ആമ്പല്ലൂർ: അറുപത് കിലോമീറ്റർ ചുറ്റളവിൽ രണ്ട് ടോൾ പ്ലാസകളിലെ ചുങ്കപിരിവ് അനുവദനീയമല്ല എന്ന കേന്ദ്ര നിയമം നടപ്പിലാക്കാൻ മോദി ഇച്ഛാശക്തി കാണിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച ടോൾ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ പുതുക്കാട് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച സമരത്തിൽ ദേശീയ പാതയിലെ കുഴികൾ മൂലമുണ്ടാകുന്ന അപകട മരണങ്ങളും, സിഗ്നൽ തകരാറും, സബ് വേ റോഡുകളുടെ പൂർണതയില്ലായ്മയും, വഴിവിളക്കുകൾ കത്താത്തതും, ഡ്രയ്നേജുകളിലെ നിർമ്മാണത്തിലെ അപാകതകളും ഡെപ്യൂട്ടി കളക്ടർ കെ എം പരീത്, മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി, എൻഎച്ച്എഐ പ്രാജക്റ്റ് ഡയറക്റ്റർ ബിബിൻ മധു, ജിഐപിഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശങ്കരൻ, സീനിയർ മാനേജർ ശ്യം എന്നിവരുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ്റെ നേതൃത്വത്തിൽ പ്രസാദ് പാറേരി, ബിനോയ് ഷബീർ, വി എസ് പ്രിൻസ്, വി കെ വിനീഷ്, കനിഷ്കൻ വല്ലൂർ, പി കെ ശേഖരൻ, സി യു പ്രിയൻ, വി എസ് ജോഷി എന്നിവർ നടത്തിയ ചർച്ചയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾ രണ്ട് ദിവസത്തിനുള്ളിൽ കോൾഡ് മിക്സ് ഉപയോഗിച്ച് കുഴികൾ അടച്ച് പൂർത്തീകരിക്കുമെന്നും നിലവിൽ റോഡിലെ കുഴികളും നിർമ്മാണത്തിലെ അപാകതകൾ എൻഎച്ച്എഐ ഡയറക്റ്ററുടെ നേതൃത്വത്തിൽ പരിശോധന നടത്തി 217 കോടി രൂപ പിഴ ഈടാക്കിട്ടുള്ളതാണ്. ഇനി മുതൽ കമ്പനിയുടെ നിർമ്മാണത്തിന് ശേഷം ഉണ്ടാകുന്ന കുഴികൾക്ക് പതിനായിരം രൂപ വീതം പിഴ ഈടാക്കും എന്ന് എൻഎച്ച്എഐ ഡയറക്ടർ ഉറപ്പു നൽകി.
റൂട്ട് പെട്രോളിങ്ങ് നടത്തും ഒരു ദിവസം രണ്ട് തവണ വാഹന പരിശോദന നടത്തും. ജിഐപിഎൽ കമ്പനിയുടെ നാളിതുവരെയുള്ള വീഴ്ചകൾ ഉള്ളതിനാൽ സെപ്റ്റംബർ പതിനഞ്ച് മുതൽ ഇകെകെ എന്ന പുതിയ കരാർ കമ്പനിയ്ക്ക് ടെന്റർ നൽകിയിട്ടുണ്ട്. ഈ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയായിരിക്കും എൻഎച്ച്എഐ ഈ തീരുമാനങ്ങൾ നടപ്പിലാക്കുക എന്ന് ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡണ്ട് അർജ്ജുൻ മുരളീധരൻ പി വി വിവേക് , ടി വി വിപിൻ, സാജൻമുടങ്ങാടൻ, മഹേഷ് കുമരനെല്ലൂർ എന്നിവർ നേതൃത്വം നൽകി.