ടി കെ മുസ്തഫ വയനാട്
സമസ്ത
കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതികമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ അറിയപ്പെടുന്നത്. ഇസ്ലാം വിശ്വാസികൾക്കിടയിലെ ധാര്‍മിക, നവോത്ഥാന മുന്നേറ്റം ലക്ഷ്യം വെച്ച് 1925-ല്‍ പ്രമുഖ സുന്നി പണ്ഡിതന്‍മാരും സമുദായ നേതാക്കളും കോഴിക്കോട് വലിയ ജുമാമസ്ജിദില്‍ സമ്മേളിക്കുകയും നീണ്ട ഗൗരവമേറിയ ചർച്ചകൾക്ക് ശേഷം സമുദായത്തിന് ദിശ ബോധം നൽകുന്നതിനായി ഒരു പണ്ഡിത സഭയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു. കെപി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, പാറോല്‍ ഹുസൈന്‍ മൗലവി എന്നിവര്‍ യഥാക്രമം സംഘടനയുടെ പ്രസിഡണ്ട്, സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം വരക്കല്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ നിര്‍ദേശ പ്രകാരം 1926 ജൂണ്‍ 26-ന് സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്തരായ പണ്ഡിതന്‍മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുകയും ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’ യെന്ന പേരില്‍ അതിന് സമ്പൂര്‍ണ്ണ സംഘടനാ രൂപം ആവിഷ്‌കരിക്കുകയും ചെയ്യുകയായിരുന്നു.
സമുദായത്തിൽ നൂതനാശയങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് കൂടിയാണ് സമസ്ത രൂപം കൊള്ളുന്നത്. വരക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഅലവി മുല്ലക്കോയതങ്ങള്‍ (പ്രസിഡന്റ് ), എ.പി.അഹമദ് കുട്ടി മുസ്‌ലിയാര്‍ പാങ്ങ്, കെ.മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം, കെ.എം. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, കെ.പി മു ഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ ( വൈസ് പ്രസിഡണ്ടുമാര്‍ ) പി.വി.മുഹമ്മദ് മൗലവി കോഴിക്കോട് (ജനറൽ സെക്രട്ടറി) വി.കെ.മുഹമ്മദ് മുസ്‌ലിയാര്‍ പുതിയങ്ങാടി, ജര്‍മ്മന്‍ അഹമ്മദ് മുസ്‌ലിയാര്‍ ഫറോക്ക് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നി വരായിരുന്നു പ്രഥമ ഭാരവാഹികള്‍. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ പ്രബോധനം ചെയ്യുക. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ നിയമാനുസൃതം പ്രതിരോധിക്കുക. മുസ്‌ലിം സമുദായത്തിന്റെ അവകാശസംരക്ഷണത്തിനു നിലകൊള്ളുക. മതവിദ്യാഭ്യാസപ്രവര്‍ത്തനം നടത്തുക. മതേതരവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക. അന്ധവിശ്വാസം, അരാജകത്വം, അധാര്‍മ്മികത, അനൈക്യം എന്നിവ ഇല്ലാതാക്കുന്നതിനും സമുദായത്തിന്റെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു പ്രധാന കർത്തവ്യങ്ങൾ.
‘അഹ്‌ലുസ്സുന്ന’ എന്ന് പറഞ്ഞാൽ ‘സുന്നത്തിന്റെ ആളുകൾ’ എന്നാണ് അർഥം. ‘അഹ്‌ലുസ്സുന്ന വൽ ജമാഅ’ എന്നാൽ ‘സുന്നത്തിന്റെയും ‘ജമാഅത്തി’ന്റെയും വക്താക്കൾ എന്ന് പറയും. സുന്നത്ത് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് പ്രവാചക ചര്യയാണ്. ‘അൽജമാഅ’ എന്നതിന്റെ അർഥം “കൂട്ടം” എന്നാണ്. വിശ്വാസങ്ങളിലും കർമ്മങ്ങളിലുമെല്ലാം പ്രവാചകന്റെ ചര്യ പിന്തുടരുകയും ‘സ്വഹാബ’ത്തിന്റെ ( പ്രവാചക ശിഷ്യർ ) മാർഗം അവലംബിക്കുകയും ചെയ്യുന്നവരാണ് അഹ്‌ലു സുന്നത്ത് വൽ ജമാഅത്ത്’കാർ. ഇസ്ലാം മതത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളാണ് പ്രവാചകൻ പഠിപ്പിച്ച പ്രകാരമുള്ള അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ ആളുകൾ എന്ന് അവകാശപ്പെടാറുണ്ട് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
1989 ലെ പിളർപ്പ്
മുജാഹിദ് – ജമാ അത്തെ ഇസ്ലാമി -ഖാദിയാനി തുടങ്ങിയ സംഘടനകളെ ആശയ പരമായി പ്രതിരോധിക്കുക എന്നത് സമസ്തയുടെ എക്കാലത്തെയും പ്രഖ്യാപിത ലക്ഷ്യമായിരുന്നു. 1930 മാർച്ച് 16ന് മണ്ണാർക്കാട് മഅ്ദിനുൽ ഉലൂം മദ്റസയിൽ മർഹൂം കാപ്പിൽ വെള്ളയങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ നാലാം സമ്മേളനത്തിലെ പ്രമേയങ്ങളിൽ ഒന്ന് മേൽ പറഞ്ഞ സംഘടനകളുടെ വിശ്വാസ നടപടികളോട് സഹകരിക്കുന്നതും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകൾക്ക് അനുവദനീയമല്ല എന്നതായിരുന്നു.
എന്നാൽ സമുദായവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളിൽ മുസ്ലിം സംഘടനകളുടെ യോജിച്ച മുന്നേറ്റം വേണമെന്ന ആവശ്യം അക്കാലയളവിൽ ഉയരുകയും അത്തരം കൂട്ടായ്മകൾക്ക് സമസ്ത തന്നെ മുൻ കയ്യെടുക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായി. സമുദായ പാർട്ടിയായ മുസ്‌ലിം ലീഗ് ഇത്തരം കൂട്ടായ്മകളുടെ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ലീഗ് നേതാക്കളായിരുന്ന കെ എം സീതി സാഹിബ്, പോക്കർ സാഹിബ് , കെ എം മൗലവി തുടങ്ങിയവർ മുജാഹിദ് നേതാക്കളുമായിരുന്നു. അത് കൊണ്ട് തന്നെ ലീഗിന്റെ പോഷകവിഭാഗമായി സമസ്ത മാറുന്നുവെന്നും മുജാഹിദുകളുമായി വേദി പങ്കിടുന്ന അവസ്ഥവരെ എത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സമസ്തയിൽ ഭിന്ന സ്വരം ഉയരുന്നത്. 1979 ജൂൺ 16ന് മുസ്ലിം ഐക്യ വേദി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് മുജാഹിദ് വിഭാഗം സമസ്തക്ക് നൽകിയ കത്തിന് മറുപടിയായി “മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിംകളായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കണം എന്നാവശ്യപ്പെട്ടതടക്കമുള്ള സമസ്തയുടെ മുൻ കാല നിലപാടുകൾ അവർ ഓർമിപ്പിച്ചു.
(സുന്നികളെ ‘ശിർക്ക്’ (ദൈവത്തോട് പങ്കു ചേർക്കുക ) ചെയ്യുന്നവരായി മുജാഹിദുകൾ വിശേഷിപ്പിക്കുന്നതിനാലാണ് ഐക്യ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് മുസ്ലിം ആയി അംഗീകരിക്കണമെന്ന ആവശ്യം അന്ന് ഉന്നയിച്ചത്. ‘ശിർക്ക്’ ചെയ്യുന്നവർ ഇസ്ലാമിന്റെ പുറത്താണ്. തങ്ങൾ ശിർക്ക് ചെയ്യുന്നവർ അല്ലെന്നും നവീന വാദികളായ മുജാഹിദുകൾ ഇസ്ലാമിക അധ്യാപനങ്ങൾ ദുർ വ്യാഖ്യാനം ചെയ്ത് കൊണ്ട് അബദ്ധ പ്രചരണം നടത്തുന്നുവെന്നുമാണ് സുന്നികൾ ആരോപിക്കുന്നത് ) എന്നാൽ മത പരമായുള്ള വിഷയങ്ങളിലെ നിസ്സഹകരണം സമുദായത്തിന്റെ പൊതു പ്രശ്നങ്ങളിൽ ആവശ്യമില്ലെന്ന നിലപാടിന് കൂടുതൽ പിന്തുണ ലഭിക്കുകയായിരുന്നു. ഇതേ തുടർന്നുടലെടുത്ത രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കാന്തപുരവും കൂട്ടരും സമസ്തയിൽ നിന്ന് 1989 ൽ പടിയിറങ്ങിയത്. ഇതാണ് സമസ്തയിലെ ഏറ്റവും വലിയ പിളർപ്പ്. കാന്തപുരം മുസ്‌ലിയാർ പിന്നീട് അഖിലേന്ത്യ സുന്നി ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ച് മുന്നോട്ട് പോവുകയുണ്ടായി. സുന്നി വിഭാഗത്തോട് ആശയ പരമായി വിയോജിക്കുന്നവരുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും അവർ ബിദ്അത്ത് (മുന്‍മാതൃകയില്ലാതെ ഉണ്ടാകുന്നത്, സമുദായത്തിൽ പുതിയതായി കടത്തിക്കൂട്ടിയത് ) പ്രചരിപ്പിക്കുന്നവർ ആണെന്നും പുത്തൻ വാദികളായ അവരോടുള്ള സമീപനത്തിൽ അനുരഞ്ജനത്തിന്റെ കണിക പോലും പാടില്ലെന്ന് നിഷ്കർഷിക്കുന്നവരുമാണ് കാന്തപുരം എ പി വിഭാഗം സുന്നികൾ.
ലീഗും സമസ്തയും
മുസ്ലിം ലീഗും സമസ്തയും അതിന്റെ രൂപീകരണ കാലം മുതൽക്കെ ഇരു മെയ്യും ഒരു മനസ്സുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. പാണക്കാട് തങ്ങന്മാർ സമസ്തയെയും ലീഗിനെയും ഒരുമിച്ചു നയിക്കുന്നത് കൊണ്ട് തന്നെ ലീഗ് – സമസ്ത ബന്ധം എക്കാലവും സുദൃഡമായിരുന്നു. പാണക്കാട് തങ്ങന്മാരെ ലീഗ് നേതാക്കൾ എന്ന പോലെ തന്നെ മുസ്ലിം ആത്മീയ നേതാക്കൾ എന്ന രീതിയിലും അവതരിപ്പിക്കാൻ ലീഗ് ശ്രമിക്കാറുണ്ട്. ഉമ്മർ ബാഫഖി തങ്ങൾ, അബ്‌ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ ലീഗ് നേതാക്കൾ സമസ്‌തയുടെ കൂടി ഭാരവാഹികളായിരുന്നു. 1989 ലെ പിളർപ്പിന് ശേഷം അപൂർവം ചില ഘട്ടങ്ങളിലെ ചില സ്വര ചേർച്ചയില്ലായ്മ ഒഴിച്ചു നിർത്തിയാൽ സമസ്തയെ എക്കാലവും തങ്ങളുടെ രാഷ്ട്രീയ അജണ്ടക്കൊത്ത് ചലിപ്പിക്കാൻ ലീഗിനായിരുന്നു. സമസ്ത പ്രവർത്തകരിൽ നല്ലൊരു വിഭാഗം ലീഗ് പ്രവർത്തകരായിരുന്നു.
നേരെ മറിച്ചും അങ്ങനെ തന്നെയാണ്. എന്നാൽ എക്കാലത്തും മുസ്ലിം ലീഗിനൊപ്പമായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ലീഗിന്റെ രാഷ്ട്രീയ സംരക്ഷണത്തില്‍നിന്ന് മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് ഈയിടെയായി കാണാൻ കഴിയുന്നത്. സമസ്തയുടെ ഇതര നേതാക്കളിൽ നിന്ന് വ്യത്യസ്തമായി നിലവിലെ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലീഗിന്റെ തടവറയിൽ നിന്ന് സമസ്തയെ മോചിപ്പിക്കണമെന്ന അഭിപ്രായമുള്ളയാളാണ്. സ്ഥാനത്തും അസ്ഥാനത്തും ലീഗിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നും മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും സംസ്ഥാന സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്നുമാണ് ജിഫ്രി തങ്ങളുടെ പക്ഷം. പൗരത്വ ഭേദഗതി, മുത്തലാഖ്, ഏക സിവിൽ കോഡ്, വഖഫ് വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാടില്ലായ്മയോട് മൗനം പാലിക്കുന്ന ലീഗിനോട് സന്ധി ചെയ്യേണ്ട ആവശ്യമില്ലെന്ന അഭിപ്രായത്തിന് സമസ്തയിൽ പിന്തുണ ഏറി വരുന്നുണ്ട്.
അതിനിടെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളേയും വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന സയ്യിദ് റഷീദലി തങ്ങളേയും മുൻപ് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് സമസ്ത നേതൃത്വം വിലക്കിയത് ലീഗ് – സമസ്ത ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇരുവരേയും ക്ഷണിച്ചത് ലീഗിന്റെ ആഗ്രഹപ്രകാരം കൂടിയായിരുന്നു. എ പി വിഭാഗവും ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളുമായി ലീഗ് ഈയിടെ പുലർത്തുന്ന അടുപ്പം സമസ്തയുടെ നീരസത്തിന്റെ മറ്റൊരു കാരണമാണ്. മുസ്ലിം ലീഗ് നേതാക്കളില്‍ പലര്‍ക്കും കാന്തപുരം വിഭാഗത്തോടുള്ള സൗഹൃദവും സമസ്തക്ക് വേദനയുണ്ടാക്കുന്നുണ്ട്. അതിനിടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ജിഫ്രി തങ്ങൾക്കെതിരെ നടത്തുന്ന നിരന്തര പ്രസ്താവനകൾ ലീഗ് – സമസ്ത ബന്ധത്തെ വീണ്ടും ഉലക്കുകയാണ്. മുസ്ലിം ലീഗിൽ മുജാഹിദ് വിഭാഗം പിടിമുറുക്കുകയാണെന്നും സുന്നികൾ നേതൃ രംഗത്ത് നിന്ന് തഴയപ്പെടുന്നുവെന്നും സാധാരണ സമസ്ത പ്രവർത്തകർക്ക് പരാതിയുണ്ട്. ലീഗിന്റെ വോട്ട് ബാങ്കും അവരുടെ ശക്തികേന്ദ്രങ്ങളിലെ ജനകീയ അടിത്തറയും പ്രധാനമായും സമസ്തയുടെ പ്രവര്‍ത്തകര്‍ തന്നെയാണതിൽ തർക്കമില്ല.
എന്നാൽ സമസ്ത അധ്യക്ഷനെ വിമർശിക്കുന്ന സലാമിനെപ്പോലുള്ള ലീഗ് നേതാക്കളോട് ക്ഷമിക്കാൻ സമസ്തക്കാർക്ക് കഴിയുകയുമില്ല. ഏറ്റവും ഒടുവിൽ ഉമർ ഫൈസി യുമായി ബന്ധപ്പെട്ട വിവാദവും സമസ്തയിലെ വിഷയങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അതേ സമയം സമസ്തയുമായി പഴയതുപോലെ ഭിന്നിച്ച് മുന്നോട്ടു പോകണ്ട എന്നാണ് കാന്തപുരം വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്നതും ശ്രദ്ധേയമാണ്. ഏതായാലും കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയുടെ വർത്തമാന കാല രാഷ്ട്രീയ നിലപാടുകളും നീക്കങ്ങളും ശ്രദ്ധയോടെ വീക്ഷിക്കുകയാണ് പൊതു സമൂഹം.