ആസാദ് ആർ സുരേന്ദ്രൻ
എന്താണ് എമ്പുരാനെന്ന ചലച്ചിത്രം എന്ന് ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ ചോദിച്ചാൽ ‘മുരളി ഗോപി’ എന്ന എഴുത്തുകാരൻ രചിച്ച ഒരു രാഷ്ട്രീയം അതിന് ‘പൃഥ്വിരാജ്’ എന്ന സംവിധായകൻ ജീവൻ നൽകി എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. എമ്പുരാൻ പ്രദർശനം ആരംഭിച്ചത് മുതൽ സംഘപരിവാർ ചേരികളിൽ നിന്ന് നിലയ്ക്കാത്ത പ്രതിഷേധവും, അസഹിഷ്ണുതയും ആണ് ഉയരുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്…??
ഇന്ത്യയിൽ സംഘപരിവാർ നേതൃത്വം നൽകുന്ന ഒരു സർക്കാർ സംവിധാനം ഭരണം കയ്യാളുന്നു ഇന്ത്യയുടെ വൈവിധ്യവും, ബഹുസ്വരതയും സമാനതകൾ ഇല്ലാത്ത വിധം ചോദ്യം ചെയ്യപ്പെടുന്നു. “നാനാത്വത്തിൽ ഏകത്വം” എന്ന ഇന്ത്യൻ ദർശനം തകിടം മറിച്ചുകൊണ്ട് രാജ്യത്തെ ഒരു മത കേന്ദ്രീകൃത രാഷ്ട്രമാക്കി അവനിർമിക്കുന്നതിന് വേണ്ടിയുള്ള സങ്കുചിതമായ ശ്രമങ്ങൾ രാജ്യത്തിന്റെ അധികാര രഥചക്രം ചലിപ്പിക്കുന്ന ഭരണവർഗ്ഗത്തിന്റെ നേതൃത്വത്തിൽ തന്നെ രാജ്യത്തിൻ്റെ അങ്ങോളമിങ്ങോളം അരങ്ങ് തകർത്താടുന്നു.
ഇത്തരമൊരു തരുണത്തിൽ മോളിവുഡ് പോലെ താരതമ്യേന ചെറിയ ഒരു ഇൻഡസ്ട്രിയിൽ നിന്ന് ഇന്നോളം ഉള്ള സകല ചരിത്രങ്ങളും പഴങ്കഥയാക്കി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു അതിൽ ‘ ഗോപി’യെ പോലെ കൃത്യമായ അളന്നു തൂക്കത്തോട് കൂടി എഴുതുന്ന ഒരു എഴുത്തുകാരൻ ഒപ്പം ‘പൃഥ്വിരാജ് സുകുമാരൻ’ എന്ന വിട്ടുവീഴ്ചയ്ക്ക് വഴങ്ങാത്ത സർഗ്ഗസമ്പന്നനും, സാങ്കേതിക പണ്ഡിതനുമായ സംവിധായകൻ ഒപ്പം മലയാളത്തിൻ്റെ മെയ്‌വഴക്കത്തിൻ്റെ പര്യായം ‘മോഹൻലാൽ ‘എന്ന ബിഗ് ബ്രാൻഡും ഒന്നിക്കുന്ന ചിത്രം.

“ലൂസിഫർ” പോലെ ക്ലാസിക് സ്റ്റോറി ടെല്ലിങ് സ്റ്റൈലിൽ മാസ് മസാല എലമെൻ്റ്സ് മേമ്പൊടി ചേർത്ത് പൃഥ്വിരാജ് തീർത്ത രസതന്ത്രം നന്നായി ആസ്വദിച്ച മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ അതിൻ്റെ തുടർച്ചയായി എത്തുന്ന എമ്പുരാനിലേക്ക് വരുമ്പോഴും ചെറുതായിരുന്നില്ല. അത് സിനിമയ്ക്ക് ആദ്യദിനം ലഭിച്ച വമ്പിച്ച വരവേൽപ്പ് അടിവര ഇടുന്നുണ്ട്.അങ്ങനെ പ്രതീക്ഷകളുടെ അമിതഭാരം പേറി പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ കേന്ദ്ര പ്രമേയമായി അധികാരം തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള നിലവിലെ ഭരണവർഗ്ഗത്തിന് അകമ്പടി സേവിച്ച കലാപങ്ങൾ ആകുന്നു എന്നത് സിനിമാ വീണുകളെ വെല്ലുന്ന മാസ്സാണ് എന്ന് പറഞ്ഞാൽ സാഹചര്യം അറിയാവുന്നവർക്ക് അതിൽ അമിത അതിശയോക്തിയുടെ കലർപ്പില്ലെന്ന് മനസ്സിലാകും .
സിനിമയുടെ ആദ്യ അരമണിക്കൂറോളം സംസാരിക്കുന്നത് ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ തലതാഴ്ത്തി നിർത്തിച്ച 2002ൽ ഗുജറാത്തിൽ അരങ്ങേറിയ കലാപമാണ്. കേരളം എന്ന താരതമ്യേനെ സംഘപരിവാർ വിരുദ്ധത നിറഞ്ഞ ഒരു സമൂഹത്തിൻ്റെ ചെറിയ ക്യാൻവാസിനപ്പുറം സംഘപരിവാറിന് കൃത്യമായ വേരോട്ടമുള്ള ഉത്തരേന്ത്യൻ ഹിന്ദി ബെൽറ്റ് എന്ന വലിയ ക്യാൻവാസിലും ഈ സിനിമ പ്രദർശിപ്പിക്കേണ്ടി വരുമെന്ന തിരിച്ചറിവോടുകൂടി തന്നെയാണ് ഈ സിനിമ എടുത്തിരിക്കുന്നത് എന്നോർക്കുമ്പോൾ ഇതിൻ്റെ അണിയറ പ്രവർത്തകരുടെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കാതെ പോകാൻ കഴിയില്ല.
എന്താണ് ഗുജറാത്ത് കലാപം…??
സംഘപരിവാർ എന്നാൽ ഇന്ത്യയെന്ന് വായിക്കുന്ന മനുഷ്യരുടെ എണ്ണം അസമന്യമായി പെരുകുന്ന ഈ കാലത്ത് ഗുജറാത്ത് കലാപം പോലെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുക എന്നത് ഒരു രാഷ്ട്രീയ സമരം തന്നെയാണ്.’നരേന്ദ്രമോദി’ എന്ന ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി 2002 ൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഏതാനം ദിനരാത്രങ്ങൾ പിന്നിടുമ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഒരു സംഘം ആളുകൾ മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ‘ എക്സ്പ്രസി’ന്റെ എസ് ആർ കോച്ച് അഗ്നിക്ക് ഇരയാകുന്നത്.
15 സ്ത്രീകളും ,20 കുട്ടികളും, അടക്കം 28 പേര് ആ ധാരുണ സംഭവത്തിൽ വെന്തുമരിച്ചു. ഗോധ്ര ഒന്നിൻ്റെയും അവസാനമായിരുന്നില്ല വരാനിരിക്കുന്ന കലാപ പരമ്പരകളുടെ തുടക്കം മാത്രമായിരുന്നു. വർഗീയത ഗുജറാത്തിനെ ഇന്ത്യയുടെ ഭൂപടത്തിൽ ഒരു വിങ്ങലായി അടയാളപ്പെടുത്തിയ നാളുകൾ.’ ബസ്റ്റ് ബേക്കറിയും, നരോദ പാഠ്യയും, ഗുൽബർഗുമെല്ലാം ‘ഇന്ത്യ വേദനയോടെ ഇന്നും മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട അധ്യായങ്ങളാണ്.

ഏകദേശം ആയിരത്തോളം മനുഷ്യരെ കൊന്നുതള്ളിയ, നൂറുകണക്കിന് സ്ത്രീകളും, പെൺകുട്ടികളും നിർദയം പരസ്യമായ പീഡനത്തിന് വിധേയമാക്കപ്പെട്ട,’ഹിമ കൗസറെ’ന്ന നിറ ഗർഭിണിയെ കൂട്ട ബലാൽസംഗം ചെയ്തു വാളുകൊണ്ട് ഉദരം തുരന്ന് ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് ആ അമ്മയ്ക്കൊപ്പം തീ കൊളുത്തിയ, ‘ബിൽകിസ് ബാനു’വെന്ന അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ അതിക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കൺമുന്നിൽ വച്ച് മകളെ അടക്കം കുടുംബത്തിലെ 14 പേരെയും ചുട്ടുതള്ളിയ, പതിനായിരക്കണക്കിന് മുസ്ലീം അഭയാർത്ഥികളെ സൃഷ്ടിച്ച, അസംഖ്യം ക്രൂരതകളുടെ അഴിഞ്ഞാട്ടം.അതായിരുന്നു ഗുജറാത്ത് കലാപം.
‘ The week ‘- ൻ്റെ റിപ്പോർട്ട് പ്രകാരം 1700 ഓളം വീടുകളും 2000 ഓളം കച്ചവട സ്ഥാപനങ്ങളും ചുട്ടെരിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കലാപത്തിനുശേഷം മെഡിക്കൽ സംഘം നടത്തിയ തിരച്ചിലിൽ ഒരു വലിയ ശവക്കുഴി കണ്ടെത്തി 96 ശവശരീരങ്ങൾ അതിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് അവയിൽ 46ും സ്ത്രീകളുടേതായിരുന്നു സ്വകാര്യഭാഗങ്ങൾ മുറിച്ച നിലയിലാണ് പല മൃതശരീരങ്ങളും കണ്ടെത്തിയത്. മൂർച്ചയുള്ള വസ്തുക്കളാൽ ആഴ്ന്നിറങ്ങപ്പെട്ട മാറിടങ്ങൾ ,സിഗരറ്റ് കുറ്റികൾ കൊണ്ട് കുത്തി മുറിവേൽപ്പിച്ച സ്വകാര്യ ഭാഗങ്ങൾ. സ്വന്തം അമ്മയും, സഹോദരിയും,മകളുമെല്ലാം അലറി വിളിച്ചു നിൽക്കുന്ന ആയുധധാരികളായ ഒരു പുരുഷാരവത്തിന് മുന്നിൽ പ്രതികരണശേഷിയില്ലാതെ മരവിച്ച് നിൽക്കേണ്ടി വന്നത് നിരായുധരായി നിറകണ്ണുകളോടെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട അനേകം ഹതഭാഗ്യരായ മനുഷ്യർ .മനുഷ്യത്വരഹിതമായ നരനായാട്ട് എന്നല്ലാതെ ഇതിനെ എങ്ങനെ അടയാളപ്പെടുത്തും.
Genocide convention ൽ ഒരു ആക്രമണത്തെ വംശഹത്യയായി കണക്കാക്കാൻ പരാമർശിക്കുന്ന പ്രവർത്തനങ്ങൾ മുഴുവനും ഗുജറാത്തിൽ അന്ന് അരങ്ങേറിയിട്ടുണ്ട്. അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ‘ഹാരൻ പാണ്ഡ്യ’ തീപിടുത്തത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ‘ മോഡി ‘ ഒരു യോഗം വിളിച്ച് കൂട്ടിയെന്നും പോലീസിനോട് ഹിന്ദുക്കളുടെ തിരിച്ചടിയിൽ തടസ്സം നിൽക്കരുതെന്ന് പറഞ്ഞുവെന്ന് അന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ടവർ നിയമവിരുദ്ധതയ്ക്ക് ചൂട്ടുപിടിക്കുന്ന അസാധാരണ കാഴ്ച.

ഗുജറാത്ത് കലാപത്തിലെ മോഡിയുടെ പങ്കിനെ കുറിച്ച് സുപ്രീംകോടതിയിൽ മൊഴി നൽകിയ IPS ഉദ്യോഗസ്ഥൻ ‘സഞ്ജീവ് ഭട്ട് ‘പിന്നീട് പല കള്ളക്കേസുകളിൽ പ്രതിയാകുന്നതും അദ്ദേഹത്തിൻ്റെ ജോലി നഷ്ടമാകുന്നതും വിവിധതരത്തിൽ വേട്ടയാടപ്പെടുന്നതും ഒടുവിൽ ജീവപര്യന്തം ശിക്ഷിക്കപ്പെടാൻ വിധിക്കപ്പെട്ടതും ഇന്ത്യ ഇനിയും മറന്നിട്ടില്ലാത്ത ഇന്നലെയുടെ ചരിത്രമാണ്. തെഹൽക്കയുടെ Sting ഓപ്പറേഷനിലും ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ ‘ആശിഷ് ഖെയ്ത്ത’യുടെ അന്വേഷണത്തിലും കലാപത്തിൽ ഭരണകൂടത്തിന്റെ പങ്ക് തുറന്നു കാട്ടുന്ന ഹിന്ദുത്വ നേതാക്കളുടെ വീഡിയോ, ഓഡിയോ തെളിവുകൾ ഉണ്ടായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. 2008 ൽ പുറത്ത് വന്ന നാനാവതി കമ്മീഷൻ റിപ്പോർട്ടും ഗൂഢാലോചന സ്ഥിതീകരിച്ചു. 2009 വിചാരണ ആരംഭിച്ചു 94 പേരെ പ്രതികൾ ആക്കി വിചാരണ പൂർത്തിയാക്കി 31 പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതുവരെ വന്ന വാർത്തകൾ അനുസരിച്ച് എമ്പുരാനിൽ നിന്ന് 17 സീനുകളും ഒരു പ്രധാന കഥാപ്രവർത്തനത്തിന്റെ പേരിനും റീ സെൻസറിംഗിലൂടെ വെട്ടുവീഴും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എന്തുകൊണ്ടാണ് ആ കഥാപാത്രത്തിന്റെ പേര് തിരുത്തപ്പെടണം എന്ന് സംഘപരിവാർ കേന്ദ്രങ്ങൾ അലമുറയിടുന്നത് കാരണം അന്ന് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ബജരംഗ് ദൾ നേതാവിൻ്റെ പേര് ‘ബാബു ബജ്റംഗി’ എന്നായതുകൊണ്ട് തന്നെയാണ്.
ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപം അരങ്ങേറിയത് നരോദ പാഠ്യയിലാണ് 97 മനുഷ്യരുടെ ജീവൻ അപഹരിച്ച ആ കലാപത്തിലെ മുഖ്യപ്രതിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബാബു ബജരംഗി. എന്നാൽ 2014 ൽ ബിജെപി അധികാരത്തിൽ എത്തിയത് മുതൽ വിവിധ കാരണങ്ങൾ പറഞ്ഞ് അകത്തും, പുറത്തുമായി കഴിയുന്നു(നിലവിൽ പരോളിലാണ്). സമാനമായ കേസിൽ പ്രതിചേർക്കപ്പെട്ട ‘മായ കൊഡ്‌നാനി’ എന്ന ഗുജറാത്തിലെ മുൻ ബിജെപി മന്ത്രി ഗുജറാത്ത് കലാപ സെസിൽ 2012 ൽ കൊദ്‌നാനിയെ ഇരുപത്തിയെട്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും 2018 ൽ ഗുജറാത്ത് ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കി എന്നതും മറ്റൊരു ചരിത്രം.
നിലവിൽ കോൺഗ്രസുകാർ പോലും മറന്നു പോയ ഗുജറാത്തിലെ കലാപ മുഖരിതമായ അന്തരീക്ഷത്തിൽ നിന്ന് ജീവൻ രക്ഷാർത്ഥം പലായനം ചെയ്യപ്പെട്ട മനുഷ്യരെ സംരക്ഷിക്കാൻ തൻ്റെ വീട്ടിൽ അവസരം ഒരുക്കിയതിന്റെ പേരിൽ കലാപകാരികൾ അരും കൊലചെയ്ത ഗുജറാത്തിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.പി ‘എഹ്സാൻ ജഫ്രിയുടെ’ കരുതൽ കരങ്ങളുടെ അനാവരണവുമായി എമ്പുരാൻ അവതരിക്കുമ്പോൾ സംഘപരിവാറിന് എങ്ങനെ അതിനെ സ്വീകരിക്കാൻ കഴിയും.
എന്തിനാണ് ഇത്ര അസ്വസ്ഥത…?
സംഘപരിവാർ ലോബികളുടെ പ്രൊപ്പഗാണ്ടകൾക്ക് അനുസൃതമായി രചിക്കപ്പെട്ട “The accidental prime Minister, The vaccine war,JNU, Savarkar,The Kerala story, Kashmir files, Article 370, Narendra Modi “തുടങ്ങിയ ചലച്ചിത്രങ്ങളെയൊക്കെ കലാസൃഷ്ടികളായി അംഗീകരിക്കാൻ ആക്രോശിക്കുന്നവരിൽ നിന്ന് ഉയരുന്ന ഈ അസ്വസ്ഥത തന്നെയാണ് എമ്പുരാൻ എന്ന ചലച്ചിത്രത്തിൻ്റെ വിജയഭേരി.വിമർശനങ്ങളോടും വിമർശിക്കുന്നവരോടും അസഹിഷ്ണുത ഇനി 17 അല്ല 1700 വെട്ട് ആ സിനിമയ്ക്ക് നൽകിയാലും ചരിത്രവും, സത്യവും ഒരിക്കലും തിരുത്തപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം, ഉൾക്കൊള്ളണം.