Thursday, November 21, 2024
spot_imgspot_img
HomeManipurമലനിരകളിലെ ചോര കളികള്‍; വടക്ക് കിഴക്കന്‍ ഇന്ത്യയിലെ കലാപ ചരിത്രം

മലനിരകളിലെ ചോര കളികള്‍; വടക്ക് കിഴക്കന്‍ ഇന്ത്യയിലെ കലാപ ചരിത്രം

ജെസ്‌ലോ ഇമ്മാനുവല്‍ ജോയ്

ന്ത്യ, ഇരുപത്തി എട്ട് സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും, സാംസ്‌കാരിക സാമൂഹിക വൈവിധ്യങ്ങളും നിറഞ്ഞ ഒരു ഭൂപ്രദേശം. അസം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ് സെവന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വടക്ക് കിഴക്കിലെ ഏഴ് സംസ്ഥാനങ്ങള്‍. ഗോത്ര സംസ്‌കാര വൈവിധ്യവും, ഭക്ഷണ രീതികളും, പ്രകൃതി ഭംഗിയും അടങ്ങിയ സിലിഗുരി കോറിഡോറിലൂടെ കടന്ന് ചെല്ലുമ്പോള്‍ നമ്മുടെ മുന്‍പില്‍ തുറക്കപ്പെടുന്ന ഇന്ത്യക്ക് അകത്തെ മറ്റൊരു ഇന്ത്യ, പക്ഷേ ഈ വൈവിധ്യവും, മനോഹാരിതയും വാക്കുകളില്‍ മാത്രം ഒതുക്കുന്ന ഒരു ഭീകര മുഖം കൂടി ഉണ്ട് ഈ പ്രദേശത്തിന്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍.

ഇന്ത്യന്‍ വടക്ക് കിഴക്ക്

ഇന്ത്യന്‍ ഭൂവിസ്ത്രിതിയുടെ എട്ട് ശതമാനത്തോളം വരുന്ന, മൂന്നില്‍ രണ്ട് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട ചെറിയ ഒരു പ്രദേശമാണ് ഇന്ത്യന്‍ വടക്ക് കിഴക്ക്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഏഴ് സംസ്ഥാനങ്ങള്‍, ഇന്ത്യയിലെ ആകെയുള്ള അറുനൂറോളം പരം ഗോത്രവിഭാഗങ്ങളില്‍, ഇരുന്നൂറില്‍ പരം വരുന്ന ഗോത്രങ്ങള്‍ക്കും അവയുടെ ഉപ വിഭാഗങ്ങള്‍ക്കും വാസഗ്രഹം ഒരുക്കുന്നു. അഹോം രാജ വംശത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശങ്ങള്‍, പിന്നീട് ബര്‍മയുടെയും ( ഇന്നത്തെ മ്യാന്‍മാര്‍) ഒടുവില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം അസമിലും, ത്രിപുര, മണിപ്പൂര്‍ രാജ്യങ്ങളുടെ പ്രവിശ്യകളിലുമായി കിടന്ന ഈ പ്രദേശങ്ങള്‍ ഒരു തരത്തിലുള്ള കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ കൂടാതെ സമാധാനപരമായി ഇന്ത്യയുടെ കൂടെ ചേരുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് ഗോത്രങ്ങളെ എല്ലാം ഒരുമിച്ച് കൂട്ടി വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരാന്‍ ശ്രമിച്ച് അറസ്റ്റിലായ മുന്‍ ജപ്പാന്‍ അനുകൂല ഇന്ത്യന്‍ സൈന്യത്തിന്റെ അംഗമായിരുന്ന സാപു ഫിസോ എന്ന നാഗ ദേശീയ നേതാവ്, 1950 – ല്‍ ജയില്‍ മോചിതനായി നാഗ ദേശീയ കൗണ്‍സിലിന്റെ നേതൃത്വം ഏറ്റെടുത്തു. അതായിരുന്നു തുടക്കം, ആധുനിക ഇന്ത്യന്‍ വടക്ക് കിഴക്കിന്റെ അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ ആരംഭം, ലക്ഷ്യം, നാഗാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം.

1954 മുതല്‍ ഈ കൗണ്‍സില്‍ ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുകയും, പൊലീസിനും പട്ടാളത്തിനു നേരെ ഗെറില്ല അക്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റും ശേഖരിച്ച് സംഘടന വളര്‍ന്നു. മാത്രമല്ല, നാഗ ദേശീയ കൗണ്‍സിലില്‍ നിന്ന് കൈറ്റോ സേമയുടെ നേതൃത്വത്തില്‍ പിരിഞ്ഞ് സേമ ഗോത്രക്കാരെ കടെ കൊണ്ട് പോയി കൗണ്‍സിലിന് നേരെ അഭ്യന്തര യുദ്ധത്തിന് തുടക്കമിട്ടു. ഒടുക്കം, ഇന്ത്യന്‍ ഗവണ്‍മെന്റ് വഴങ്ങി. 1963 ഡിസംബര്‍ 1 ന് നാഗാലാന്‍ഡ് സംസ്ഥാനം രൂപം കൊണ്ടു.

1975 – ല്‍ പ്രസ്തുത സംഘടന അക്രമങ്ങള്‍ എല്ലാം നിര്‍ത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങി. ഇന്ത്യയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പക്ഷേ ബര്‍മയിലെ വലിയ ഒരു വിഭാഗം നാഗ ഗറില്ലകള്‍ക്ക് പ്രധാന വിഭാഗത്തിന്റെ ഇന്ത്യന്‍ ഗവണ്‍മെന്റുമായുള്ള ഈ സന്ധി അത്രയ്ക്ക് രസിച്ചില്ല, അവര്‍ പ്രധാന വിഭാഗത്തെ വഞ്ചകര്‍ എന്ന് മുദ്ര കുത്തി, ഇത് സംഘടനയുടെ പിളര്‍പ്പിന് ഇടയാക്കി. നിലവില്‍ പിളര്‍ന്ന് രൂപം കൊണ്ട പുതിയ സംഘടനകളുമായി 2000 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വെടി നിര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ‘ അഫ്‌സ്പ ‘ (Armed Forces Special Powser Act) പോലെ പല നിയംങ്ങളും ഈ കാലഘട്ടത്തില്‍ രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ ഈ നാഗ സംഭവ വികാസങ്ങളും തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഉണ്ടായ സംസ്ഥാന രൂപീകരണവും ഉണ്ടാക്കിയ തരംഗം വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു.

‘ആക്രമിച്ചാല്‍ സര്‍ക്കാര്‍ വഴങ്ങും ‘ എന്നൊരു ബോധത്തിലേക്ക് പല സംഘടനകളെയും അത് കൊണ്ടെത്തിച്ചു. അങ്ങനെ രൂപം കൊണ്ട ഒന്നാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (യുഎല്‍എഫ്എ). ബംഗ്ലാദേശ് സ്വാതന്ത്യത്തോട് അനുബന്ധിച്ച് അനധികൃത കുടിയേറ്റം രൂക്ഷമായപ്പോള്‍ അസം വിദ്യാര്‍ഥി യൂണിയനും, അസം ഗണ പരിഷത്തും ഇതിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍, സാമൂഹിക പരിഷ്‌കരണം എന്നതിന്റെ മറവില്‍ അസമിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കാനുള്ള ലക്ഷ്യവുമായാണ് 1979 – ല്‍ ഈ സംഘടന രൂപം കൊണ്ടത്. മോഷണവും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുന്നതും മറ്റുമായി ഇവര്‍ അക്രമം പ്രവര്‍ത്തിച്ച് പോന്നു. 2004 – ല്‍ ഗ്യാസ്, എണ്ണ പൈപ് ലൈനുകള്‍ നശിപ്പിക്കുകയും, പൊതു ഇടങ്ങളില്‍ വരെ അക്രമങ്ങള്‍ അഴിച്ച് വിടാനും മുതിര്‍ന്നു. 2005 മുതലുള്ള സമാധാന ചര്‍ച്ചകളും മറ്റും നിലവില്‍ ഈ സംഘടനയുടെ ആക്രമണങ്ങള്‍ കുറച്ച് കൊണ്ട് വന്നു. പല ഉന്നത നേതാക്കളും കൂറ് മാറി ഇന്ത്യന്‍ ഗവണ്‍മെന്റുമായി സഹകരിക്കുന്ന സാഹചര്യം യു.എന്‍എഫിനെ ശിഥിലമാക്കി. എന്നാല്‍ ബോഡോ ലാന്‍ഡ് മോചനം എന്നും, മുസ്ലിം രാജ്യം എന്ന ലക്ഷ്യത്തോട് കൂടെയും മറ്റ് പല വിഭാഗീയ ലക്ഷ്യങ്ങളും മുന്നില്‍ കണ്ട് ഇന്നും പല ചെറിയ സംഘടനകളും വിഘടന വാദം ഉയര്‍ത്തി പോരുന്നു. മണിപ്പൂരിലെ ഇന്നും തുടര്‍ന്ന് പോരുന്ന കുക്കി – മെയ്തി പ്രശ്‌നങ്ങളും, മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടും, ത്രിപുരയിലെ ആള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സും, ഭാഷ അടിസ്ഥാനത്തിലും ഗോത്ര അടിസ്ഥാനത്തിലും മേഘാലയ, അരുണാചല്‍, പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളും വിഘടന വാദത്തിന്റെ ഈ വടക്ക് കിഴക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്.

കാരണങ്ങള്‍

സങ്കീര്‍ണതകളും, ഭൂമിശാസ്ത്രപരമായുള്ള അകലവും കുെേറാക്കെ ഇന്ത്യയുടെ മറ്റൊരു ഭാഗത്തും ഇല്ലാത്ത തരത്തില്‍ ഉള്ള ഈ വിഘടനവാദ പ്രവര്‍ത്തനത്തിനുള്ള കാരണങ്ങളില്‍ ചിലതാണ്. ഒരുപാട് ഗോത്ര വൈവിധ്യങ്ങള്‍ സാംസ്‌കാരികമായി രാജ്യത്തിന് അനുഗ്രഹമാണെങ്കിലും, ഇന്ത്യ എന്ന സങ്കല്‍പ്പത്തിന് ഉപരി, തങ്ങളുടെ ഗോത്രത്തിന്റെ സ്വത്വത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് വിഘടന ചിന്തകള്‍ക്ക് രൂപം കൊടുക്കുന്നു. എന്നാല്‍ ഈ സാഹചര്യം കൃത്യമായി മനസ്സിലാക്കാന്‍, ഡല്‍ഹിയിലെ ഭരണ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. ചെറിയ ഒരു തുണ്ട് ഭൂമിയുമായി മാത്രം ഇന്ത്യയോട് ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ പ്രദേശത്തെ മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തഴഞ്ഞുവന്നു എന്നത് വസ്തുത. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് അധിക പ്രാധിനിത്വം നല്‍കി രാഷ്ട്രീയമായി ഈ വിഷയത്തെ മറികടക്കാന്‍ ആരും തന്നെ മുന്‍കൈ എടുക്കുന്നതും ഇല്ല. ഉദാഹരണത്തിന് നാഗാലാന്‍ഡില്‍ നിന്ന് ഇന്നും ഒരു അംഗമാണ് ലോക സഭയിലേക്കും രാജ്യ സഭയിലേക്കും പോകുന്നത്, പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് നിന്ന് പോകുന്ന അംഗങ്ങള്‍ കേന്ദ്രത്തില്‍ ഭരിക്കുന്നത് ഏത് പാര്‍ട്ടിയാണോ അവരോട് കൂറ് കാണിച്ച് മൗനമായി ഇരിക്കുന്നു. തങ്ങളുടെ ഗ്രൗണ്ട് റിയാലിറ്റികള്‍ അറിഞ്ഞ്, തങ്ങളുടെ ആവശ്യങ്ങള്‍ നിയമ നിര്‍മ്മാണ സഭയില്‍ ഉന്നയിക്കാന്‍ ഒരു പ്രതിനിധി പോലും ഇല്ലാത്തതും വിഘടന വാദത്തിലേക്ക് ജനം തിരിയാന്‍ ഒരു കാരണമാണ്. വിദേശ സഹായമാണ് മൂലകാരണം എന്ന ഒരു വാദം ഉണ്ടെങ്കിലും, ജനങ്ങളുടെ ജീവിത സാഹചര്യവും, പ്രശ്‌നങ്ങള്‍ക്കും ചെവി നല്‍കാന്‍ ഒരു സര്‍ക്കാരും ഉണ്ടെങ്കില്‍, എത്ര സഹായമുണ്ടെങ്കിലും വിഘടന വാദത്തിന്റെ വിത്തുകള്‍ ജനത്തിന്റെ മനസ്സില്‍ പൂവിടുകയില്ല.

ബിജെപിയുടെ കടന്ന് കയറ്റം

ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കൃത്യമായ ഉദാഹരണമാണ് ഇന്ത്യന്‍ വടക്ക് കിഴക്ക്. പ്രാദേശിക പാര്‍ട്ടികള്‍ക്ക്, ദേശീയ പാര്‍ട്ടികളെക്കാളും ഭൂരിപക്ഷം മേഖലകളിലും കൂടുതല്‍ പ്രാധാന്യവും മറ്റ് ഇടങ്ങളില്‍ കേന്ദ്രത്തിലെ ട്രെന്റിനൊപ്പവും സഞ്ചരിക്കുന്നതാണ് ഈ മേഖലയിലെ രാഷ്ട്രീയ ഭൂമി ശാസ്ത്രം. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്, അരുണാചല്‍ മുഖ്യമന്ത്രി പെമ ഖാണ്ടു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ എന്നിങ്ങനെ കോണ്‍ഗ്രസ് നേതാക്കളെ
ബിജെപി ക്യാമ്പില്‍ എത്തിച്ചായിരുന്നു അമിത് ഷാ വടക്ക് കിഴക്കിലേക്ക് കാലെടുത്തു വെച്ചത്. നാഗാലാന്‍ഡിലും, മേഘാലയയിലും പ്രാദേശിക പാര്‍ട്ടികളോടു കൂടെ കൂടി ഭരിക്കുകയാണ് ബിജെപി. എന്നാല്‍ ഈ പാര്‍ട്ടികളുടെ ചരിത്രം പരിശോധിച്ചാല്‍ സംഘ പരിവാറിന്റെ അടര്‍ത്തി എടുക്കല്‍ നയം കൃത്യമായി മനസ്സിലാക്കാം. ത്രിപുരയില്‍ ഈ കഴിഞ്ഞ ഇലക്ഷനില്‍ ജന വികാരം എതിരാണെന്ന് മനസ്സിലാക്കിയ സംഘ പരിവാര്‍, തിപ്ര മോത്ത എന്ന പ്രാദേശിക ‘ ബി ടീമിനെ ‘ ഇറക്കി, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ടുകള്‍ ഭിനിപ്പിക്കുകയാണ് ഉണ്ടായത്. ഉത്തര്‍ പ്രദേശിലും, ഗുജറാത്തിലും, മറ്റും ഏക സിവില്‍ കോഡും, ബീഫ് നിരോധനവും ഘോഷിക്കുന്ന സംഘ പരിവാറിന് വടക്ക് കിഴക്കിലേക്ക് കടന്ന് കഴിഞ്ഞാല്‍ അജണ്ട മറ്റൊന്നാണ്. അസാം മുഖ്യമന്ത്രിയുടെ ‘ ഫെര്‍ട്ടിലൈസര്‍ ജിഹാദ് ‘ പോലുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകളും, ക്രൂഡ് ഓയിലില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിനു വേണ്ടി പരിസരത്ത് താമസിക്കുന്ന ആദിവാസി സമൂഹത്തെയും, പരിസ്ഥിതിയെയും ഗൗനിക്കാതെ വികസനനങ്ങളുടെ മറവില്‍ അരാഷ്ട്രീയരെ സുഖിപ്പിച്ചു നിര്‍ത്തിയും തങ്ങളുടെ ഹിന്ദുത്വ, മുതലാളിത്ത, വലത് പക്ഷ രാഷ്ട്രീയം പടര്‍ത്താന്‍ ശ്രമിക്കുകയാണ് ബിജെപി.

ഉപസംഹാരം

‘നാനാത്വത്തില്‍ ഏകത്വം ‘ എന്നത് വെറും ഒരു വാചകമല്ല, ഇന്ത്യ എന്ന ജനാധിപത്യ ശക്തിയുടെ ടാഗ് ലൈന്‍ കൂടിയാണ്. ഇന്ത്യന്‍ വടക്ക് കിഴക്കിന്റെ വൈവിധ്യങ്ങളും കൂടി ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യം കൂടി ഇന്നത്തെ സാഹചര്യത്തില്‍ ഈ വാചകം നമ്മുടെ മുന്‍പിലേക്ക് വയ്ക്കുന്നു. മണിപ്പൂര്‍ സാഹചര്യം ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അനന്തരഫലമായി രൂപം കൊണ്ട ഒരു സ്റ്റേറ്റ് സ്‌പോണ്‍സെഡ് കലാപം എന്ന് പറയാം. വ്യക്തമായ പ്രാധിനിത്വം കൊടുക്കാതെ വെറും വോട്ട് മാത്രം ലക്ഷ്യം വച്ച്, ഇന്ത്യന്‍ വടക്ക് കിഴക്കിനെ സമീപിച്ചാല്‍, വിഘടനനവാദ അധ്യായങ്ങള്‍ അവാസാനിക്കില്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares