ചെന്നൈ: ചെന്നൈയിൽ രണ്ട് കുട്ടികൾക്കും കൊൽക്കത്തിയിൽ ഒരു കുട്ടിക്കും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി.
പനി ബാധിച്ചാണ് ഇവർ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കൊൽക്കത്തയിൽ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കർണാടകയിലും ഹൈദരബാദിലും കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, രാജ്യത്തെ എച്ച്എംപിവി വ്യാപനത്തിൽ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇൻഫ്ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള എച്ച്എംപിവി കേസുകളിൽ അസാധാരണമായ ഒരു വർധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കർണാടകയിലും ഗുജറാത്തിലുമായി ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിവിധ രാജ്യങ്ങളിൽ എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐസിഎംആറിന്റെയും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം നെറ്റ്വർക്കിന്റെയും നിലവിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ കേസുകൾ എന്നിവയിൽ അസാധാരണമായ ഒരു വർധനയും ഉണ്ടായിട്ടില്ല. കർണാടകയിൽ രോഗബാധിതരായ രണ്ടുപേർക്കും വിദേശ യാത്രാ ചരിത്രമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലഭ്യമായ എല്ലാ നിരീക്ഷണ മാർഗങ്ങളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വർഷം മുഴുവനും എച്ച്എംപിവി വ്യാപനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഐസിഎംആർ ട്രാക്ക് ചെയ്യുന്നത് തുടരും. ചൈനയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധന കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ആവശ്യമെങ്കിൽ പൊതുജനാരോഗ്യ ഇടപെടലുകൾ നടത്തുമെന്നും മന്ത്രാലയം പറഞ്ഞു.