ഒരിടവേളക്ക് ശേഷം കശ്മീർ വീണ്ടും സംഘർഷ ഭരിതമായിരിക്കുകയാണ്. ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ പഹൽ ഗാമിൽ കഴിഞ്ഞ ദിവസം ഭീകര വാദികൾ നടത്തിയ ആക്രമണത്തിൽ മുപ്പതോളം മനുഷ്യ ജീവിതങ്ങളാണ് പൊലിഞ്ഞു പോയത്.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ വേളയിൽ രൂപീകരിച്ച ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടി ആർ എഫ്)എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പറയപ്പെടുന്നു. കശ്മീർ യുവതയെ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും തള്ളി വിടുകയും പ്രദേശത്താകമാനം അരാജകത്വം സൃഷ്ടിക്കാൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധ്വംസക പ്രസ്ഥാനമാണ് ടി ആർ എഫ്.
കശ്മീർ ലഘു ചരിത്രം

1846 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മിൽ ഉണ്ടാക്കിയ അമൃത്സർ കരാർ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഗുലാബ് സിംഗ് കശ്മീർ താഴ്‌വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങുകയായിരുന്നു. ഇതോടെ ജമ്മുവും ലഡാക്കും ഉൾപ്പെടെയുള്ള ആ രാജ്യത്തിന്റെ അതിർത്തി കശ്മീരി ഭാഷ സംസാരിക്കുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കശ്മീർ താഴ്‌വര കൂടി ഉൾപ്പെട്ടതായി മാറി.
അങ്ങനെയാണ് ജമ്മു-കശ്മീർ ഉണ്ടാകുന്നത്.
1932 -ൽ ഷേഖ് മുഹമ്മദ് അബ്ദുള്ള ‘ഓൾ ജമ്മു ആന്റ് കശ്മീർ മുസ്ലീം കോൺഫറൻസ് ‘സ്ഥാപിക്കുകയും ഹരിസിംഗിന്റെ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. ഈ സംഘടന പിന്നീട് ‘നാഷണൽ കോൺഫറൻസ്’ ആയി പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി.
1932 -ൽ രാജാവ് നിയോഗിച്ച ഗ്ലാൻസി കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും മുസ്ലിങ്ങൾക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന റിപ്പോർട്ട് തുടർന്ന് രാജാവ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് നടപ്പിലാക്കാത്തതിനെ തുടർന്ന് പ്രതിഷേധ സമരങ്ങൾ അരങ്ങേറി.1934-ൽ നിയമസഭ ഉണ്ടാക്കിയെങ്കിലും രാജാവ് അതിനെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു.
1947ൽ ഇന്ത്യയും പാകിസ്ഥാനും വെവ്വേറെ രാജ്യങ്ങളായി സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ജമ്മുകശ്മീരിനെ സ്വയംഭരണ പ്രദേശമായി നിലനിർത്താനായിരുന്നു മഹാരാജ ഹരിസിംഗിന്റെ തീരുമാനം.

ഇന്ത്യൻ യൂണിയനൊപ്പം ചേരണമെന്ന നിലപാട് ചിലർ പ്രകടിപ്പിച്ചുവെങ്കിലും പ്രജകളിൽ വലിയൊരു വിഭാഗം പാക് അനുകൂല നിലപാടുള്ളവരായിരുന്നു എന്ന് കാണാൻ കഴിയും. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീർ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് വെടി വെക്കാൻ അന്ന് ഉത്തരവിട്ടു. ആയിരക്കണക്കിനാളുകൾ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. സമരത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചിൽ നിന്ന് ആയിരക്കണക്കിന് മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു.
അവരിൽ ധാരാളം പേർ ആയുധധാരികളായി തിരിച്ചുവന്നതിന് ശേഷം ഹിന്ദുക്കളെയും സിഖുകാരെയും കൊലപ്പെടുത്തുകയുണ്ടായി. ശേഷിച്ചവരിൽ 60,000 ലേറെ പേർ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയൽപ്രദേശങ്ങളായ മിർപൂറിലേക്കും മുസാഫറബാദിലേക്കും പടർന്നു കഴിഞ്ഞിരുന്നു.
അതിനിടെ ഒക്ടോബർ 24 ന് പുഞ്ചിലെ പ്രക്ഷോഭകാരികൾ ‘ആസാദ് കശ്മീർ’ എന്ന പേരിൽ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. ജമ്മുകശ്മീരിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതോടെ പ്രദേശത്തിന്റെ സംരക്ഷണത്തിനായി രാജാവ് ഇന്ത്യയുടെ സഹായം തേടുകയും രാജ്യത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യൻ പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഗവൺമെന്റ് ഹരിസിംഗിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ഇതിനെത്തുടർന്ന്, 1947 ഒക്ടോബർ 26 ന് ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കരാറിൽ ഹരിസിംഗും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. പ്രതിരോധം, ആശയവിനിമയം, കറൻസി, വിദേശകാര്യങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ അധികാരങ്ങളും കശ്മീർ അസംബ്ലിക്ക് നൽകിയ ആർട്ടിക്കിൾ 370 ന്റെ സമ്പൂർണ്ണ സ്വയംഭരണാധികാരത്തോടെ കശ്മീർ ഇന്ത്യയിലേക്ക് ലയിക്കും എന്നതായിരുന്നു അന്നത്തെ കരാർ.
പാകിസ്ഥാൻ ആക്രമണത്തിൽ ഇന്ത്യൻ സൈന്യം അവരെ പ്രതിരോധിച്ചെങ്കിലും കശ്മീരിന്റെ ചില ഭാഗങ്ങൾ പാകിസ്ഥാൻ കൈവശപ്പെടുത്തിയിരുന്നു. തുടർന്ന് സ്വന്തമായ ഭരണഘടന, ദേശീയ പതാക, ആഭ്യന്തര വിഷയങ്ങളിൽ സ്വയം ഭരണാധികാരം എന്നിവ അനുവദിച്ച് കൊണ്ട് ജമ്മുകശ്മീരിന് പ്രത്യേക പദവി ഇന്ത്യ അനുവദിച്ചു കൊടുക്കുകയായിരുന്നു.
തുടർന്ന് സംസ്ഥാനത്തിനു സ്വന്തമായി നിയമ നിർമാണ സഭയും മന്ത്രിസഭയും രൂപീകരിക്കുമെന്ന് നെഹ്‌റു പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായി ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലെത്തി. ഈ സർക്കാറുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ ഏതെല്ലാം എന്നതു സംബന്ധിച്ച് കരടു രൂപമായത്.

1954ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെക്കൊണ്ട് പ്രസിഡൻഷ്യൽ ഉത്തരവായി ഇവ പുറപ്പെടുവിപ്പിക്കുകയും 35 എ വകുപ്പിനു കീഴിൽ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒരു കൂട്ടം പ്രത്യേകാവകാശങ്ങൾക്കു കീഴിലുള്ള സംസ്ഥാനം എന്നാണ് 35 എ വകുപ്പിൽ ജമ്മുകശ്മീരിനെ നിർവചിക്കുന്നത്.
പൗരത്വം, വസ്തു ഉടമസ്ഥാവകാശം എന്നിവയായിരുന്നു ഇതിൽ പ്രധാനം. കശ്മീരിന് സ്വന്തമായി സിവിൽ, ക്രിമിനൽ നിയമ വ്യവസ്ഥകളും ഇതു പ്രകാരം നിലവിലുള്ളതായി കാണാൻ കഴിയും. 1965-ൽ കശ്മീരിന്റെ പ്രധാനമന്ത്രി പദവി മുഖ്യമന്ത്രിയായും സദർ-ഇ-രിയാസത്ത് ഗവർണറായും മാറ്റുകയുണ്ടായി. അതിനിടെ പാകിസ്ഥാൻ കൃത്യമായ ആസൂത്രണത്തോടെ കരുക്കൾ നീക്കുകയും തീവ്ര വാദത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണ കൂടത്തെ അട്ടിമറിക്കാൻ അൽ ഖ്വയ്ദ-താലിബാനെ വളർത്താനുള്ള അമേരിക്കൻ സാമ്രാജ്യത്വ നയവും ഇതേ സമയം പാക്കിസ്ഥാന് കരുത്തേകി.
1980-കളുടെ അവസാനത്തിൽ, തീവ്രവാദികൾ കടുത്ത ഇന്ത്യാ വിരുദ്ധതയിലേക്ക് മാറുകയും മഖ്ബുൽ ഭട്ടിനെ തൂക്കിലേറ്റിയ സംഭവം നിരവധി യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. അതിനിടെ ഹിസ്ബുൾ മുജാഹിദ്ദീൻ കൂടുതൽ പ്രബലമായിത്തീരുകയും അധികം വൈകാതെ പാകിസ്ഥാൻ അനുകൂലവും കടുത്ത ഇന്ത്യൻ വിരുദ്ധവുമായ പ്രവർത്തനങ്ങളിലേക്ക് അവർ നീങ്ങുകയും ചെയ്യുകയായിരുന്നു.

കശ്മീരിലെ പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം ആർട്ടിക്കിൾ 370 ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബിജെപി സർക്കാർ
പാർലമെന്ററി മര്യാദകളെയാകെമാനം കാറ്റിൽ പറത്തിക്കൊണ്ട് ഭരണഘടനയുടെ 370–ാം വകുപ്പും 35 എ വകുപ്പും റദ്ദ് ചെയ്യുകയും ആ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത് സ്ഥിതി ഗതികൾ വീണ്ടും സങ്കീർണ്ണമാക്കുകയാണ് ചെയ്തത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ, ഭീകരാക്രമണങ്ങളിൽ സൈനികർക്കും സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർദ്ധിക്കുകയാണ് ചെയ്തത് എന്നാണ് പഹൽ ഗാമിലെ ഭീകരാക്രമണമടക്കം തെളിയിക്കുന്നത്.
2019 ആഗസ്ത് മുതൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ഥിതിഗതികൾ മാറ്റമില്ലാതെ തന്നെ തുടരുകയാണ് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശത്തുനടന്ന ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിൽ പട്ടാളക്കാരടക്കം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
ജമ്മുകാശ്മീരിലെ ജനതയെ സംരക്ഷിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും പരാജയവും തന്നെയാണിത് കാണിക്കുന്നത്.
വർഗീയ ധ്രുവീകരണത്തിലൂടെയുള്ള സങ്കുചിത രാഷ്ട്രീയ ലക്ഷ്യമല്ലാതെ ബിജെപി ഭരണത്തിൽ രാജ്യ സുരക്ഷ എന്നത് കേവല പ്രഹസനം മാത്രമാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.