കൊച്ചി:രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്ന സാഹചര്യത്തിൽ യുവാക്കളേയും ജനാധിപത്യത്തെയും മോദി സർക്കാർ വെല്ലുവിളിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. മോദി ഗവൺമെൻ്റിൻ്റെ യുവജന വഞ്ചനയ്ക്ക് എതിരെയും യുവം 2023 എന്ന പേരിൽ കേരളത്തിലെ യുവാക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനുമെതിരെയും എഐവൈഎഫ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുന്നതും, അഭിസംബോധന ചെയ്യുന്നതും സ്വാഹതാർഹമാണ്. എന്നാൽ മുൻ കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളും തിരക്കഥയുമായി മോദി കേരളത്തിലെ യുവാക്കളെ സമീപിക്കുന്നത് പരിഹാസ്യമാണെന്നും സെലക്ടീവായ ബി.ജെ.പി അനുയായികൾ ചോദിക്കുന്ന ചോദ്യങ്ങൾ എങ്ങനെയാണ് രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങളിലുള്ള പ്രതിഫലനമാകുമെന്നതെന്നും അദ്ദേഹം ചോദിച്ചു.
കടുത്ത തൊഴിലില്ലായ്മയിൽ യുവതയെ വഞ്ചിക്കുന്ന മോദി സർക്കാരിൻ്റെ യുവജന വഞ്ചനയ്ക്ക് എതിരെ സ്റ്റോപ് മോഡി ബ്ലൻഡേഴ്സ് യൂത്ത് സെയ്സ് സേവ് ഇന്ത്യ എന്ന മുദാ വാക്യമുയർത്തിയാണ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. എറണാകുളം പബ്ലിക്ക് ലൈബ്രറിക്ക് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സി.എ ഫയാസ് ജില്ലാ സഹ ഭാരവാഹികളായ റോക്കി ജി ബിൻ, കെ.ആർ.പ്രതീഷ്, എന്നിവർ പ്രസംഗിച്ചു.പ്രതിക്ഷേധത്തിന് എ.ഐ.വൈ.എഫ് നേതാക്കളായ എൻ.യു.നാസർ, ജിഷ്ണു, ടി.കെ.ജയേഷ്, നിതിൻ കുര്യൻ, ആൻറണി തോംസൻ, ജെ.പി.അനൂപ്, എം.എ.സിറാജ്, ബിജോയ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.