാപ്പ സമ്പ്രദായത്തിനെതിരെ മട്ടാഞ്ചേരിയിലെ തൊഴിലാളി സമരമെന്ന് സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായ പി ടി സേവ്യർ അനുസ്മരിച്ചു.
”ടി എം അബുവിനെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്താൽ മാത്രമേ തൊഴിലാളികളെ അടക്കാൻ കഴിയൂ എന്ന ധാരണയിൽ യോഗത്തിൽ നിന്ന് ഇറങ്ങി വന്ന ടി എം അബുവിനെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികൾക്ക് നേരെ മർദ്ദനം അഴിച്ച് വിട്ട് പൊലീസ് കുറേ പേരെ തള്ളിമാറ്റി. കൽവത്തി പാലത്തിന്റെ അപ്പുറത്തേക്ക് മാറ്റപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. പാലത്തിന്റെ അപ്പുറത്ത് പൊലീസ് വലയത്തിലകപ്പെട്ടുപോയ ഞങ്ങൾക്ക് പക്ഷെ ഇപ്പുറത്തേക്ക് വരാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ വെടിയൊച്ചയാണ് കേട്ടത്. അൽപ്പസമയം കഴിഞ്ഞാണ് രണ്ടു സഖാക്കൾ മരിച്ച വിവരം അറിഞ്ഞത്.ടി എം അബുവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചതിന് ശേഷം മട്ടാഞ്ചേരിയിൽ പൊലീസിന്റെ തേർവാഴ്ചയായിരുന്നു. തൊഴിലാളി സഖാക്കളെ പൊലീസ് തെരഞ്ഞ് പിടിച്ച് വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു.
ഇതിനിടയിൽ ലോക്കപ്പിലടയ്ക്കപ്പെട്ട ടി എം അബുവിനെ പൊലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി എം അബുവിനെ കാണാൻ ആരെയും അനുവദിച്ചില്ല. അബു മരിച്ചുപോയോ എന്ന സംശയം തൊഴിലാളി സഖാക്കൾക്കിടയിൽ ഉണ്ടായി. അന്ന് എ ജെ ജോണായിരുന്നു തിരുകൊച്ചി മുഖ്യമന്ത്രി. തൊഴിലാളികൾ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ടി വി തോമസിനെ അബുവിനെ കാണാൻ അനുവാദം നൽകി. ടി വി ആശുപത്രിയിൽ എത്തുന്ന സമയത്ത് ഞങ്ങളും കാത്ത് നിന്നെങ്കിലും ടി വിക്ക് മാത്രമേ കാണാൻ അനുവാദമുണ്ടായുള്ളൂ. അബു മരിച്ചിട്ടില്ലെന്ന് ടി വി തോമസ് പറഞ്ഞപ്പോഴാണ് തൊഴിലാളികൾ ശാന്തരായത്” സേവ്യർ ഓർക്കുന്നു.
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊഴിലെടുക്കുന്നതിന് മുതലാളിത്തത്തിന്റെ പ്രതീകങ്ങളായ കങ്കാണിമാർ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ചാപ്പയ്ക്ക് വേണ്ടി മൃഗങ്ങളെപോലെ കടിപിടികൂടുന്ന തൊഴിലാളി വർഗത്തിന്റെ മോചനത്തിലേക്കുള്ള പാതയായിരുന്നു ചാപ്പ സമരം. മട്ടാഞ്ചേരിയിലെ ധീരരായ തൊഴിലാളികൾ നടത്തിയ ചെറുത്ത് നിൽപ്പ് പിന്നിട്ട് മറ്റു മേഖലകളിലും തൊഴിലാളികളുടെ സമരപോരാട്ടത്തിന് ഊർജ്ജം പകരാൻ കാരണമായി.നേതാക്കളെ അറസ്റ്റ് ചെയ്താൽ തൊഴിലാളി സമരത്തിന് വിരാമമാകുമെന്ന് കരുതിയ അധികാരവർഗ്ഗങ്ങളെ ഞെട്ടിപ്പിക്കുന്നതായിരുന്നു തൊഴിലാളികളുടെ ചെറുത്ത് നിൽപ്പ്.
സമരത്തിന്റ ഓർമ്മയ്ക്കായി പി ജെ ആന്റണി രചിച്ച കാട്ടാളൻമാർ നാട് ഭരിച്ചു, നാട്ടിൽ തീ മഴ പെയ്തപ്പോൾ, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന ഈരടികൾ ഇന്നും മട്ടാഞ്ചേരിയുടെ മണൽത്തരികളെ പുളകം കൊള്ളിക്കുന്നു.
“കാട്ടാളന്മാർ നാട് ഭരിച്ചു നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ.”പി ജെ ആന്റണി
(കടപ്പാട് ജനയുഗം)