Friday, November 22, 2024
spot_imgspot_img
HomeOpinionഎന്താണ് ഏകീകൃത സിവില്‍ കോഡ്?, പ്രതിപക്ഷത്തിന്റെ നിലപാട് എങ്ങനെ?, ബിജെപിയുടെ ഏറ്റവും ദുഷിച്ച കുതന്ത്രം

എന്താണ് ഏകീകൃത സിവില്‍ കോഡ്?, പ്രതിപക്ഷത്തിന്റെ നിലപാട് എങ്ങനെ?, ബിജെപിയുടെ ഏറ്റവും ദുഷിച്ച കുതന്ത്രം

2014ല്‍ തെരഞ്ഞെടുപ്പ് നേരിടുന്ന സമയം മുതല്‍ ബിജെപിയും നരേന്ദ്ര മോദിയും ഉയര്‍ത്തുന്ന അവകാശവാദമാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യൂണിഫോം സിവില്‍ കോഡ്) നടപ്പാക്കണം എന്നത്. രണ്ടാം ടേമില്‍ അധികാരത്തിലെത്തിയിട്ടും ഏകീകൃത സിവില്‍ കോഡ് എന്ന സംഘപരിവാര്‍ ആശയം നടപ്പിലാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ചില നേതാക്കള്‍ മുറയ്ക്ക് ഏകീകൃത സിവില്‍ കോഡിന് വേണ്ടി രംഗത്തുവന്നെങ്കിലും മോദിക്ക് ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ വെച്ച് നടന്ന ബിജെപി റാലിയില്‍, മോദി ഏകീകൃത സിവില്‍ കോഡ് എന്ന സംഘപരിവാറിന്റെ എക്കാലത്തേയും വലിയ തെരഞ്ഞെടുപ്പ് ആയുധങ്ങളില്‍ ഒന്ന് വീണ്ടും പുറത്തെടുത്തു. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍, ഓപ്പോസിഷന്‍ ബ്ലോക്കിനെ ദുര്‍ബലമാക്കാനുള്ള നീക്കം കൂടിയാണ് ഈ ചര്‍ച്ചയാക്കല്‍.

എന്താണ് ഏകീകൃത സിവില്‍ കോഡ്?

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം. ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിര്‍വഹണത്തിലും നിയമ നിര്‍മാണത്തിലും ഭരണകൂടങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളാണ് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ വിധി ന്യായങ്ങളിലും നിരീക്ഷണങ്ങളിലും ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് സുപ്രീംകോടതി പലവട്ടം രംഗത്തുവന്നിട്ടുണ്ട് എന്നതും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നവര്‍ ആയുധമാക്കുന്നു. പ്രത്യക്ഷത്തില്‍ ഒറ്റനോട്ടത്തില്‍ പൗരന്‍മാര്‍ക്ക് തുല്യാവകാശം നല്‍കുന്നതാണ് എന്ന് തോന്നുമെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന സംവരണ അവകാശങ്ങളെ അപ്പാടെ തകര്‍ക്കാന്‍ കഴിയുന്ന നടപടിയാണ് ഏകീകൃത സിവില്‍ കോഡ്.

2016 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. 2018 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.നിലവില്‍ വിഷയം 22 ാം നിയമ കമ്മീഷന്റെ പരിഗണനയില്‍ ആണ്.

ന്യൂനപക്ഷ വംശഹത്യയുടെ പാരമ്പര്യമുള്ള സംഘപരിവാര്‍, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ കോഡ് എന്ന ആശയവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് മതേതര ചേരി ആരോപിക്കുന്നു.

ഏകീകൃത സിവില്‍ കോഡും പ്രതിപക്ഷവും

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കൃത്യമായി നിലപാടുള്ള പ്രതിപക്ഷ സംഘടനകള്‍ ഇടത് പാര്‍ട്ടികളാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുത് എന്നാണ് സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം ലീഗും ഏകീകൃത സിവില്‍ കോഡിന് എതിരെ ശക്തമായി വാദിക്കുന്ന പാര്‍ട്ടിയാണ്. മുസ്ലിം ലീഗ് നിലപാടിനൊപ്പം കോണ്‍ഗ്രസ് നിന്നാല്‍, ഹിന്ദുത്വ ഏകീകരണം കൂടുതല്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ബിജെപിയുടെ വര്‍ഗീയ തലച്ചോറിന് നല്ലതുപോലെ അറിയാം എന്നതാണ് വസ്തുത.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ എഎപി ഇതിനോടകം തന്നെ മോദിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി കഴിഞ്ഞു. പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ പ്രധാനമായി രംഗത്തുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും സിവില്‍ കോഡ് വിഷയത്തില്‍ കൃത്യമായ നിലപാടുള്ളവരല്ല. ഇതെല്ലാം കൊണ്ടുതന്നെ ഓപ്പോസിഷന്‍ ബ്ലോക്കില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുന്ന വജ്രായുധമായാണ് ബിജെപി ഏകീകൃത സിവില്‍ കോഡിനെ കാണുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares