ജെസ്‌ലോ ഇമ്മാനുവൽ ജോയ്
ദക്ഷിണ ചൈന കടൽ. തായ്വാൻ അടക്കം ഏഴോളം രാജ്യങ്ങൾ പങ്കിടുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു സമുദ്ര വാണിജ്യ മാർഗം. അതിൽ തന്നെയുള്ള പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങൾ; മാവോ സേതൂങ്ങിന്റെ വിപ്ലവ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയും, കമ്മ്യുണിസ്റ്റ്, ഇടത് പക്ഷ വൃത്തങ്ങളിൽ ഇപ്പോഴും വളരെ അധികം ആദരിക്കപ്പെടുന്ന മാർക്‌സിസ്റ്റ് തത്വ ചിന്തകനും വിപ്ലവ പോരാളിയുമായ ഹോ ചി മിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട വിയറ്റ്‌നാമും. എന്നാൽ ഈ സൗഹൃദം പ്രത്യ ശാസ്ത്രത്തിന്റെ കടലാസുകളിൽ മാത്രം ഒതുങ്ങിയപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലും ലോകം കണ്ടത് സിനോ വിയറ്റ്‌നാം യുദ്ധവും, മറ്റ് അതിക്രമങ്ങളും. പിന്നീട് വന്ന സമാധാന ചർച്ചകൾ, മറ്റ് അനുബന്ധ നീക്കങ്ങളും നയതന്ത്ര ബന്ധങ്ങളുടെ തരക്കേടില്ലാത്ത ശാന്തതയിലേക്ക് കൊണ്ടെത്തിച്ചു. വീണ്ടും സാഹചര്യങ്ങൾ വഷളാകുമ്പോൾ, നിശബ്ദ ശീത യുദ്ധത്തിൽ ചൈനയുടെ എതിരാളിയായ അമേരിക്ക, വിയറ്റ്‌നാമിനോട് കൂടുതൽ അടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അടുത്തിടെ സമാപിച്ച ജി 20 ഉച്ച കോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിയറ്റ്‌നാം സന്ദർശനവും നിലവിലുള്ള ചൈന – വിയറ്റ്നാം സാഹചര്യവും കൂടി ചേർത്ത് വായിക്കുമ്പോൾ ലോക രാഷ്ട്രീയ ഭൂപടത്തിൽ മാറ്റത്തിന്റെ സാധ്യതകൾ വീണ്ടും ചർച്ച വിഷയമാകുന്നു.
പോരാട്ട വീര്യത്തിന്റെ പേര് – വിയറ്റ്നാം
‘എന്നെ ഇരുപത് വർഷത്തോളം തടവിലിടാൻ നിങ്ങളുടെ സർക്കാർ അത്രയും കാലം നില നിൽക്കുമോ? ‘ സ്‌മൈൽ ഓഫ് വിക്ടറി എന്ന വിഖ്യാതമായ ചിത്രത്തിൽ വിയറ്റ്നാം യുദ്ധ സമയത്ത് നിറ പുഞ്ചിരിയോടെ തനിക്ക് വിധിച്ച ശിക്ഷ കേൾക്കുന്ന വോ തി താങ്ങ് എന്ന കമ്മ്യുണിസ്റ്റ് വനിതയുടെ വാക്കുകളാണിത്. ഈ പോരാട്ട വീര്യമാണ് വിയറ്റ്‌നാം എന്ന രാജ്യം. കഠിനമായ യുദ്ധങ്ങളും ആക്രമണങ്ങളും താണ്ടിയാണ് ഭൂപ്രകൃതിയുടെ ഭൂരിഭാഗവും ചെറു കുന്നുകളാലും മലകളാലും നിറയപ്പെട്ട ഈ രാഷ്ട്രം പരമാധികാരം ഉറപ്പിച്ചത്.
1857 – ലെ മെയ് മാസത്തിൽ ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെ തുരത്താനുള്ള ആദ്യ ശ്രമങ്ങൾക്ക് തുടങ്ങമിട്ടപ്പോൾ അതേ വർഷം ജൂലൈയിൽ ഫ്രഞ്ച് സാമ്രാജ്യം വിയറ്റ്‌നാമിനെ കീഴടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഒടുവിൽ 1880 കളുടെ അവസാനം അവർ അതിൽ വിജയിക്കുകയും ലാവോസ്, കംബോഡിയ, വിയറ്റ്‌നാം അടങ്ങുന്ന ഫ്രഞ്ച് ഇൻഡോ ചൈന എന്ന കോളനി രൂപം കൊള്ളുകയും ചെയ്തു.
പല കോളനി ഭരണങ്ങളിലേതിലും പോലെ ആധുനികവൽക്കരണത്തിന്റെ മറവിൽ ഫ്രഞ്ചുകാർ വിയറ്റ്‌നാമിലെ പ്രകൃതി വിഭവങ്ങളെ കൊള്ളയിട്ടും അവിടുത്തെ ജനങ്ങളെ അടിമകളാക്കിയും പോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത്, ഒരു സൈനീക അട്ടിമറിയിലൂടെ ജപ്പാൻ, ഫ്രഞ്ച് സാമ്രാജ്യത്തിൽ നിന്നും കോളനി ഭരണം പിടിച്ചെടുത്തു. ഇതേ സമയം കമ്മ്യുണിസ്റ്റ് പാർട്ടിയുടെയും അതിന്റെ നേതാവായ ഹോ ചിമിന്റെയും നേതൃത്വത്തിൽ വിയറ്റ് മിൻ എന്ന സ്വാതന്ത്യ പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ഉണ്ടായി.
തുടർന്ന് 1945 – ൽ അവർ നടത്തിയ ജനകീയ ഓഗസ്റ്റ് വിപ്ലവത്തിനും, തുടർന്ന് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പോരാട്ടങ്ങൾക്ക്, ജപ്പാനെ പ്രധാന ശത്രുവായി കണ്ട ചൈനയും അമേരിക്കയും വിയറ്റ് മിന്നിന് ആയുധങ്ങൾ കൊടുത്തും അല്ലാതെയും പിന്തുണച്ചു, ഒടുവിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഹിരോഷിമ – നാഗാസാക്കി ആണവ ആക്രമണങ്ങളിൽ തളർന്ന ജപ്പാൻ വിയറ്റ്‌നാം വിട്ട് കൊടുത്തു. തുടർന്ന് ഹോ ചി മിൻ സെപ്റ്റംബർ 2, 1945 – ന് , സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
എന്നാൽ ഫ്രഞ്ച് സാമ്രാജ്യത്തിന് തങ്ങളുടെ കോളനിയെ തിരിച്ച് പിടിക്കാൻ ഉള്ള മോഹം ഉദിച്ചു, ഫ്രഞ്ച് യൂണിയനിലേക്ക് സ്വതന്ത്ര വിയറ്റ്‌നാമിനെ ചേർക്കാൻ അവർ ശ്രമിച്ചു. എന്നാൽ ഹോ ചി മിൻ അതിനൊന്നും വഴങ്ങിയില്ല, തുടർന്ന് ഹൈഫോങ്ങിൽ വച്ച് 6000 വിയറ്റ്‌നാമുകാരെ ബോംബാക്രമണത്തിൽ കൊല ചെയ്തതിന്റെ ഫലമായി 1946 – ൽ ഒന്നാം ഇൻഡോ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടു. മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട ചൈന തങ്ങളുടെ സഹോദര കമ്മ്യൂണിസ്റ്റിനെ പിന്തുണച്ചു. ഒപ്പം സോവിയറ്റ് യൂണിയനും. ശീത യുദ്ധത്തിന്റെ തുടക്ക കാലം ആയത് കൊണ്ട് തന്നെ കമ്മ്യുണിസ്റ്റ് വിരുദ്ധത ബാധിച്ച അമേരിക്ക ഫ്രഞ്ച് പക്ഷം ചേർന്ന് അവർക്ക് സൈനീക സഹയാങ്ങൾ നൽകി പോന്നു. ഒടുവിൽ ഡിൻ ബിൻ ഫുയിലെ ഫ്രഞ്ച് സൈനീക പാളയം വിയറ്റ്‌നാം തകർത്തതോടെ വലിയ തിരിച്ചടി നേരിട്ട ഫ്രാൻസ് ചർച്ചകൾക്ക് തയാറായി. തുടർന്ന് 1954 – ൽ വന്ന പ്രശസ്തമായ ജനീവ അക്കോഡ്‌സിന്റെ ഭാഗമായി, ലാവോസും കംബോഡിയയും സ്വതന്ത്രമാകുകയും, വടക്ക് – തെക്ക് വിയറ്റ്‌നാമുകളായി രാജ്യം വിഭജിക്കാപെടുകയും ചെയ്തു.
വിയറ്റ്‌നാം യുദ്ധവും, ഇന്നത്തെ വിയറ്റ്‌നാമും
ഓഗസ്റ്റ് വിപ്ലവ കാലത്ത് തന്നെ ഫ്രഞ്ച് കൊളോണിയൽ പക്ഷം ചേർന്ന് പ്രവർത്തിച്ച പ്രദേശമായ തെക്കൻ വിയറ്റ്‌നാമിനെ, വിഭജനത്തിന് ശേഷം അമേരിക്കൻ പിന്തുണയോടെ എൻഗോ ഡിൻ ഡിയേം എന്ന തീവ്ര വലത് പക്ഷ പ്രധാന മന്ത്രി സൈഗോൺ തലസ്ഥാനമാക്കി ഭരിച്ചു പോന്നു. റോമൻ കത്തോലിക്ക വിശ്വാസിയായ അദ്ദേഹം അവിടുത്തെ ബുദ്ധ മതക്കാരോട് തീർത്തും വിവേചനപൂർവമായ സമീപനമാണ് കൈക്കൊണ്ടത്. ഈ കിരാത ഭരണത്തിന്റെ നേർ വിപരീതമായിരുന്നു ഹോ ചി മിൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വടക്കൻ വിയറ്റ്‌നാമിൽ. മതസ്വാതന്ത്ര്യവും സ്ഥിതി സമത്വവും ഉറപ്പ് വരുത്തി ഹനോയ് തലസ്ഥാനമാക്കി ഭരിച്ച ഹോ, ചൈനയുടെയും സോവിയറ്റ് യൂണിയനിന്റെയും സഹായത്തോടെ കൃത്യമായ വ്യവസായവൽക്കരണത്തിനും തുടക്കമിട്ടു.
രണ്ട് വിയറ്റ്‌നാമുകളുടെയും ഏകീകരണത്തിന് വേണ്ടി തെക്കൻ വിയറ്റ്‌നാമിലെ ഇടത് പക്ഷ പ്രസ്ഥാനമായ വിയറ്റ് കോങ് മുറവിളി കൂട്ടി സർക്കാരിനെതിരെ ഗെരില്ല യുദ്ധത്തിൽ ഏർപ്പെട്ടു. വടക്കൻ വിയറ്റ്‌നാമും അതിനെ പിന്തുണച്ചു. തങ്ങളുടെ പാവ ഭരണം നടക്കുന്ന തെക്കൻ വിയറ്റ്‌നാമിലെ സ്ഥിതി വിശേഷങ്ങൾ അത്ര പന്തിയല്ല എന്ന് കണ്ട അമേരിക്ക, സോവിയറ്റ് യൂണിയനും, ചൈനയും, വടക്കൻ വിയറ്റ്‌നാമും പിന്തുണച്ച വിയറ്റ് കൊങ്ങിനെതിരെ നീങ്ങി. ഇത് ചെന്നവസാനിച്ചത് 1955 മുതൽ 1975 വരെ ഏകദേശം ഇരുപത് വർഷത്തോളം നീണ്ടു നിന്ന രണ്ടാം ഇൻഡോ ചൈന യുദ്ധം അഥവ വിയറ്റ്‌നാം യുദ്ധത്തിലാണ്. ഒടുവിൽ ഏകദേശം 30 ലക്ഷം പേരുടെ ജീവൻ കവർന്ന യുദ്ധം അവസാനിച്ച് ജൂലൈ 2, 1976 – ന് വടക്ക് – തെക്ക് മേഖലകൾ ഏകീകരിച്ച് സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് വിയറ്റ്‌നാം രൂപീകരിക്കപ്പെട്ടു.
ഐക്യ വിയറ്റ്‌നാമിന്റെ ചരിത്രത്തിൽ അവർക്ക് നേരിടേണ്ടി വന്ന ആദ്യ യുദ്ധം തങ്ങളുടെ അയൽ രാജ്യമായ കംബോഡിയയുമായിട്ടായിരുന്നു, എന്നാൽ വിയറ്റ്‌നാം യുദ്ധ സമയത്ത് തന്നെ പ്രത്യയ ശാസ്ത്രപരമായി സോവിയറ്റ് യൂണിയനോട് ഇടഞ്ഞ ചൈനയക്ക് വിയറ്റ്‌നാമും സോവിയറ്റ് പക്ഷത്തേക്ക് അടുക്കുന്നതും, തങ്ങളുടെ പിന്തുണയോടെ ഉള്ള കമ്പോഡിയയിലെ പോൾ പോട്ട് ഭരണത്തെ എതിർക്കാൻ പോയതും ഒന്നും അത്ര രസിച്ചില്ല. അവർ സോവിയറ്റ് പക്ഷത്തെ തകർക്കാൻ അമേരിക്കയുമായി വരെ കൂട്ടുകൂടുക ഉണ്ടായി. ഈ അസ്വാരസ്യത്തിന്റെ പ്രതിഫലനമായിരുന്നു ഇരു രാജ്യങ്ങൾക്കും കടുത്ത സാമ്പത്തിക നഷ്ടവും , ആൾ നഷ്ടവും ഉണ്ടാക്കിയ 1979- ലെ ചൈന – വിയറ്റ്‌നാം യുദ്ധം. 1990 – ലെ കംബോഡിയയിൽ നിന്നുള്ള വിയറ്റ്‌നാമിന്റെ പിൻ വാങ്ങലും, 1991 – ലെ സോവിയറ്റ് യൂണിയനിന്റെ തകർച്ചയും യുദ്ധത്തിന് അറുതി വരുത്തി.
ആധുനിക കാലത്തെ വിയറ്റ്‌നാമും ചൈനയും
ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കവും ഇരുപത്തി ഒന്നാം നൂറ്റാണ്ടും കണ്ടത് നയതന്ത്രത്തിന്റെ സമാധാന കാലം. ഗൾഫ് ഓഫ് ടോൺകിനിലെ അവകാശ വാദങ്ങളും, ചൈന – വിയറ്റ്‌നാം അതിർത്തിയിലെ പ്രശ്‌നങ്ങളും എല്ലാം പരിഹരിച്ച നല്ല കാലം. അമേരിക്കയുമായും കൃത്യമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഈ കാലയളവിൽ വിയറ്റ്‌നാമിന് സാധിച്ചു. 2020 – ൽ വിയറ്റ്‌നാം തങ്ങളുടെ എഴുപത്തി അഞ്ചാം ദേശിയ ദിനം ആഘോഷിച്ചപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ക്ഷണിക്കുക ഉണ്ടായി. പലപ്പോഴായും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ചൈനയുമായുള്ള സാമ്പത്തിക – രാഷ്ട്രീയ സൗഹൃദമാണ് മുൻഗണന എന്ന് അന്നത്തെ പ്രസിഡന്റ് എൻഗ്വെൻ ഫു ത്രോങ്ങും ഓർമിപ്പിക്കുക ഉണ്ടായി.
ഇന്ന് ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് വിയറ്റ്‌നാം. ക്രൂഡ് ഓയിൽ മുതൽ ഓട്ടോമൊബൈൽ പാർട്സുകൾ വരെ അത് നീളുന്നു, പക്ഷേ ഇന്നും തർക്ക വിഷയമായി നില നിൽക്കുന്ന ഒന്നാണ് തെക്ക് ചൈന കടൽ മാർഗത്തിന് മേലുള്ള ആധിപത്യം. 1945 – ൽ ഇന്ന് കാണുന്ന ചൈന ഉണ്ടായത് മുതൽ അവിടുത്തെ ഭരണ കേന്ദ്രങ്ങളുടെ സ്വപ്നമാണ് ഏത് വിധേനയും തായ്‌വാനെ ചൈനയോട് കൂട്ടി ചേർക്കുക എന്നത്, ആ ലക്ഷ്യം മനസ്സിൽ കണ്ട് കൊണ്ടാണ് അവർ പലപ്പോഴായ് തെക്കൻ ചൈന കടലിന്റെ മുകളിൽ സർവാധിപത്യം സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തുന്നത് എന്ന് വേണം മനസിലാക്കാൻ.
പ്രസ്തുത കടൽ മാർഗത്തിൽ ഉള്ള എണ്ണ പാടങ്ങളുടെ പേരിലും , പ്രത്യേക പ്രദേശങ്ങൾക്ക് വേണ്ടിയും പലപ്പോഴായി മത്സ്യ ബോട്ടുകൾ ആക്രമിച്ചു, കോസ്റ്റ് ഗാർഡ് നൗകകളെ ലക്ഷ്യമിട്ടും ഇരു രാജ്യങ്ങൾ തമ്മിൽ ഉരസിയിട്ടുണ്ട്. ഈ സംഘർഷങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വർഷം മാർച്ചിൽ നടന്ന ഇരു രാജ്യങ്ങളുടെയും കപ്പലുകൾ തമ്മിൽ അപകടകരമായ രീതിയിൽ പിന്തുടരുകയും ഒടുവിൽ ചൈനീസ് കപ്പൽ വിയറ്റ്‌നാമിന്റെ സ്‌പെഷ്യൽ ഇകണോമിക് സോണിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തത്. ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുകയാണ് അമേരിക്ക.
ഇരുപതാം നൂറ്റാണ്ടിലെ ശീത യുദ്ധ കാലത്ത് സോവിയറ്റ് പക്ഷത്തിന്റെയും അമേരിക്കയുടെയും, സോവിയറ്റ് യൂണിയനോട് തെറ്റി പിരിഞ്ഞ് എതിർ ചേരിയിൽ എത്തിയ ചൈനയുടെയും ശക്തി പ്രകടനം നടത്തിയിരുന്ന പല രാജ്യങ്ങളിൽ ഒന്നായിരുന്നു വിയറ്റ്‌നാം. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ശീത യുദ്ധ സാഹചര്യം നിഷേധിക്കുമ്പോളും, ചൈനയും അമേരിക്കയും തമ്മിലുള്ള നിശബ്ദ ശീത യുദ്ധം പരസ്യമായ രഹസ്യമാണ്. ചൈനയുടെ തുടരെ ഉള്ള പ്രകോപനങ്ങളും, വിയറ്റ്‌നാമിന്റെ പ്രധാന ആയുധ പങ്കാളിയായ റഷ്യയുടെ മുകളിൽ ഉള്ള ഉപരോധവും നിലവിൽ കൊണ്ടെത്തിച്ചിരിക്കുന്നത്, ജി 20 സമ്മേളനങ്ങൾക്ക് ശേഷമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ വിയറ്റ്നാം സന്ദർശനത്തിലൂടെ രൂപപ്പെട്ട സങ്കീർണമായ ഒരു സമഗ്ര പങ്കാളിത്ത കരാറിലാണ്.
ഇതിലൂടെ അമേരിക്ക, ചൈനയ്ക്കും റഷ്യക്കും സമാനമായി വിയറ്റ്നാമിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാളാകുന്നു, മാത്രവുമല്ല സെമി കണ്ടക്ടർ ഉത്പാദനത്തിൽ ലോകത്തെ തന്നെ മികച്ച രാജ്യങ്ങളിൽ ഒന്നായ വിയറ്റ്നാമുമായി ഈ മേഖലയിൽ വമ്പൻ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പല അമേരിക്കൻ ടെക്ക് കമ്പനികളും തങ്ങളുടെ ബസുകൾ വിയറ്റ്നാമിൽ സ്ഥാപിക്കാൻ തുടങ്ങുന്നതും നമുക്ക് കാണാം. ഇത് വെറും ഒരു വാണിജ്യ വിജയമായല്ല അമേരിക്ക കരുതുന്നത്, ആദ്യം ജി 20 ഉച്ചകോടിയിൽ ചൈനയുടെ നേതൃത്വത്തിൽ ഉള്ള ബെൽറ്റ് ആൻഡ് റോഡ് വാണിജ്യ മാർഗ്ഗത്തെ തുരങ്കം വച്ച് കൊണ്ട് അതിന് ബദലായി യുഎഇ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ മുതലായ രാജ്യങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് അമേരിക്കയുടെ നേതൃത്വത്തിൽ ഉള്ള റെയിൽ – കടൽ വാണിജ്യ മാർഗത്തിന് രൂപം കൊടുക്കുകയും, പിന്നീട് വിയറ്റ്നാമുമായി ഇത്തരത്തിൽ ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ചൈനയുടെ പ്രദേശത്ത് ഒരു വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അമേരിക്ക. എന്തിരുന്നാലും വിയറ്റ്നാം വളരെ സൂക്ഷിച്ചാണ് അമേരിക്കയോട് അടുക്കുന്നത്, വാണിജ്യ ബന്ധം ഉറപ്പിക്കുമ്പോളും ആയുധ കച്ചവടത്തിനോട് അവർ അധികം ഉത്സാഹം കാണിക്കുന്നില്ല. അമേരിക്കയുടെ ആയുധ കച്ചവട തന്ത്രങ്ങളും പിന്നീടുള്ള അനാവശ്യ ഇടപെടലുകളും ലോകം പല തവണ കണ്ടിട്ടുള്ളതാണ്.
ഉപസംഹാരം
ഇന്ത്യയും അമേരിക്കയും തമ്മിൽ ഉള്ള ബന്ധങ്ങൾ ശക്തമാകുന്ന ഒരു വേളയാണിത്. എന്നാൽ വിയറ്റ്നാമിനെ പോലെ വാണിജ്യ ബന്ധങ്ങളിൽ ഏർപ്പെടുമ്പോളും, അമേരിക്കയുടെ മറ്റ് പല രാജ്യങ്ങളോടും കാണിച്ചിട്ടുള്ള അധിനിവേശ ശ്രമങ്ങൾ മുൻപിൽ കണ്ട് കൊണ്ട് വേണം മുൻപോട്ട് നീങ്ങാൻ. ലെനിന്റെ ഡിക്രീ ഓഫ് പീസിൽ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ വിദേശ നയത്തെ കുറിച്ച് കൃത്യമായ പറയുന്നുണ്ട് അതിൽ അദ്ദേഹം സൂചിപ്പിക്കുന്ന ഒന്നാണ് കമ്മ്യുണിസ്റ്റ് രാജ്യങ്ങളുമായുള്ള അധിനിവേശ രഹിത സഹവർത്തിത്വവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യണം, അതേ സമയം മുതലാളിത്വ രാജ്യങ്ങളുമായി സമാധാനപരമയ സഹവർത്തിത്വം നില നിർത്തുകയും വേണം എന്നത്. മുൻപ് സോവിയറ്റ് കാലത്ത് റിവിഷനിസം എന്ന് മുറവിളി കൂട്ടിയ ചൈന ഇന്ന് തങ്ങളുടെ സർവാധിപത്യ ചിന്താഗതി മൂലം ഇടതുപക്ഷ നയങ്ങളുള്ള ഒരു രാജ്യത്തോട് പോലും സഹവർത്തിത്വം പുലർത്താൻ സാധിക്കാതെ അവരെ മുതാളിത്വ കരങ്ങളിലേക്ക് എൽപ്പിച്ചിരിക്കുകയാണ്.